r-sreelekha

File image

തിരുവനന്തപുരം കോര്‍പറേഷന്‍ കൗണ്‍സിലര്‍  സ്ഥാനത്ത് നിന്നുളള രാജിസന്ദേശം ആര്‍.ശ്രീലേഖ പിന്‍വലിച്ചു.  ബി.ജെ.പി വാട്സാപ്പ് ഗ്രൂപ്പില്‍ നിന്നാണ് സന്ദേശം പിന്‍വലിച്ചത്. നേതാക്കളുടെ അനുനയശ്രമത്തിനൊടുവിലായിരുന്നു നീക്കം. ഉന്നത പദവികളിലേയ്ക്ക് പരിഗണിക്കുമെന്ന ഉറപ്പ്  ബിജെപി നേതൃത്വം നല്കിയതോടെയാണ് പിന്മാറ്റം. ചികില്‍സയിലുളള ശ്രീലേഖ ജനപ്രതിനിധി എന്ന നിലയിലുളള ചുമതലകള്‍ നിര്‍വഹിക്കാന്‍ കഴിയില്ലെന്ന ആശങ്കയാണ് പാര്‍ട്ടിയുമായി പങ്കുവച്ചതെന്നും രാജിവച്ചിട്ടില്ലെന്നും  നേതൃത്വം വിശദീകരിച്ചു.

 

സംസ്ഥാന ബിജെപി ‍ നേതൃത്വത്തെ ഞെട്ടിച്ച കോര്‍പറേഷന്‍ ഭരണത്തെ ത്രിശങ്കുവിലാക്കിയ രാജിപ്രഖ്യാപനത്തില്‍ നിന്നാണ് ഒടുവില്‍ ശ്രീലേഖ പിന്‍വാങ്ങുന്നത്. മുതിര്‍ന്ന നേതാക്കള്‍  നടത്തിയ സമവായ നീക്കങ്ങള്‍ക്കൊടുവിലാണ് കടുത്ത നപടികളിലേയ്ക്ക് പോകില്ലെന്ന ഉറപ്പ് ശ്രീലേഖ നേതൃത്വത്തിന് നല്‍കിയത്. രാജി പ്രഖ്യാപനം സമ്മര്‍ദ്ദ തന്ത്രമായിരുന്നെന്നാണ് വിലയിരുത്തല്‍. മേയര്‍ സ്ഥാനം നല്കാത്തതുമുതല്‍ ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷയാക്കാമെന്ന വാഗ്ദാനം പാലിക്കാത്തതുവരെ നീണ്ട അവഗനയാണ് ശ്രീലേഖയെ അറ്റകൈ പ്രയോഗത്തിന് പ്രേരിപ്പിച്ചത്. 30 ന് തന്നെ  രാജി വിവരം  പാര്‍ട്ടി നേതൃത്വം അറിഞ്ഞെങ്കിലും മറുപടി നീക്കങ്ങള്‍  ശ്രീലേഖയ്ക്ക് തൃപ്തികരമാകാതിരുന്നതോടെയാണ് വാട്സാപ്പ് ഗ്രൂപ്പില്‍ രാജി സന്ദേശമിട്ട് അവര്‍ ഒരു ചുവടു കൂടി മുമ്പോട്ട് വച്ചത്. പിന്നാലെ രാജീവ് ചന്ദ്രശേഖര്‍ തന്നെ ശ്രീലേഖയെ അനുനയിപ്പിക്കാനിറങ്ങി. പ്രതിസന്ധി ഒഴിഞ്ഞെന്ന സൂചന ആദ്യം നല്കിയത്  മേയര്‍ തന്നെയായിരുന്നു. 

 

Also read: ‘ആ വെള്ളം വാങ്ങിവച്ചോളൂ 5 വർഷമല്ല, തുടർന്നും ബിജെപി തന്നെ ഭരിക്കും’; ആശുപത്രിയിലെത്തി കണ്ട് നേതാക്കൾ
​

പിന്നാലെ ആശുപത്രിയില്‍ കഴിയുന്ന ശ്രീലേഖയെ സന്ദര്‍ശിക്കുന്ന ചിത്രങ്ങള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് സുരേഷ് സമൂഹമാധ്യമത്തില്‍ പങ്കുവച്ചു. ശ്രീലേഖ പാര്‍ട്ടിയുമായി  വിലപേശല്‍ നടത്തിയെന്നത് മാധ്യമസൃഷ്ടിയെന്നും എസ് സുരേഷ് കുറിച്ചു. പിന്നാലെ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും അതേ ചിത്രം പങ്കിട്ട് ,  ജനസേവനത്തിലേയ്ക്ക് എത്രയും വേഗം  തിരികെയെത്താന്‍ ആശംസ നേര്‍ന്നു. ഇതോടെ ശ്രീലേഖയ്ക്കും പാര്‍ട്ടിക്കുമിടയിലെ ഭിന്നതകള്‍ പറഞ്ഞു തീര്‍ത്തെന്ന് വ്യക്തമായി. 

​

ഉന്നത ഐപി എസ് ഉദ്യോഗസ്ഥയുടെ പേരും പെരുമയുമായി ബിജെപിയുടെ മേയര്‍ മുഖമായി തിരുവനന്തപുരം കോര്‍പറേഷനില്‍ മത്സരത്തിനിറങ്ങിയ, ഒടുവില്‍ കൗണ്‍സിലറായി മാത്രം ഒതുങ്ങിയ  ആര്‍ ശ്രീലേഖയെ ഇനി ഏത് പദവിയിലേയ്ക്ക് പാര്‍ട്ടി ഉയര്‍ത്തുമെന്നാണ് ആകാക്ഷ. 

ENGLISH SUMMARY:

R. Sreellekha has withdrawn her resignation message from the BJP WhatsApp group after assurances from party leadership regarding higher positions. This move comes after extensive negotiations and resolves the political impasse concerning her position as a Thiruvananthapuram Corporation councilor.