Image: facebook.com/meenakshiactressofficial
ആനപ്രേമികളുടെ പ്രിയങ്കരനായ പല്ലാട്ട് ബ്രഹ്മദത്തൻ ഇടിമിന്നലേറ്റ് ചരിഞ്ഞ വാര്‍ത്ത വലിയ നടുക്കമാണ് നാട്ടുകാരിലും ആനപ്രേമികളും സൃഷ്ടിച്ചത്. പലരും തങ്ങളുടെ സമൂഹമാധ്യമങ്ങളില്‍ ബ്രഹ്മദത്തനുമായുള്ള ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയും ഗജവീരന്റെ അപ്രതീക്ഷിത വേർപാടില്‍ നടുക്കം രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്. അത്തരത്തില്‍ നടിയും അവതാരകയുമായ മീനാക്ഷി അനൂപ് പങ്കുവച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ബ്രഹ്മദത്തന്റെ വേർപാട് ഹൃദയം തകർക്കുന്ന ഒന്നാണെന്ന് താരം കുറിച്ചു.
പല്ലാട്ട് കുടുംബവുമായുള്ള സൗഹൃദത്തെ തുടർന്നാണ് മീനാക്ഷി മുൻപൊരിക്കൽ പല്ലാട്ട് തറവാട്ടിലെത്തുന്നത്. സിനിമകളിലേതുപോലെ മനോഹരമായ ആ തറവാട്ടുമുറ്റത്ത് കെട്ടിയിടാതെ നിൽക്കുന്ന ഗംഭീരനായ ബ്രഹ്മദത്തനെ കണ്ടപ്പോൾ ആദ്യം ലേശം ഭയം തോന്നിയിരുന്നുവെന്ന് മീനാക്ഷി ഓർക്കുന്നു. എന്നാൽ കുടുംബാംഗത്തെപ്പോലെ സ്നേഹത്തോടെ അവനെ പരിചരിച്ച പല്ലാട്ട് മനോജ് അങ്കിൾ തന്റെ കൈപിടിച്ച് ആനയുടെ അരികിലേക്ക് കൊണ്ടുപോവുകയായിരുന്നു.
‘ആന എന്നാൽ എന്റെ മനസ്സിൽ എപ്പോഴും എത്തുന്ന രൂപം ബ്രഹ്മദത്തന്റേതാണ്. ശാന്തനായ ഒരാട്ടിൻകുട്ടിയെപ്പോലെയായിരുന്നു അവൻ. ചെല്ലുമ്പോൾ കെട്ടിയിടാതെ നിൽക്കുന്നതു കണ്ട് എന്താണ് കെട്ടാത്തത് എന്ന് ചോദിച്ചപ്പോൾ ആൾ ഇവിടുത്തെ ഒരു അംഗം തന്നെയാണ് എന്നായിരുന്നു മനോജ് അങ്കിളിന്റെ മറുപടി’ മീനാക്ഷി കുറിച്ചു. കുറച്ചു സമയം കൊണ്ട് തന്നെ പേടി മാറിയെന്നും ആനയുടെ കൊമ്പിൽ തൊടാനും പിടിച്ച് നടക്കാനും തുടങ്ങിയെന്നും താരം പറഞ്ഞു. ആന ഇണങ്ങില്ല, മെരുങ്ങുകയാണ് എന്ന പൊതുധാരണയെപ്പോലും സംശയത്തിലാക്കുന്നതായിരുന്നു ബ്രഹ്മദത്തന്റെ ശാന്ത സ്വഭാവവും പെരുമാറ്റവുമെന്ന് മീനാക്ഷി കൂട്ടിച്ചേർത്തു.
സ്വന്തം കുടുംബത്തിലെ ഒരംഗത്തെപ്പോലെ ബ്രഹ്മദത്തനെ സ്നേഹിച്ച പല്ലാട്ട് കുടുംബത്തിന് ഈ വിയോഗം താങ്ങാനാകുന്നതിലും അപ്പുറമാണെന്ന് മീനാക്ഷി കുറിച്ചു. ഒരിക്കലും മറക്കാനാവാത്ത, വലിയൊരു സങ്കടമായി ഈ വേർപാട് മനസ്സിൽ ഉണ്ടാകുമെന്നും ഹൃദയപൂർവ്വം ബ്രഹ്മദത്തന് താന്‍ വിട നൽകുന്നുവെന്നും പറഞ്ഞാണ് മീനാക്ഷി പോസ്റ്റ് അവസാനിപ്പിക്കുന്നത്. ആനപ്രേമികൾക്കും പല്ലാട്ട് കുടുംബത്തിനും ഒരുപോലെ പ്രിയങ്കരനായിരുന്ന ബ്രഹ്മദത്തന്റെ വേർപാടിൽ നിരവധി ആളുകളാണ് സോഷ്യൽ മീഡിയയിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നത്. ‘പല്ലാട്ടെ കുട്ടി’ എന്നാണ് സ്നേഹത്തോടെ ആളുകള്‍ ബ്രഹ്മദത്തനെ വിളിക്കുന്നത്.
