മിമിക്രി വേദിയിൽനിന്നെത്തി ഒരുപിടി ചിരിച്ചിത്രങ്ങളുടെ ഭാഗമായി ഒടുവിൽ നമ്മുടെ മനസ്സിൽ നൊമ്പരമായാണ് കലാഭവൻ നവാസിന്റെ മടക്കം. തൊണ്ണൂറുകളുടെ ആദ്യ പകുതിയിൽ സിനിമയിൽ എത്തിയ നവാസ് സിനിമ അടിമുടി മാറിയപ്പോഴും പുഞ്ചിരിമുഖവുമായി കഥാപരിസരങ്ങളുടെ ഭാഗമായി.
ഭരതൻ, സിബി മലയിൽ ചിത്രങ്ങളുടെയൊക്കെ ഭാഗമായ അബൂബക്കറിന്റെ മകൻ നവാസിനും സിനിമ ജീവനായിരുന്നു. അച്ഛൻ പക്ഷേ ഒരിടത്തും മകന് ശുപാർശ ചെയ്തില്ല. മിമിക്രി ഒരുക്കിയ വഴിയിൽ ജയറാമും ലാലും സിദ്ദിഖുമൊക്കെ മേൽവിലാസം ഉറപ്പിച്ച ഭൂമികയിൽ തൊണ്ണൂറുകളുടെ മധ്യത്തിലായിരുന്നു നവാസിന്റെ വരവ്.
മീനാക്ഷി കല്യാണം, മാട്ടുപ്പെട്ടി മച്ചാൻ തുടങ്ങി ചിരിപ്പടങ്ങളുടെയെല്ലാം ഒഴിച്ചുകൂടാൻ കഴിയാത്ത ഭാഗമായി നവാസ് മാറിയ കാലം.മുഴുപ്പിലും മിഴിവിലുമുള്ള കഥാപാത്രങ്ങളൊക്കെ നവാസ് മറ്റാരെയും പോലെ സ്വപ്നം കണ്ടിരിക്കാം. പക്ഷേ തന്നിലേക്ക് വന്ന കഥാപാത്രങ്ങൾ ചിരിയോർമയായി പ്രേക്ഷകന്റെ മനസിൽ അവശേഷിച്ചത് തിരിച്ചറിഞ്ഞിടത്ത് നവാസ് സംതൃപ്തനായി.
ഗായകനായും ടെലിവിഷൻ അവതാരകനായുമെല്ലാം നവാസ് പിൽക്കാലത്ത് സജീവമായപ്പോഴും സിനിമ കൈവിട്ടില്ല. ഭാര്യയായ നടി രഹ്നയോടൊത്ത് മാഗസിൻ കവറിൽ ഇടയ്ക്കെപ്പോഴോ ചിരിച്ചുനിന്ന നവാസിനെയും മറക്കില്ല. ഒടുവിൽ അനിവാര്യമായ മരണം അപ്രതീക്ഷിതമായ മുഹൂർത്തത്തിൽ വന്നുവിളിച്ചപ്പോഴും ചിരിചിത്രം മാത്രം നൽകി നവാസ് മടങ്ങുന്നു.