വെള്ളിയാഴ്ച വൈകിട്ടാണ് ഷൂട്ടിങ് കഴിഞ്ഞെത്തിയ കലാഭവന്‍ നവാസിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷൂട്ടിങ് പൂര്‍ത്തിയാക്കി വീട്ടിലേക്ക് മടങ്ങാനിരിക്കെയാണ് നവാസ് കുഴഞ്ഞു വീണത്. ഹൃദയാഘാതമാണെന്ന് ഇന്നലെ സംശയമുണ്ടായിരുന്നെങ്കിലും പോസ്റ്റ്മോര്‍ട്ടത്തില്‍ ഇത് സ്ഥിരീകരിച്ചു. റൂം ചെക്ക്ഔട്ട് ചെയ്യുകയാണെന്ന് പറഞ്ഞ് ഇറങ്ങിയ നവാസിനെ കാണാഞ്ഞതിനെ തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ അന്വേഷിച്ചെത്തിയപ്പോഴാണ് മുറിയില്‍ കുഴഞ്ഞുവീണ നിലയില്‍ കണ്ടെത്തിയത്.
Also Read: 'ആരോഗ്യവും ഭക്ഷണവും ശ്രദ്ധിക്കണമെന്ന് പറഞ്ഞ് ചേര്‍ത്ത് നിര്‍ത്തുന്ന ഇക്ക, വിശ്വസിക്കാൻ പറ്റുന്നില്ല'
രാത്രി ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. രാവിലെ കളമശേരി മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലാണ് മരണ കാരണം സ്ഥിരീകരിച്ചത്. നവാസിന് വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെ ദയാഘാതമുണ്ടായെന്നാണ് പോസ്റ്റ്മോര്‍ട്ടത്തിലെ സൂചന. ഇതിന് മുന്‍പും ഹൃദയാഘാതമുണ്ടായതിന്‍റെ ലക്ഷണവും പോസ്റ്റമോര്‍ട്ടത്തില്‍ കണ്ടെത്തി.
നെഞ്ചുവേദന വന്ന് ഹോട്ടല്‍ മുറിക്ക് പുറത്തേക്കിറങ്ങി ആരുടെയെങ്കിലും സഹായം തേടാന്‍ ശ്രമിക്കുന്നതിനിടെയാണ് നവാസ് കുഴഞ്ഞുവീണതെന്നാണ് നിഗമനം. ഹോട്ടല്‍ മുറിയുടെ വാതിലിനോട് ചേര്‍ന്നാണ് നവാസ് വീണ് കിടന്നിരുന്നത് വാതില്‍ ലോക്ക് ചെയ്തിരുന്നില്ല. വീഴ്ചയുടെ ആഘാതത്തില്‍ നവാസിന്‍റെ തലയിലും മുറിവുണ്ടായി. ഷൂട്ടിങ്ങിനിടെ സെറ്റില്‍വെച്ച് നവാസിന് നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നതായി നടന്‍ വിനോദ് കോവൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഡോക്ടറെ വിളിച്ചെങ്കിലും ഷൂട്ടിങ് മുടങ്ങേണ്ടെന്ന കരുതി മുന്നോട്ടുപോയെന്നായിരുന്നു കുറിപ്പ്.
ഇന്നലെ വൈകിട്ട് അഞ്ചരയോടെ സിനിമയുടെ ഷൂട്ടിങ് പൂർത്തിയാക്കിയ നവാസിന് രണ്ട് ദിവസത്തെ ഇടവേളയായിരുന്നു. ഈ ഗ്യാപ്പിൽ വീട്ടിൽ പോയി വരാമെന്ന് സഹപ്രവർത്തകരോട് പറഞ്ഞ് ഹോട്ടൽ മുറിയിലേക്ക് പോയതാണ് നവാസ്. റൂം ചെക്കൗട്ടാണെന്ന് ഹോട്ടൽ ജീവനക്കാരെ നേരത്തെ തന്നെ അറിയിച്ചിരുന്നു. മുറിയിലേക്ക് പോയി മണിക്കൂർ ഒന്ന് കഴിഞ്ഞിട്ടും മടങ്ങിവരാതെ വന്നതോടെ ഹോട്ടൽ ജീവനക്കാർ നവാസിനെ തിരക്കി. മുറി തുറന്നപ്പോൾ വാതിലിനോട് ചേർന്ന് നവാസ് താഴെ വീണ് കിടക്കുകയായിരുന്നു.