സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ചോല എന്ന ചിത്രത്തിലെ കാമുകന്റെ വേഷത്തിലൂടെ ശ്രദ്ധേയനായ നടന്‍ അഖില്‍ വിശ്വനാഥ് (29) അന്തരിച്ചു. ചലച്ചിത്ര പ്രവര്‍ത്തകനായ മനോജ്കുമാറാണ് ഫെയ്സ്ബുക്കിലൂടെ അഖിലിന്റെ മരണവാര്‍ത്ത അറിയിച്ചത്. യുവനടന്‍ വീട്ടില്‍ ജീവനൊടുക്കുകയായിരുന്നുവെന്നാണ് വിവരം. രാജ്യാന്തര ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രമാണ് ചോല.
അഖില്‍ ആത്മഹത്യ ചെയ്തു എന്ന് വിശ്വസിക്കാന്‍ തനിക്കു കഴിയുന്നില്ലെന്ന് സനല്‍കുമാര്‍ ശശിധരന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. അയാള്‍ അടുത്തിടെ തൂടങ്ങാനിരിക്കുന്ന ഒടിടി എന്നൊരു സിനിമയില്‍ അഭിനയിക്കാന്‍ തയാറെടുക്കുകയായിരുന്നു എന്നറിയുന്നു.
സങ്കടം തോന്നുന്നു അഖില്‍. എന്തായിരുന്നു അകാലത്തിലുള്ള ഈ മരണത്തിന്റെ കാരണമെന്ന് എനിക്കറിയില്ല. പക്ഷേ നിന്റെ ചോരയില്‍ നിന്റെയുള്‍പ്പെടെയുള്ള മനുഷ്യരുടെ ഭാവി ഇരുട്ടിലാക്കിയവര്‍ക്ക് പങ്കുണ്ട്. നിന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ. സ്നേഹം നിറഞ്ഞ നിന്റെ പുഞ്ചിരി വീണ്ടുമെന്നെ തൊടാന്‍ ഇടയാവട്ടെ.''- ഇങ്ങനെയാണ് സനല്‍കുമാര്‍ ശശിധരന്‍ പോസ്റ്റ് ഇട്ടിരിക്കുന്നത്.
ജോജു ജോര്‍ജും നിമിഷ സജയനും പ്രധാന വേഷങ്ങളിലെത്തിയ ചോല, വെനീസ്, ജനീവ, ടോക്കിയോ എന്നീ പ്രധാനപ്പെട്ട അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം നാളെ രാവിലെ 6 മണിക്ക് മാത്രമേ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കൂ. രാവിലെ 10 മണിക്ക് മൃതദേഹം സംസ്കാരിക്കും.