actor-chola-akhil

സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ‘ചോല’ എന്ന ചിത്രത്തിലെ കാമുകന്റെ വേഷത്തിലൂടെ ശ്രദ്ധേയനായ നടന്‍ അഖില്‍ വിശ്വനാഥിന്റെ അപ്രതീക്ഷിത വിയോ​ഗത്തിന്റെ ഞെട്ടലിലാണ് കുടുംബവും സഹപ്രവർത്തകരും സുഹൃത്തുക്കളും. 29 വയസ് മാത്രമേയുണ്ടായിരുന്നുള്ളൂ അഖിലിന്. യുവനടന്‍ വീട്ടില്‍ ജീവനൊടുക്കുകയായിരുന്നു. എന്തിനാണ് അഖിൽ ഇത് ചെയ്തതെന്ന് ആർക്കുമറിയില്ല. രാജ്യാന്തര ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും പുരസ്കാരങ്ങൾ സ്വന്തമാക്കുകയും ചെയ്ത ചിത്രമാണ് ‘ചോല’.

കഴിഞ്ഞ ദിവസം രാവിലെയാണ് അഖിൽ സ്വന്തം വീട്ടിൽ ജീവനൊടുക്കിയത്. രാവിലെ അമ്മ അവനെ കണ്ടിരുന്നു. അപ്പോഴവൻ അച്ഛന്റെ റൂമിലേക്ക് പോവുകയായിരുന്നു. സുഖമില്ലാതെ കിടക്കുന്ന അച്ഛനോട് പതിയെ സംസാരിക്കുന്നതും, യാത്ര പറയുന്നതും അമ്മ കേട്ടിരുന്നു. കുറേവട്ടം അവൻ അച്ഛനെ ഉമ്മ വെച്ചു, അതിന് ശേഷം തൊട്ടടുത്ത മുറിയിലെത്തി അവിടെക്കിടക്കുകയായിരുന്ന അനിയനെ ഏറെ നേരം നോക്കിനിന്നു. എന്താണ് അവന് പറ്റിയതെന്ന് മനസിലാകാതെ അമ്മ പുറത്തുപോയി തിരികെ വീട്ടിലെത്തിയപ്പോള്‍ കണ്ടത് മകന്റെ ചേതനയറ്റ ശരീരമാണ്.

ചലച്ചിത്ര പ്രവര്‍ത്തകനായ മനോജ്കുമാറിനെ വിളിച്ച് അഖിലിന്റെ അനിയനാണ് മരണവിവരം ആദ്യം പങ്കുവെച്ചത്. അദ്ദേഹത്തിനും അത് വിശ്വസിക്കാനായില്ല. ചെറുപ്പം മുതല്‍ അഖിലിനോട് അടുപ്പമുണ്ടായിരുന്നയാളാണ് മനോജ്. അദ്ദേഹമാണ് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെ വിവരം അറിയിച്ചത്. അഖിൽ (ഞങ്ങളുടെ മാങ്ങാണ്ടി) യാത്രയായി എന്നാണ് മനോജ് കുമാർ ഫെയ്സ്ബുക്കിൽ കുറിച്ചത്. പിന്നാലെ ഈ വാർത്ത ഹൃദയം പിളർക്കുന്നതാണെന്ന് സനൽ കുമാർ ശശിധരനും പ്രതികരിച്ചു. ‘ചോല’യിലെ നായകൻ അഖിൽ ആത്മഹത്യ ചെയ്തു എന്ന് കേൾക്കുന്നു. ആ ചെറുപ്പക്കാരൻ ആത്മഹത്യചെയ്യുമെന്ന് വിശ്വസിക്കാൻ എനിക്ക് കഴിയുന്നില്ല. വലിയ പ്രതിഭയുള്ള ചെറുപ്പക്കാരനായിരുന്നു അയാൾ. എന്താണ് സംഭവിച്ചത് എന്ന് അയാളുടെ അടുത്ത സുഹൃത്തുക്കൾ തിരക്കുക- ഇതായിരുന്നു സനൽ കുമാർ ശശിധരന്റെ പോസ്റ്റ്.

വെനീസ്, ജനീവ, ടോക്കിയോ എന്നീ ചലച്ചിത്രോത്സവങ്ങളില്‍, നിമിഷ സജയനും ജോജു ജോര്‍ജും മുഖ്യ വേഷങ്ങളിലെത്തിയ ‘ചോല’ പ്രദര്‍ശിപ്പിച്ചിരുന്നു.

ഒരു കൗമാരക്കാരിയായ സ്‌കൂള്‍ പെണ്‍കുട്ടിയും കാമുകനും പട്ടണത്തിലേക്ക് പോവുന്നതും അവിടെവെച്ച് കാമുകന്റെ ആശാനെ കണ്ടുമുട്ടുന്നതും അയാള്‍ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്യുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. ഇതിലെ കാമുകന്റെ വേഷമാണ് അഖില്‍ ഗംഭീരമാക്കിയത്. ആ വേഷവും അഭിനയവും നിരൂപകപ്രശംസയും നേടി. ഭാവിയുള്ള നടന്‍ എന്ന് പല സംവിധായകരും അഖിലിനെ വിലയിരുത്തി. അതിനിടെയാണ് അയാള്‍ ജീവിതത്തോട് വിട പറഞ്ഞത്.

ENGLISH SUMMARY:

Akhil Viswanath, the promising actor, tragically passed away. The young actor's unexpected demise has shocked the Malayalam film industry and his fans.