cm-pinarayi-denied-selfie

മുഖ്യമന്ത്രിക്കൊപ്പമൊരു സെല്‍ഫി..അതായിരുന്നു അമ്പൂരി ജില്ലാ പഞ്ചായത്തംഗമായ ആതിര ഗ്രേസിന്‍റെ  ആഗ്രഹം. അമ്പൂരി കുമ്പിച്ചല്‍ കടവ് പാലം ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അരികിലേക്ക്  ആതിര എത്തുകയും ചെയ്തു. നടന്നു നീങ്ങുന്ന മുഖ്യമന്ത്രിയുടെ സമീപത്തെത്തി ഫോണ്‍ കാണിച്ചതും, നിരസിച്ച് മുഖ്യമന്ത്രി നടന്ന് പോകുകയായിരുന്നു. ഉദ്ഘാടനത്തിന് പിന്നാലെ മുഖ്യമന്ത്രി വേദി വിടുമ്പോഴായിരുന്നു സംഭവം. നിരാശയോടെ കസേരയില്‍ ചെന്നിരിക്കുന്ന ആതിരയെയും വിഡിയോയില്‍ കാണാം. വെള്ളറട ഡിവിഷനില്‍ നിന്നുള്ള സിപിഎം അംഗമാണ് ആതിര ഗ്രേസ്.

2018ല്‍ സെല്‍ഫിയെടുക്കാന്‍ വന്ന വിദ്യാര്‍ഥിയോട് മുഖ്യമന്ത്രി പിണാറായി വിജയന്‍ ആദ്യം കുപിതനായതും പിന്നീട് ചിരിച്ച് ചിത്രമെടുത്ത് മടങ്ങിയതും വാര്‍ത്തയായിരുന്നു. കായംകുളം ഏരിയ കമ്മിറ്റി ഓഫിസിന് മുന്നില്‍ വച്ചായിരുന്നു അന്ന് വിദ്യാര്‍ഥികളിലൊരാള്‍ സെല്‍ഫിയെടുക്കാന്‍ തുനിഞ്ഞത്. സെല്‍ഫിക്കായി കയ്യില്‍ കടന്ന് പിടിച്ച വിദ്യാര്‍ഥിയോട് മുഖ്യമന്ത്രി ആദ്യം അമ്പരപ്പ് കാട്ടി കൈ തട്ടി മാറ്റിയെങ്കിലും പിന്നീട് സ്നേഹത്തോടെ ചേര്‍ത്ത് പിടിച്ചു. വിദ്യാര്‍ഥിയുടെ ഫോണ്‍ മറ്റാരുടെയെങ്കിലും കൈയില്‍ കൊടുത്ത ശേഷം ഫൊട്ടോയെടുപ്പിച്ച് ചിരിച്ചാണ് അന്ന് മുഖ്യമന്ത്രി മടങ്ങിയത്.

അതേസമയം, 23 കോടി രൂപ ചെലവഴിച്ചാണ് നെയ്യാര്‍ ജലസംഭരണിക്കും കരിപ്പയാറിനും കുറുകെ അമ്പൂരി കുമ്പിച്ചല്‍ക്കടവ് സര്‍ക്കാര്‍ പാലം നിര്‍മിച്ചത്. കിഫ്ബിയുടെ സഹകരണത്തോടെ നിര്‍മിച്ച പാലം ഭൂനിരപ്പില്‍ നിന്നും 12.5 മീറ്റര്‍ ഉയരത്തിലാണ്. ആദിവാസി മേഖലയായ തൊടുമല വാര്‍ഡിലെ 11 ഉന്നതികളിലായി കഴിയുന്ന രണ്ടായിരത്തോളം കുടുംബങ്ങളുടെ ദീര്‍ഘകാലത്തെ ആഗ്രഹമാണ് പൂവണിഞ്ഞത്. 

ENGLISH SUMMARY:

In a recent incident at the inauguration of the Kumbichalkadavu bridge in Amboori, Kerala CM Pinarayi Vijayan reportedly refused a selfie request from a District Panchayat member. The video, which has surfaced online, shows the member approaching the CM with a phone, but the Chief Minister continued walking without posing. This interaction has reminded many of a 2018 incident in Kayamkulam where the CM initially reacted sternly to a student's selfie attempt before warmly posing for a photo. The Amboori bridge, constructed at a cost of ₹23 crore via KIIFB, is a significant milestone for the tribal families in the Thodumala ward. Despite the festive atmosphere of the bridge opening, the selfie rejection has become a point of discussion. The District Panchayat member was seen returning to their seat visibly disappointed.