kalbhavan-navas-family

TOPICS COVERED

കലാ ലോകത്തിന്   തീരാനഷ്ടമാണ് കലാഭവന്‍  നവാസിന്‍റെ വേര്‍പാട്. നവാസ് പോയതോടെ തനിച്ചായ കുടുംബത്തിന്‍റെ വേദനയും പ്രിയപ്പെട്ടവരുടെ ഉള്ളുലച്ചിരുന്നു. ഇപ്പോഴിതാ ഒരിക്കലും വിട്ടുപോകാത്ത വാപ്പിച്ചിയുടെ ഓര്‍മകളെക്കുറിച്ച് കുറിക്കുകയാണ് നവാസിന്‍റെ മക്കള്‍. നവാസ് അവസാനമായി ഭാര്യക്ക് അയച്ചുകൊടുത്ത പാട്ട് പങ്കുവെച്ചായിരുന്നു കുറിപ്പ്. 

മരിക്കുന്നതിന് ഒരു മാസം മുൻപ് ഉമ്മിച്ചി മൈലാഞ്ചിച്ചെടി മുറിച്ച കമ്പുകൾ ഒരു ചെടി ചട്ടിയിൽ നട്ടു. അത് കണ്ടുനിന്ന വാപ്പിച്ചി ഉമ്മിച്ചിയോട്  പറഞ്ഞു നീ ഇത് വേരുപിടിക്കുമ്പോൾത്തന്നെ നടരുത്, നല്ല സ്ഥലം നോക്കി വച്ചാൽ മതിയെന്ന്. എന്നാല്‍ ഇന്ന് വാപ്പിച്ചിയുടെ കബറിലെ മൈലാഞ്ചി ചെടികള്‍ ഉണങ്ങിയപ്പോള്‍ ഉമ്മിച്ചി നട്ടുവളര്‍ത്തിയ ചെടികള്‍ അവിടെ വെച്ചുപിടിപ്പിച്ചു. അത് നന്നായി വളര്‍ന്നു. ജീവിച്ചിരിക്കുമ്പോൾ ഉമ്മിച്ചിക്ക് തണലായിരുന്നു വാപ്പിച്ചി. ആ വാപ്പിച്ചിയുടെ ഖബറിന് ഉമ്മിച്ചി നട്ട മൈലാഞ്ചിചെടികൾ തണലാവുന്നു എന്നാണ് മക്കള്‍ നവാസിന്‍റെ സാമൂഹ്യമാധ്യമ അക്കൗണ്ടുകളില്‍ കുറിച്ചത്. 

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

ഇത് വാപ്പിച്ചി ജുലൈ 30ന് രാത്രി 11 മണിക്ക് പാടി ഉമ്മിച്ചിക്ക് അയച്ചുകൊടുത്ത പാട്ട്. ഇതാണ് വാപ്പിച്ചി ഉമ്മിച്ചിക്ക് അവസാനമായിട്ട് അയച്ചു കൊടുത്ത പാട്ട്.വാപ്പിച്ചി പോവുന്നതിന് ഒരു മാസം മുൻപ് ഉമ്മിച്ചി മൈലാഞ്ചിച്ചെടി മുറിച്ച കമ്പുകൾ ഒരു ചെടി ചട്ടിയിൽ നട്ടു. അത് കണ്ടുനിന്ന വാപ്പിച്ചി ഉമ്മിച്ചിയോട്  പറഞ്ഞു നീ ഇത് വേരുപിടിക്കുമ്പോൾത്തന്നെ നടരുത്, നല്ല സ്ഥലം നോക്കി വച്ചാൽ മതിയെന്ന്. വാപ്പിച്ചി പോയിക്കഴിഞ്ഞു വാപ്പിച്ചീടെ ഖബറിൽ നട്ട പൂച്ചെടി പിടിച്ചു പക്ഷെ കുത്തിയ മൈലാഞ്ചി കമ്പ് ഉണങ്ങിതുടങ്ങിയെന്ന്‌ ഞങ്ങൾ ഉമ്മിച്ചിയോട് പറഞ്ഞു. അപ്പോഴാണ് വാപ്പിച്ചി സ്ഥലം പറയാമെന്നു പറഞ്ഞ, ഉമ്മിച്ചി നട്ട മൈലാഞ്ചികമ്പുകൾ ഓർത്തത്‌.

ഓഗസ്റ്റ് 8 ന് വാപ്പിച്ചിയുടെ ഖബറിൽ നടാൻ ഉമ്മച്ചിയുടെ സഹോദരിയുടെ ഭർത്താവിന്റെ കൈയ്യിൽ ആ മൈലാഞ്ചിതൈകൾ നടാൻ കൊടുത്തുവിട്ടു. അത് നന്നായി പിടിച്ചു. ജീവിച്ചിരിക്കുമ്പോൾ ഉമ്മിച്ചിക്ക് തണലായിരുന്നു വാപ്പിച്ചി. ആ വാപ്പിച്ചിയുടെ ഖബറിന് ഉമ്മിച്ചി നട്ട മൈലാഞ്ചിചെടികൾ തണലാവുന്നു. എന്തൊരു മനസ്സായിരിക്കും അല്ലെ, വാപ്പിച്ചിയുടേയും ഉമ്മിച്ചിയുടേയും. പടച്ചവൻ എല്ലാം നേരത്തെ തന്നെ തീരുമാനിച്ചിരുന്നു

ENGLISH SUMMARY:

Kalabhavan Navas's passing has left a void in the art world. His children share heartfelt memories of their father, highlighting his love and care for their mother.