സേവ് ബോക്സ് ലേല ആപ്പ് തട്ടിപ്പ് കേസില്‍ നടന്‍ ജയസൂര്യയെ വീണ്ടും ഇഡി ചോദ്യം ചെയ്യും. അടുത്ത ആഴ്ച വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശം. രണ്ട് ദിവസം നീണ്ട ചോദ്യം ചെയ്യലില്‍ നല്‍കിയ മൊഴികള്‍ പരിശോധിച്ച ശേഷമാകും അടുത്തഘട്ടം. ജയസൂര്യയുടെ ഭാര്യ സരിതയുടെ മൊഴിയും കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു.
തൃശൂര്‍ സ്വദേശി സ്വാദിക് റഹിം ആരംഭിച്ച സേവ് ബോക്സ് ആപ്പിന്‍റെ ബ്രാന്‍ഡ് അംബാസഡറായിരുന്നു ജയസൂര്യ. ഫ്രാഞ്ചൈസി നല്‍കാമെന്ന് പറഞ്ഞ് നൂറിലേറെ പേരില്‍ നിന്ന് സ്വാദിക് കോടികളാണ് തട്ടിയത്. ഈ പണത്തിന്‍റെ വിഹിതമാണ് ജയസൂര്യയ്ക്കടക്കം നല്‍കിയതെന്നാണ് ഇഡിയുടെ നിഗമനം. സാദ്വിക്കുമായി നടത്തിയ സാമ്പത്തികയിടപാടുകളെ അടിസ്ഥാനപ്പെടുത്തിയാണ് ഇഡിയുടെ ചോദ്യം ചെയ്യല്‍. ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളടക്കം കഴിഞ്ഞ ദിവസം ഇഡി പരിശോധിച്ചിരുന്നു. രണ്ട് തവണയായി പത്ത് മണിക്കൂറിലേറെയാണ് കേസുമായി ബന്ധപ്പെട്ട് ജയസൂര്യയെ ചോദ്യം ചെയ്തത്