അപ്രതീക്ഷിതമായിരുന്നു നടന്‍ കലാഭവന്‍ നവാസിന്‍റെ വിയോഗം. വെള്ളിയാഴ്ച രാത്രി ഷൂട്ടിങ് കഴിഞ്ഞെത്തിയ നവാസ് ഹോട്ടല്‍ മുറിയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഹോട്ടല്‍ ജീവനക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണ കാരണമെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചിരുന്നു.
Also Read: കലാഭവന്‍ നവാസിന്‍റെ മരണം ഷൂട്ടിങിന്‍റെ അവസാന ദിവസം; ആദ്യം കണ്ടത് ഹോട്ടല്‍ ജീവനക്കാരന്‍
നടന്‍റെ അകാല വിയോഗത്തില്‍ സിനിമ മേഖലയിലെ നിരവധി പേരാണ് അനുശോചിക്കുന്നത്. നവാസിനെയും സഹോദരന്‍ നിയാസിനെയും ആദ്യമായി പരിചയപ്പെട്ട അനുഭവമാണ് നടന്‍ റഹ്മാന്‍ പങ്കുവച്ചത് പൂർത്തിയാകാതെ പോയ ഒരു സിനിമയുടെ ദുബായിയിലെ സെറ്റിൽ വച്ചാണ്, വർഷങ്ങൾക്കു മുന്‍പ് നവാസിനെയും സഹോദരൻ നിയാസിനെയും പരിചയപ്പെട്ടത്. ആ സിനിമയിൽ എന്‍റെ കൂട്ടുകാരന്‍റെ വേഷമായിരുന്നു നവാസിന്. പിന്നീടുള്ള കൂടിക്കാഴ്ചകൾ അപൂർവമായിരുന്നെങ്കിലും, ആ കൂട്ട് എന്നും മനസ്സിൽ ഉണ്ടായിരുന്നു. ഇപ്പോൾ പൂർത്തിയാക്കാനാവാതെ പോയ നവാസിന്റെ ജീവിതം എന്നെ വല്ലാതെ സങ്കടപ്പെടുത്തുന്നു. പ്രാർത്ഥിക്കുകയല്ലാതെ എന്താണ് ചെയ്യുക? ആദരാഞ്ജലികൾ, എന്നാണ് റഹ്മാന്‍ എഴുതിയത്.
Also Read: ഹോട്ടലില്‍ നിന്ന് കൊണ്ടുപോകുമ്പോള്‍ നവാസിന് അനക്കമുണ്ടായിരുന്നു; ഹോട്ടലുടമ
വിശ്വസിക്കാൻ പറ്റുന്നില്ലെന്നാണ് സിനിമ താരം നിര്‍മല്‍ പാലാഴി എഴുതിയത്. 'കോഴിക്കോട് വന്ന് ബിരിയാണി കഴിച്ച് ഹല്‍വയും വാങ്ങി വീട്ടിലെത്തിയപ്പോള്‍ വീണ്ടും വിളിച്ചു. കോഴിക്കോട് ഷൂട്ട് ഇനിയും ബാക്കിയുണ്ട് അപ്പോൾ വീട്ടിൽ വരാം എന്നാണ് പറഞ്ഞത്. കാണുമ്പോൾ ഡാ ഹെൽത്ത് ശ്രദ്ധിക്കണം ഭക്ഷണം ശ്രദ്ധിക്കണം എന്നൊക്കെ പറഞ്ഞൂ ഏട്ടന്‍റെ സ്നേഹത്തോടെ ചേർത്ത് നിർത്തുന്ന ന്റെ ഇക്കാ.... വിശ്വസിക്കാൻ പറ്റുന്നില്ലല്ലോ' എന്നാണ് നിര്‍മല്‍ പാലാഴിയുടെ കുറിപ്പ്.
ഒരുമിച്ചു തുടങ്ങിയ സിനിമ.. എന്നും ചേര്‍ന്ന് നിന്ന സൗഹൃദങ്ങള്‍. ഒടുവില്‍ പറയാന്‍ ഒരുപാട് കഥകള്‍ ബാക്കിവെച്ച് എന്റെ പ്രിയപ്പെട്ട നവാസ് യാത്രയായി. വിശ്വസിക്കാന്‍ പറ്റുന്നില്ലടാ എന്നാണ് നടന്‍ ഷാജു ശ്രീധര്‍ എഴുതിയത്.
മകനാവാനുള്ള പ്രായമേ ഉള്ളൂ നിനക്ക്. നിന്‍റെ ചിരിക്കുന്ന മുഖമേ എന്‍റെ മനസ്സിലുള്ളൂ എന്നാണ് നവാസിനെ അനുസ്മരിച്ച് നടന്‍ വി.കെ ശ്രീരാമന്‍ എഴുതിയത്. അവസാനം നവാസ് വീട്ടിൽ വന്ന സമയത്ത് ഒന്നിച്ചെടുത്ത ചിത്രവും ശ്രീരാമന്‍ പങ്കുവച്ചു. വളരെ കാലം മുമ്പ് കുന്നംകുളം മുനിസിപ്പാലിറ്റിയുടെ വാർഷികത്തിന് ഒരു നാടകം കണ്ടാണ് അബൂബക്കർ മനസ്സിൽ കയറിക്കൂടുന്നത്.
ഒരു റെയിൽവേ സ്റ്റേഷൻ മാസ്റ്ററായിട്ടാണ് അബൂബക്കർ ആ നാടകത്തിൽ പ്രധാന വേഷത്തിൽ പ്രതൃക്ഷപ്പെടുന്നത്. അതിനു ശേഷം വളരെക്കഴിഞ്ഞ് ചില സിനിമളിൽ ഒന്നിച്ചഭിനയിച്ചു.പിന്നെ നവാസും നിയാസും സുഹൃത്തുക്കളായി. അവരുടെ വളർച്ചയിൽ ഒരു സുഹൃത്തെന്നതിനേക്കാൾ ഏറെ അവരുടെ കുടുംബത്തിന്‍റെ നിഴൽ വീണ കാലം കണ്ട ഞാൻ സന്തോഷിച്ചു എന്നും അദ്ദേഹം എഴുതി.