Image: Akhil Marar, Facebook

Image: Akhil Marar, Facebook

കേരളത്തില്‍ പുതുതായി അധികാരത്തില്‍ എത്തിയ സര്‍ക്കാറിന് ഒരു മാസത്തെ സമയമെങ്കിലും നല്‍കണമെന്ന് അഖില്‍ മാരാരുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. കഴിഞ്ഞ ദിവസമാണ് യുഡിഎഫ് പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്ത കെഎസ്ആര്‍ടിസി സൗജന്യ യാത്ര നടപ്പാക്കിയില്ലെന്ന് കാണിച്ച് മഹിളാ മോര്‍ച്ച പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സമരം സംഘടിപ്പിച്ചത്. ഒട്ടും ലോജിക്കില്ലാത്ത അനാവശ്യമായ സമരമെന്ന് പല കോണുകളില്‍ നിന്നും വിമര്‍ശനം ഉയരുന്നതിനിടെയാണ് എന്‍ഡിഎയുടെ ഭാഗമായി തിരഞ്ഞെടുപ്പില്‍ മത്സരിച്ച ട്വന്റി20 സ്ഥാനാര്‍ഥി കൂടിയായ അഖില്‍ മാരാരുടെ പോസ്റ്റ് ശ്രദ്ധിക്കപ്പെടുന്നത്.

സമരം എന്നത് കേവലം ഒരു ഷോ ആയി മാറിയാൽ രാഷ്ട്രീയ പാർട്ടികളും നേതാക്കളും സമൂഹത്തിൽ വിഡ്ഢികൾ ആയി മാറുമെന്നും കേരളത്തിൽ പുതുതായി അധികാരത്തിൽ എത്തിയ സർക്കാരിന് ഒരു മാസത്തെ കൂളിങ് പിരീഡ് എങ്കിലും പ്രതിപക്ഷം ആദ്യം നൽകണമെന്നുമാണ് അഖില്‍ പറയുന്നത്. ജനങ്ങൾക്ക് വേണ്ടി തീരുമാനം എടുക്കാനും മുൻ സർക്കാരുകൾ തീറ്റി പോറ്റിയ ഉദ്യോഗസ്ഥരിൽ ജനകീയ തീരുമാനങ്ങൾക്ക് ഒപ്പം നിൽക്കുന്നവരെ കണ്ടെത്താനും മറ്റും മാന്യമായ സമയം നൽകുക, ഈ സർക്കാർ ഞങ്ങളെ ചതിക്കുകയാണെന്ന് ജനങ്ങൾ പറയുമ്പോൾ അവർക്ക് വേണ്ടി ശബ്ദിക്കുന്നതാണ് ജനകീയ സമരമെന്നും അല്ലാതെ കാവൽ മുഖ്യമന്ത്രി ആയി പിണറായി തുടരുമ്പോൾ മന്ത്രിസഭ രൂപീകരണം പോലും നടക്കാതെ ഈ കാണിക്കുന്ന കോപ്രായങ്ങൾക്ക് സമരം എന്ന് പറഞ്ഞു സമരങ്ങളുടെ വില കളയാതിരിക്കണമെന്നുമാണ് സ്വന്തം രാഷ്ട്രീയ പക്ഷത്തെ തന്നെ വിമര്‍ശിച്ചുകൊണ്ട് അഖില്‍ മാരാര്‍ കുറിച്ചത്.

ഭരണ പക്ഷത്തേക്കാൾ ജനങ്ങൾക്കൊപ്പം നിൽക്കേണ്ട പ്രതിപക്ഷം കൂടുതൽ ഉത്തരവാദിത്ത ബോധത്തോടെ പ്രതികരിക്കണം എന്നാഗ്രഹിച്ചു പോവുകയാണെന്നും കുറിപ്പില്‍ പറയുന്നു. ഇതേ അഭിപ്രായം തന്നെയാണ് യുദ്ധം മൂലം ലോകത്തുണ്ടായ സാമ്പത്തിക പ്രതിസന്ധികൾ തിരിച്ചറിയാതെ കേന്ദ്രം എടുക്കുന്ന നടപടികളെ എതിർക്കുന്നവരും ചെയ്യുന്നതെന്നും കുറിപ്പില്‍ ചേര്‍ക്കുന്നു. നരേന്ദ്ര മോദിജിയുടെ ഭരണം സൃഷ്ടിച്ച പ്രതിസന്ധിയല്ല, മറിച്ചു നമുക്ക് പരിഹരിക്കാൻ കഴിയാത്ത പ്രതിസന്ധികൾ ആണ് ഇത്തരം തീരുമാനങ്ങൾക്ക് പിന്നിലെന്നു തിരിച്ചറിയാൻ ഉള്ള ബോധമെങ്കിലും വേണമെന്നും അഖില്‍ മാരാര്‍ പറയുന്നു.

അതേസമയം അഖില്‍ മാരാരെ താങ്ങിനടന്നവര്‍ തന്നെയാണ് സമരം ചെയ്തതെന്ന് ഇവനാരെങ്കിലും പറഞ്ഞ് കൊടുക്കുമോ എന്നുള്‍പ്പെടെയുള്ള കമന്റുകളാണ് പോസ്റ്റിനു താഴെ കാണുന്നത്.

 

New Kerala Government Needs Time, Says Akhil Marar:

Akhil Marar's Facebook post urging a one-month cooling-off period for the newly formed Kerala government before protests begin. He criticizes current protests as illogical and detrimental to the value of genuine public demonstrations.