മിമിക്രി കലാകാരനും സിനിമ നടനുമായ കലാഭവന്‍ നവാസിനെക്കുറിച്ച് നടന്‍ വിനോദ് കോവൂര്‍ പങ്കുവച്ച സമൂഹമാധ്യമ കുറിപ്പ് ചര്‍ച്ചയാകുന്നു. സിനിമ സെറ്റിൽ വെച്ച് നവാസിന് നെഞ്ചുവേദനയുണ്ടായി. ഡോക്ടറെ വിളിച്ച് സംസാരിച്ച ശേഷം ഷൂട്ടിന് ബുദ്ധിമുട്ടാവണ്ടാന്ന് കരുതി ആശുപത്രിയിൽ പോകാതെ അദ്ദേഹം അവിടെ തുടരുകയായിരുന്നു എന്നാണ് വിനോദിന്‍റെ കുറിപ്പിലുള്ളത്. ALSO READ; ഹോട്ടലില്‍ നിന്ന് കൊണ്ടുപോകുമ്പോള്‍ നവാസിന് അനക്കമുണ്ടായിരുന്നു; ഹോട്ടലുടമ
ഷൂട്ട് കഴിഞ്ഞ് ആശുപത്രിയില്‍ പോകാമെന്ന് കരുതിയിട്ടുണ്ടാകും. വേദന വന്ന സമയത്തേ ഡോക്ടറെ പോയി കണ്ടിരുന്നെങ്കിൽ എന്ന് ചിന്തിച്ച് പോയി. നവാസിന്‍റെ ചേതനയറ്റ ദേഹം കണ്ടപ്പോള്‍ അദ്ദേഹം അഭിനയിക്കുകയാണോ എന്ന് തോന്നിപ്പോയി എന്നും വിനോദ് കുറിച്ചിട്ടുണ്ട്. കണ്ണ് അല്‍പം തുറന്ന് കിടന്നിരുന്നുവെന്നും പ്രിയപ്പെട്ടവരെ മുഴുവൻ കാണാതെ ആ കണ്ണുകൾ അടയില്ല എന്നുമാണ് സമൂഹമാധ്യമ പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്. ALSO READ; ചിരിയുടെ ഓർമ്മകൾ ബാക്കിയാക്കി കലാഭവൻ നവാസ് മടങ്ങി
കുറിപ്പിന്‍റെ പൂര്‍ണരൂപം;
നവാസ്ക്ക എന്തൊരു പോക്കാ ഇത്
വിവരം അറിഞ്ഞപ്പോൾ Fake news ആവണേന്ന് ആഗ്രഹിച്ചു. പക്ഷേ......
കളമശ്ശേരി മോർച്ചറിയുടെ മുമ്പിൽ വെച്ച് ഇന്നലെ രാത്രി 11 മണിക്ക് ചേതനയറ്റ ശരീരം കണ്ടപ്പോൾ ആദ്യം അഭിനയിച്ച് ഉറങ്ങുകയാണോന്ന് തോന്നി
കവിളത്ത് തട്ടി നവാസ്ക്കാന്ന് വിളിച്ച് നോക്കി കണ്ണ് അല്പ്പം തുറന്ന് കിടന്നിരുന്നു അപ്പോൾ, പ്രിയപ്പെട്ടവരെ മുഴുവൻ കാണാതെ ആ കണ്ണുകൾ അടയില്ല. ജീവനറ്റ ശരീരം മോർച്ചറിയിലേക്ക് കയറ്റിയതിന് ശേഷം വീട്ടിലേക്കുള്ള യാത്രയിൽ നവാസ്ക്ക യുടെ ഓർമ്മകൾ മാത്രമായിരുന്നു. ചോറ്റാനിക്കര സിനിമാ സെറ്റിൽ 5 മണി വരെ അഭിനയിച്ച് താമസിക്കുന്ന ഹോട്ട റൂമിൽ എത്തി യഥാർത്ഥ ജീവിതത്തിലെ റോളും പൂർത്തിയാക്കി നവാസ്ക്ക കാലായവനികക്കുള്ളിൽ മറഞ്ഞു.
ഇത്രയേയുള്ളൂ മനുഷ്യന്‍റെ കാര്യം. ഏത് നിമിഷവും പൊട്ടി പോകുന്ന ഒരു നീർകുമിളയാണ് നമ്മുടെ ഓരോരുത്തരുടേയും ജീവൻ. സെറ്റിൽ വെച്ച് നെഞ്ച് വേദനയുണ്ടായി. ഡോക്ടറെ വിളിച്ച് സംസാരിച്ചെന്നും ഷൂട്ടിന് ബുദ്ധിമുട്ടാവണ്ടാന്ന് കരുതി ആശുപത്രിയിൽ പോകാതെ അഭിനയ ജോലിയിൽ മുഴുകി. ഷൂട്ട് കഴിഞ്ഞിട്ട് പോകാമെന്ന് കരുതിയിട്ടുണ്ടാകും. പക്ഷേ. അപ്പഴേക്കും രംഗബോധമില്ലാത്ത കോമാളി വന്ന് ജീവൻ തട്ടിയെടുത്തു. വേദന വന്ന സമയത്തേ ഡോക്ടറെ പോയി കണ്ടിരുന്നെങ്കിൽ എന്ന് ചിന്തിച്ച് പോയി. എങ്കിലുകൾക്ക് ഇവിടെ സ്ഥാനമില്ലല്ലോ. നവാസ്ക്കയുടെ സമയം വന്നു നവാസ്ക്ക പോയി അത്ര തന്നെ.
കഴിഞ്ഞ അമ്മയുടെ കുടുംബ സംഗമത്തിൽ പാട്ടുപാടിയും വ്യത്യസ്ഥ കോമഡി കാണിച്ചും എല്ലാവരുടെ പ്രശംസക്കും പാത്രമായിരുന്നു നവാസ്ക്ക. ഞാൻ ഒന്ന് കെട്ടിപിടിച്ചോട്ടെന്ന് പറഞ്ഞ് കെട്ടിപിടിച്ചത് ഓർക്കുന്നു. ഒരുമിച്ച കുറേ സ്റ്റേജ് പ്രോഗ്രാമുകൾ അതിലുപരി ഒരു സഹോദര സ്നേഹമായിരുന്നു നവാസ്ക്കക്ക്. ഇനി നവാസ്ക്ക ഓർമ്മകളിൽ മാത്രം. വിശ്വസിക്കാൻ പ്രയാസം. പടച്ചോൻ നവാസ്ക്കയുടെ കബറിടം വിശാലമാക്കി കൊടുക്കട്ടെ. കുടുംബത്തിന്‍റെ വേദനയിൽ പങ്കുചേരുന്നു. ഇന്നലെ രാത്രി മുഴുവൻ മോർച്ചറിയിൽ കിടക്കേണ്ടി വന്നു. ഇന്ന് പോസ്റ്റുമോർട്ടം. സഹിക്കാനാകുന്നില്ല നവാസ്ക്ക.
ഉച്ചക്ക് ശേഷം ആലുവയിലെ വീട്ടിലേക്ക് പോകണം. ഒരു നോക്കു കൂടി കാണാൻ. ശരിക്കും പേടിയാവുകയാണ്. അമ്പത്തിയൊന്നാമത്തെ വയസിലാണ് നവാസ്ക്കയുടെ മരണം. ഒരു ഗ്യാരണ്ടിയുമില്ലാത്ത ജീവിതമാണ് നമ്മുടെ ഓരോരുത്തരുടേയും. വേഷം തീർന്നാൽ വേദി ഒഴിയണ്ടേ ആരായാലും. പ്രണാമം.