മീനാക്ഷിയുടെ പോസ്റ്റിന്‍റെ പൂര്‍ണരൂുപം: ‘പല്ലാട്ട് ബ്രഹ്മദത്തനും... ഞാനും... പല്ലാട്ട് ബ്രഹ്മദത്തൻ എന്ന ആന ഇടിമിന്നലേറ്റ് ചരിഞ്ഞു... സത്യത്തിൽ ഈ വാർത്ത ഒരു വെള്ളിടിയേറ്റ പോലെ എന്നെയും തളർത്തുന്നു. ആന എന്നാൽ എനിക്കെപ്പോഴും മനസ്സിലെത്തുക ഈ ആനയാണ്. അതും ഒരദ്ഭുതമായി ശാന്തനായ ഒരു അട്ടിൻകുട്ടിയെപ്പോലെ. പല്ലാട്ട് ഫാമിലിയുമായി ഒരടുപ്പം മുന്നേയുണ്ടായിരുന്നു അങ്ങനെയാണ് ഒരു ദിവസം പല്ലാട്ട് വീട്ടിലെത്തുന്നത്. നല്ല ഭംഗിയുള്ള തറവാട്, സിനിമയിലും മറ്റും കാണുന്ന പോലെ ഒന്ന്. അവിടെയുള്ളവര്‍ ഏറെ നല്ലവരും. സ്നേഹത്തോടെ പെരുമാറുന്നവരും. ഒരാളുമില്ല അങ്ങനെയല്ലാതെ.
ALSO READ: ഇടിമിന്നലേറ്റ് പല്ലാട്ട് ബ്രഹ്‌മദത്തന്‍ ചരിഞ്ഞു; ആനപ്രേമികളുടെ ഇഷ്ടപ്പെട്ട ഗജവീരന്‍ ...
ചെല്ലുമ്പോൾ മുറ്റത്തിന്‍റെ ഒരറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ. കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല. ‘ഇതെന്താ കെട്ടാത്തത്?’ എന്‍റെ ചോദ്യം... ‘ആള് ഇവിടുത്തെ ഒരംഗം തന്നെയാ’ എനിക്ക് ലേശം പേടിയുണ്ടായിരുന്നു അടുത്ത് ചെല്ലാൻ. അവിടുത്തെ മനോജ് അങ്കിൾ സ്നേഹത്തോടെ എന്‍റെ കൈ പിടിച്ച് അവന്‍റെ അടുത്ത് എത്തിച്ചു. ‘നമ്മുടെ ആളാ കേട്ടോ’ന്ന് സ്നേഹത്തോടെ പറഞ്ഞു. അവര് തമ്മിൽ വർത്തമാനം പറയുന്നത് കാണാൻ തന്നെ എന്തൊരു ശേല്. ഈ പറയുന്നതൊക്കെ ആൾക്ക് മനസ്സിലാവുന്നുണ്ടോ? ‘ഉറപ്പായും മീനാക്ഷിക്കുട്ടീന്ന്’ മനോജ് അങ്കിളും.
കുറച്ച് നേരം കൊണ്ട് എന്‍റെ പേടിയൊക്കെ മാറി.. (ഞാനിപ്പോഴും വിചാരിക്കുന്നത് ബ്രഹ്മദത്തൻ ആ വീട്ടിലായത് എത്രയോ നന്നായി, അല്ലെങ്കിൽ അവനെ ആരെങ്കിലും അടിക്കുകയാ മറ്റോ ചെയ്താലോ) ഞാനവനെ തൊട്ടു. കൊമ്പിൽ പിടിച്ചു. ഇത്തിരി പോന്ന എന്‍റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവനെന്‍റെ പിന്നാലെ ആ വലിയ തൊടിയിലൊക്കെ നടന്നു. ഇന്നത്തെ എന്‍റെ അറിവിൽ ആന ഇണങ്ങില്ല മറിച്ച് മെരുങ്ങുകയാണ്. ഇപ്പോഴും അതങ്ങനെയാണോ എന്നെന്നെ സംശയിപ്പിക്കുന്നു. ഇപ്പോൾ ഇതെഴുതുമ്പോൾ ആ ആന ഇനിയില്ല എന്ന സത്യം ഒരിക്കലും മറക്കാത്ത ഒരു സങ്കടമായി എന്നും ഉണ്ടാവും എന്നതും ഉറപ്പ്. സ്നേഹമുള്ള ഏറെ നല്ലവരായ ആ വീട്ടുകാർ ഇതെങ്ങനെ സഹിക്കും എന്നെനിക്ക് ചിന്തിക്കാനേ കഴിയുന്നില്ല. എന്തോ സങ്കടമേറുകയാണ് നിർത്തട്ടെ, ഹൃദയപൂർവ്വം ബ്രഹ്മദത്തന് എന്നേയ്ക്കും വിട...’