sai-kumar-bindu-panikkar-new

അന്തരിച്ച കലാഭവൻ നവാസിനെ അവസാനമായി കാണാനെത്തിയ സായ്കുമാറിനൊപ്പം സെൽഫി എടുക്കാനെത്തിയ ആളെ പിന്തിരിപ്പിച്ച് താരം.  നീ ഒരു തവണ എടുത്തതല്ലേ സെൽഫി, ഇനി മതി എന്ന് സായ്കുമാർ ശാന്തമായി പറയുകയായിരുന്നു. അത് കേട്ട ശേഷവും സെൽഫി എടുക്കാനെത്തിയ ആൾ  വീണ്ടും ഫോട്ടോ എടുക്കാനായി തുനിയുന്നതും, ആരോ പിടിച്ചു മാറ്റുന്നതുമായ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

താരം സഹപ്രവർത്തകന്റെ വിയോ​ഗ വാർത്ത അറിഞ്ഞെത്തിയതാണെന്ന ബോധം പോലുമില്ലാത്ത തരത്തിലാണ് സെൽഫി എടുക്കാനെത്തിയയാൾ പെരുമാറുന്നത്. സന്ദർഭം മനസ്സിലാക്കാത്ത സെൽഫി ഭ്രാന്തന്മാർക്ക് ഇത് കിട്ടണമെന്ന തരത്തിലാണ് സോഷ്യല്‍ മീഡിയയിലെ കമന്‍റുകള്‍.

മറ്റൊരാളുടെ ദുഃഖത്തിൽ പങ്കുചേരാൻ പോകുന്ന സ്ഥലമാണ് മരണവീട്. അവിടെ പാലിക്കേണ്ട മര്യാദകളെക്കുറിച്ച് ഒരു മടിയുമില്ലാതെ പലരും മറക്കുന്നു. സെൽഫി എടുക്കാനും റീൽസ് ചെയ്യാനും ഓടുന്ന ആൾക്കൂട്ടം മനുഷ്യത്വമില്ലാത്തവരാണോ എന്ന് തോന്നിപ്പോകുമെന്നാണ് മറ്റൊരു കമന്‍റ്. 

സമാന സംഭവം ഇതാദ്യമായല്ല ഉണ്ടാവുന്നത്. എംടിയുടെ ഭൗതിക ശരീരം കാണാനെത്തിയ നടന്‍ സിദ്ദിഖിന് പിന്നാലെ നടന്ന് സെല്‍ഫി ചോദിച്ചയാളുടെ വിഡിയോയും മുമ്പ് പ്രചരിച്ചിരുന്നു. സായ്കുമാര്‍ ഇപ്പോള്‍ ചെയ്തത് പോലെ അന്ന് സിദ്ദിഖും സെല്‍ഫി എടുക്കുന്നത് തടഞ്ഞിരുന്നു. സിദ്ദിഖ് തിടുക്കത്തില്‍ നടന്നു പോകുന്നതിനിടെ, പിന്നാലെ കൂടിയ യുവാവ് മൊബൈല്‍ ക്യാമറ ഓണാക്കി സെല്‍ഫിക്ക് പോസ് ചെയ്യാന്‍ പറയുമ്പോഴാണ് സിദ്ദിഖ് അയാളെ തിരുത്തിയത്.

ഉചിതമല്ലാത്ത സന്ദര്‍ഭത്തില്‍, സെല്‍ഫി എടുക്കാന്‍ വന്ന യുവാവിനോട് സിദ്ദിഖ് എന്താണ് പറഞ്ഞതെന്ന് വിഡിയോയില്‍ വ്യക്തമല്ലെങ്കിലും, താരത്തിന്‍റെ മുഖത്ത് അതൃപ്തി പ്രകടമായിരുന്നു. 

ഈ യുവാവ് പിന്നാലെ വരുന്നതിന് മുമ്പ് മറ്റൊരാളും സിദ്ദിഖിന്‍റെ അടുത്തെത്തി സെല്‍ഫി ചോദിച്ചിരുന്നു. അപ്പോഴും അദ്ദേഹം പ്രതികരിക്കാതെ വേഗത്തില്‍ നടന്നു പോവുകയായിരുന്നു. അതിന് പിന്നാലെയാണ് ഇത് കണ്ട ഈ യുവാവ് പിന്നാലെയെത്തി സെല്‍ഫി എടുക്കാനായി ശ്രമിച്ചത്. 

ENGLISH SUMMARY:

Sai Kumar Declines Fan’s Selfie Request While Visiting Kalabhavan Navas