കണ്ണൂരിലെ പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞ മന്ത്രി വീണാ ജോര്‍ജിനൊപ്പമുള്ള നഴ്സുമാരുടെ സെല്‍ഫി വ്യാപക വിമര്‍ശനമായിരിക്കെ വിശദീകരണക്കുറിപ്പുമായി നഴ്സ് പി.സി സ്മിത. മന്ത്രിയുടെ മാനസിക വിഷമം മാറ്റാനാണ് തങ്ങള്‍ മന്ത്രിക്കൊപ്പം സെല്‍ഫിയെടുത്തതെന്ന് ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു. മന്ത്രി വലിയ മാനസിക വേദനയിലായിരുന്നു, കുറഞ്ഞ മണിക്കൂറിനുള്ളില്‍ ഞങ്ങളുമായി വലിയ അടുപ്പമുണ്ടായി, അതിനാലാണ് ഫോട്ടോ എടുത്തതെന്നും നഴ്സ് പറയുന്നു. തന്നോട് ദയ കാണിക്കണമെന്നും ക്രൂരത ചെയ്യരുതെന്നും നഴ്സ് കുറിപ്പില്‍ ആവശ്യപ്പെടുന്നു. Also Read: 'രോഗികളുടെ ബെഡില്‍ കയറി കിടന്ന് പ്രഹസനം, മന്ത്രിയുടെ ഫോട്ടോഷൂട്ട്'; ആരോപണവുമായി കെഎസ്‍യു.
ഐസിയുവില്‍ മൂന്ന് നഴ്സുമാര്‍ക്കൊപ്പം ചിരിച്ചുള്ള മന്ത്രിയുടെ സെല്‍ഫിയായിരുന്നു വലിയ വിമര്‍ശനത്തിന് വഴിവച്ചത്. ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലുള്ള മന്ത്രി ഫോട്ടോഷൂട്ട് നടത്തുകയാണെന്നായിരുന്നു കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറി ഫര്‍ഹാന്‍ മുണ്ടേരി ഫെയ്സ്ബുക്കില്‍ കുറിച്ചത്. സാധാരണക്കാരായ രോഗികൾക്ക് ഐ.സി.യുവിൽ ബെഡ് കിട്ടാതെ വലയുന്ന സാഹചര്യത്തിൽ മന്ത്രി ഐ.സി.യു സംവിധാനം ദുരുപയോഗം ചെയ്യുകയാണെന്നും ഫര്‍ഹാന്‍ ആരോപിച്ചിരുന്നു.
ഐസിയുവില്‍ പാലിക്കേണ്ട മര്യാദകളോ നിയമങ്ങളോ പാലിക്കുന്നില്ലെന്നും ഫോട്ടോ എടുക്കുന്നത് അനുവദനീയമല്ലാതിരുന്നിട്ടും സിപിഎം അനുകൂല സ്റ്റാഫുകളുടെ കൂടെ മന്ത്രി ഫോട്ടോഷൂട്ട് നടത്തുകയാണെന്നും പോസ്റ്റില്‍ ആരോപിച്ചു. ഇത്തരത്തിൽ മന്ത്രിമാർക്ക് പ്രഹസനം തീർക്കാൻ വേണ്ടിയുള്ളതാണോ ഗവ. മെഡിക്കൽ കോളേജ് ഐ.സി.യുകളും ആശുപത്രികളും എന്നും ഫര്‍ഹാന്‍ കുറിപ്പില്‍ ചോദിച്ചു.
കൈക്ക് ഒരു സൂചി പോലും ഇടാതെ, ബിപി യുടെ കഫ് കെട്ടാതെ, മോണിറ്റർ സംവിധാനം വെക്കാതെ, നാലഞ്ച് സ്റ്റാഫുകളെ തനിക്ക് വേണ്ടി മാത്രം നിയോഗിച്ചിരിക്കുകയാണെന്നും കെഎസ്‌യു ആരോപിച്ചു. അതേസമയം മന്ത്രിയെ പരിയാരത്ത് നിന്നും ഡിസ്ചാര്‍ജ് ചെയ്ത് റോഡുമാര്‍ഗം തിരുവനന്തപുരത്തേക്ക് കൊണ്ടുപോവുകയാണ്.നില കൂടുതല്‍ മെച്ചപ്പെട്ട സാഹചര്യത്തിലാണ് നടപടി. ഇന്നലെ രാത്രി ഓൺലൈനായി മെഡിക്കൽ ബോർഡ് യോഗം ചേരുകയായിരുന്നു. നില കൂടുതൽ മെച്ചപ്പെട്ടു എന്ന് മെഡിക്കൽ ബോർഡ് വിലയിരുത്തി. ഡിസ്ചാർജ് മന്ത്രി ആവശ്യപ്പെടുകയും ചെയ്തിരുന്നു. തിരുവനന്തപുരത്ത് മെഡിക്കല്‍ കോളജില്‍ ചികിത്സ തുടരുമെന്നാണ് റിപ്പോര്‍ട്ട്.