ആറ് പതിറ്റാണ്ടിലധികം നീണ്ട പാര്‍ട്ടി ബന്ധം അവസാനിപ്പിക്കാന്‍ മുതിർന്ന നേതാവ് ജി. സുധാകരൻ. സി.പി.എം അംഗത്വം പുതുക്കില്ലെന്നും നേതാക്കളെ ബുദ്ധിമുട്ടിച്ച് പാർട്ടിയിൽ തുടരാനില്ലെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെയും ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസറിന്റെയും ഭാഗത്തുനിന്നുണ്ടാകുന്ന തുടർച്ചയായ അവഗണനയും പരിഹാസവുമാണ് തന്നെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചതെന്ന് സുധാകരൻ സൂചിപ്പിച്ചു.
തിരഞ്ഞെടുപ്പ് സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് എം.വി. ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ സ്വീകരിച്ച പരിഹാസ രൂപേണയുള്ള നിലപാടാണ് സുധാകരനെ ചൊടിപ്പിച്ചത്. പ്രായപരിധിയുടെ പേരിൽ സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവാക്കിയ ശേഷം കഴിഞ്ഞ അഞ്ചുവർഷമായി തന്നെ പാർട്ടി പരിപാടികളിൽ നിന്ന് മാറ്റിനിർത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു. അഴിമതി രഹിത പ്രതിച്ഛായയുള്ള തന്നോട് കാണിക്കുന്നത് ക്രൂരമായ അനീതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആലപ്പുഴയിൽ മന്ത്രി സജി ചെറിയാനും ജില്ലാ സെക്രട്ടറി ആർ. നാസറും ചേർന്ന് തന്നെ ബോധപൂർവം ഒതുക്കുകയാണെന്ന വികാരം സുധാകരൻ പലപ്പോഴും പ്രകടിപ്പിച്ചിരുന്നു. പാർട്ടിക്കുള്ളിൽ നിന്ന് തന്നെ നേരിടേണ്ടി വന്ന സൈബർ ആക്രമണങ്ങളിൽ നേതൃത്വം മൗനം പാലിച്ചതും അദ്ദേഹത്തെ വല്ലാതെ വേദനിപ്പിച്ചു. എം.എ. ബേബിയേക്കാൾ പാർട്ടി സീനിയോറിറ്റിയുള്ള തന്നെ ഒരു ബ്രാഞ്ച് അംഗം എന്ന നിലയിൽ പോലും പരിഗണിക്കുന്നില്ലെന്ന് അദ്ദേഹം പരിതപിക്കുന്നു.
ജി. സുധാകരന്റെ നിലപാടിന് പിന്തുണയുമായി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. സുധാകരന് വലിയ ഹൃദയവേദനയാണ് പാർട്ടി നൽകിയതെന്നും അദ്ദേഹം അർഹിക്കുന്ന പരിഗണന സി.പി.എം നൽകേണ്ടതായിരുന്നു എന്നും എം. ലിജു പറഞ്ഞു. സി.പി.ഐ.എമ്മിൽ നിന്ന് ഇനിയും കൊഴിഞ്ഞുപോക്കുണ്ടാകുമെന്നും നേതൃത്വത്തോടുള്ള എതിർപ്പാണ് സുധാകരന്റെ വാക്കുകളിൽ നിഴലിക്കുന്നതെന്നും കെ. മുരളീധരൻ എം.പി പ്രതികരിച്ചു.
നിലവിൽ കാലിന് പരുക്കേറ്റ് വിശ്രമത്തിലായതിനാൽ നേരിട്ടുള്ള പ്രതികരണത്തിന് സുധാകരൻ തയ്യാറായിട്ടില്ല. എന്നാൽ വരും ദിവസങ്ങളിൽ വാർത്താസമ്മേളനം നടത്തി എല്ലാ കാര്യങ്ങളും തുറന്നുപറയുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.