ആരാധന മൂത്ത് കൈയില്‍ പിടിച്ച കുട്ടി ആരാധകരോട് ചൂടായി രോഹിത് ശര്‍മ. ഞായറാഴ്ച മുംബൈയില്‍ വച്ചായിരുന്നു സംഭവം. കാറിലിരുന്ന് രോഹിത് കുട്ടികള്‍ക്ക് നേരെ കൈ വീശിക്കാണിക്കുന്നതും ഒന്ന് രണ്ട് പേര്‍ക്ക് കൈ കൊടുക്കുന്നതും കാണാം. പിന്നാലെ കൂടുതല്‍ കുട്ടികള്‍ ഓടിയെത്തുകയും താരത്തിന്‍റെ കയ്യില്‍ കടന്ന് പിടിച്ച ശേഷം സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുകയുമായിരുന്നു.
നീങ്ങിത്തുടങ്ങിയ കാറിനൊപ്പമാണ് കുട്ടികളും രോഹിതിന്‍റെ കൈ പിടിച്ച് സെല്‍ഫിക്ക് ശ്രമിച്ചത്. ഇതോടെ താരം ദേഷ്യപ്പെട്ട് കുട്ടികള്‍ക്ക് നേരെ വിരല്‍ ചൂണ്ടി സംസാരിക്കുകയായിരുന്നു. സിനിമാ സ്റ്റൈലില്‍ 'ഇവന്‍മാരെ പിടിച്ചു കൊണ്ടു പോകൂ, ഞാന്‍ പിന്നെ ശരിക്കും കണ്ടോളാമെന്നും' താരം പറയുന്നുണ്ട്. വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.അതേസമയം, രോഹിത് ദേഷ്യപ്പെട്ടതൊന്നും അല്ലെന്നും കുട്ടികള്‍ക്ക് അപകടം പറ്റാതിരിക്കാന്‍ പറഞ്ഞുവിട്ടതാണെന്നും ചിലര്‍ കുറിച്ചു. വിഡിയോയുടെ തുടക്കത്തില്‍ താരം സന്തോഷവാനായാണ് കാണപ്പെട്ടതെന്നും തമാശയ്ക്ക് ചൂടായതാണെന്ന് വേണം മനസിലാക്കാനെന്നും ആളുകള്‍ പറയുന്നു.
വിജയ് ഹസാരെയിലെ ആദ്യ മല്‍സരത്തിലെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ന്യൂസീലന്‍ഡിനെതിരെയുള്ള ഏകദിന പരമ്പരയ്ക്ക് തയാറെടുക്കുകയാണ് താരം. ഈ മാസം 11നാണ് മല്‍സരങ്ങള്‍ക്ക് തുടക്കമാകുക. ടെസ്റ്റ്–ട്വന്‍റി20 ഫോര്‍മാറ്റുകളില്‍ നിന്ന് വിരമിച്ച താരം 2027ലെ ഏകദിന ലോകകപ്പോടെ വിരമിക്കുമെന്നാണ് കരുതുന്നത്.