രാജി പിന്‍വലിക്കാന്‍ ആര്.ശ്രീലേഖ പാര്‍ട്ടിക്കുമുന്നില്‍ ഉപാധികളൊന്നും വച്ചിട്ടില്ലെന്ന് നേതൃത്വം. തിരുവനന്തപുരം കോര്പറേഷന് കൗണ്‍സിലര്‍ പദവിയില്‍ നിന്നുള്ള രാജിക്കത്ത് ശ്രീലേഖ പിന്‍വലിച്ചത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും ബിജെപി സംസ്ഥാന സെക്രട്ടറി എസ്.സുരേഷ് മനോരമ ന്യൂസിനോട് പറഞ്ഞു. പദവികൾ ആവശ്യപ്പെട്ടോ പാർട്ടിയെ സമ്മർദ്ദത്തിലാക്കുന്നതോ ആയ നടപടികളൊന്നും ശ്രീലേഖയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. അവര്‍ അച്ചടക്കമുള്ള സംഘടനാ പ്രവർത്തകയാണെന്നും ശാരീരിക അസ്വസ്ഥതകൾ മൂലം ജനങ്ങളുടെ ആവശ്യങ്ങൾക്ക് ഓടിയെത്താൻ കഴിയാത്തതിലെ മനോവിഷമമാണ് രാജി പോസ്റ്റ് ഇടാൻ കാരണമായതെന്നും എസ്.സുരേഷ് പറഞ്ഞു. ബിജെപി നേതൃത്വത്തിന്റെ നിർദേശപ്രകാരം സുരേഷ് ഇന്നലെ ശ്രീലേഖയെ ആശുപത്രിയിലെത്തി സന്ദർശിച്ച് അനുനയനീക്കം നടത്തിയിരുന്നു. തുടര്‍ന്ന് രാജി പോസ്റ്റ് ശ്രീലേഖ പിൻവലിച്ചു.
ഒടുവില്‍ വഴങ്ങി
തിരുവനന്തപുരം കോര്പറേഷന് കൗണ്‍സിലര്‍ സ്ഥാനം രാജിവച്ചെന്ന് ബിജെപി വാട്സാപ് ഗ്രൂപ്പിലാണ് ആര്.ശ്രീലേഖ ആദ്യം സന്ദേശമിട്ടത്. പാര്‍ട്ടി നേതാക്കള്‍ നടത്തിയ ചര്‍ച്ചകള്‍ക്കുപിന്നാലെ ഈ മെസേജ് ഡീലീറ്റ് ചെയ്തു. ഉന്നത പദവികളിലേയ്ക്ക് പരിഗണിക്കുമെന്ന് ബിജെപി നേതൃത്വം ഉറപ്പു നല്‍കിയതോടെയാണ് പിന്മാറ്റം. ശ്രീലേഖ ചികില്‍സയിലാണെന്നും കൗണ്‍സിലറുടെ ചുമതലകള്‍ നിര്‍വഹിക്കാന്‍ കഴിയില്ലെന്ന ആശങ്ക പങ്കുവയ്ക്കുകയാണ് ചെയ്തതെന്നും ബിജെപി നേതൃത്വം വിശദീകരിച്ചു. Also read: ഒടുവില്‍ വഴങ്ങി; ആര്.ശ്രീലേഖ ബി.ജെ.പി വാട്സാപ്പ് ഗ്രൂപ്പിലെ രാജിസന്ദേശം പിന്‍വലിച്ചു
കോര്പറേഷന് ഭരണത്തെ ത്രിശങ്കുവിലാക്കി സംസ്ഥാന ബിജെപി നേതൃത്വത്തെ ഞെട്ടിച്ച നീക്കത്തില്‍ നിന്നാണ് ശ്രീലേഖ പിന്‍വാങ്ങിയത്. കടുത്ത നപടികളിലേയ്ക്ക് പോകില്ലെന്ന് മുതിര്‍ന്ന നേതാക്കള്‍ക്ക് അവര്‍ ഉറപ്പുനല്‍കി. രാജി പ്രഖ്യാപനം സമ്മര്‍ദ്ദ തന്ത്രമായിരുന്നെന്നാണ് വിലയിരുത്തല്‍. മേയര്‍ സ്ഥാനം നല്കാത്തതുമുതല് ദേശീയ വനിതാ കമ്മിഷന് അധ്യക്ഷയാക്കാമെന്ന വാഗ്ദാനം പാലിക്കാത്തതുവരെ നീണ്ട അവഗണനയാണ് ശ്രീലേഖയെ അറ്റകൈ പ്രയോഗത്തിന് പ്രേരിപ്പിച്ചത്.
കഴിഞ്ഞമാസം മുപ്പതിന് തന്നെ രാജി വിവരം പാര്‍ട്ടി നേതൃത്വം അറിഞ്ഞെങ്കിലും മറുപടി നീക്കങ്ങള്‍ ശ്രീലേഖയ്ക്ക് തൃപ്തികരമാകാതിരുന്നതോടെയാണ് വാട്സാപ്പ് ഗ്രൂപ്പില്‍ രാജി സന്ദേശമിട്ട് അവര്‍ നിലപാട് കടുപ്പിച്ചത്. പിന്നാലെ സംസ്ഥാനപ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ തന്നെ ശ്രീലേഖയെ അനുനയിപ്പിക്കാനിറങ്ങി. പ്രതിസന്ധി ഒഴിഞ്ഞെന്ന സൂചന ആദ്യം നല്‍കിയത് മേയര്‍ വി.വി.രാജേഷ് ആയിരുന്നു.
തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്ന ശ്രീലേഖയെ സന്ദര്‍ശിക്കുന്ന ചിത്രങ്ങള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് സുരേഷ് സമൂഹമാധ്യമത്തില്‍ പങ്കുവച്ചു. ശ്രീലേഖ പാര്‍ട്ടിയുമായി വിലപേശല്‍ നടത്തിയെന്നത് മാധ്യമസൃഷ്ടിയെന്നും എസ് സുരേഷ് കുറിച്ചു. പിന്നാലെ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും അതേ ചിത്രം പങ്കിട്ട് , ജനസേവനത്തിലേയ്ക്ക് എത്രയും വേഗം തിരികെയെത്താന്‍ ആശംസ നേര്‍ന്നു. ഇതോടെ ശ്രീലേഖയ്ക്കും പാര്‍ട്ടിക്കുമിടയിലെ ഭിന്നതകള്‍ പറഞ്ഞു തീര്‍ത്തെന്ന് വ്യക്തമായി.
ഉന്നത ഐപി എസ് ഉദ്യോഗസ്ഥയുടെ പേരും പെരുമയുമായി ബിജെപിയുടെ മേയര്‍ മുഖമായി തിരുവനന്തപുരം കോര്‍പറേഷനില്‍ മത്സരത്തിനിറങ്ങിയ, ഒടുവില്‍ കൗണ്‍സിലറായി മാത്രം ഒതുങ്ങിയ ആര് ശ്രീലേഖയെ ഇനി ഏത് പദവിയിലേയ്ക്ക് പാര്‍ട്ടി ഉയര്‍ത്തുമെന്നാണ് ആകാക്ഷ.