വി.എസും പിണറായിയും രണ്ടു ധ്രുവങ്ങളില്‍ നില്‍ക്കുമ്പോഴാണ് പിണറായിയുടെ അധ്യാപകനും സുഹൃത്തുമായ എം.എന്‍.വിജയന്‍ വി.എസിന്‍റെ പാര്‍ട്ടിജീവിതത്തെയാകെ ഒരു വാചകത്തില്‍ നിര്‍വചിച്ചത്, 'പരാജയം ഭക്ഷിച്ചു ജീവിക്കുന്ന മനുഷ്യനാണ് വി.എസ്' എന്ന്. മലയാളമനോരമയ്ക്കുവേണ്ടി നടത്തിയ അഭിമുഖത്തില്‍ വിജയന്‍മാഷ് ആ വാചകം എന്നോടു പറയുമ്പോള്‍ അതിന്‍റെ അര്‍ത്ഥവ്യാപ്തി തല്‍ക്ഷണം മനസ്സിലാക്കിയോ എന്നു സംശയം. പത്രത്തില്‍ അഭിമുഖം അച്ചടിച്ചുവന്ന ദിവസം രാവിലെ എന്നെ വിളിച്ച രണ്ടുപേര്‍ ഈ വാചകത്തിന്‍റെ സ്ഫോടനശേഷി എനിക്കു ബോധ്യമാക്കിത്തന്നു – ഒ.എന്‍.വിയും ഗിരീഷ് പുത്തഞ്ചേരിയും. പിന്നങ്ങോട്ട് എത്രയോപേര്‍ ഈ വാചകത്തെ വി.എസിന്‍റെ ജീവിതത്തോടു ചേര്‍ത്തുവച്ചു.
പിന്നീട് വി.എസുമായി എത്രയോ തവണ സംസാരിച്ചു. അഭിമുഖങ്ങളിലും അല്ലാതെയും. അഭിമുഖം എന്നു പറഞ്ഞാലൊന്നും വി.എസ് അത്രവേഗം വഴങ്ങില്ലായിരുന്നു. അത്രയ്ക്കങ്ങ് വിശ്വാസം മാധ്യമപ്രവര്‍ത്തകരില്‍ ഇല്ലായിരുന്നു. പാര്‍ട്ടിയില്‍ ആയാലും മാധ്യമരംഗത്തായിരുന്നാലും 'സ്വന്തം' എന്നു കരുതുന്നവരെ മാത്രമേ അദ്ദേഹം വിശ്വാസത്തില്‍ എടുത്തിട്ടുള്ളൂ. എന്നാലും വി.എസ് എന്ന കടുംപിടുത്തക്കാരന്‍ കമ്യൂണിസ്റ്റിലെ ശുദ്ധമനുഷ്യനെയും, മണ്ണിനെയും മനുഷ്യനെയും തേടിയുള്ള വിവാദയാത്രകളെയും കുറിച്ച് എഴുതിയിട്ടുള്ളതുകൊണ്ടാവാം, എന്നിലും കുറച്ചു വിശ്വാസമുണ്ടായിരുന്നു.
Read more at: സഖാവ് കൃഷ്ണപിള്ള മുതൽ ടി.പി. ചന്ദ്രശേഖരൻ വരെ; വിഎസിന്‍റെ മനസ്സിനെ മുറിവേൽപ്പിച്ച ഓർമകൾ
സ്വന്തം പാര്‍ട്ടിയുടെ മര്‍മ്മം തൊടുന്ന അഭിമുഖങ്ങളിലൂടെ വി.എസ് തലക്കെട്ടുകള്‍ തന്നുകൊണ്ടേയിരുന്നു. അദ്ദേഹത്തിന് തൊണ്ണൂറു വയസ് തികഞ്ഞവേളയിലെ അഭിമുഖം എനിക്കൊരു വി.എസ് അനുഭവം തന്നെയായിരുന്നു. വിവാദവിഷയങ്ങള്‍ ചോദ്യങ്ങളാവുമ്പോള്‍ വാക്യത്തില്‍ ഒളിപ്പിക്കുന്നതൊക്കെ നിമിഷങ്ങള്‍ക്കൊണ്ട് അഴിച്ചെടുക്കുന്ന വി.എസ് വിദ്യയ്ക്ക് ഏറെ ഉദാഹരണങ്ങള്‍ ഉണ്ടായിരുന്നു ആ അഭിമുഖത്തില്‍.
മല്‍സരിക്കേണ്ടെന്ന പാര്‍ട്ടി തീരുമാനത്തെ തിരുത്തിച്ച് സീറ്റ് നേടിയെടുത്തശേഷം വി.എസ് ആദ്യമായി സംസാരിച്ചത് 'നേരെ ചൊവ്വേ' അഭിമുഖത്തിലായിരുന്നു. ജ്യോതിബസുവില്‍ പ്രായാധിക്യം കാണാതിരുന്ന പാര്‍ട്ടി വി.എസിനെ മാത്രം മാറ്റിനിര്‍ത്തിയപ്പോള്‍ ജനം അണിനിരന്ന് അതിനകം മറുപടി നല്‍കിക്കഴിഞ്ഞിരുന്നു. പാർട്ടി ജനവിരുദ്ധതീരുമാനമെടുത്താൽ അത് ബോധ്യപ്പെടുത്താനും തിരുത്തിക്കാനും ആരെങ്കിലും വേണമല്ലോ എന്നായിരുന്നു വി.എസിന്‍റെ ചിന്തയത്രയും.
Read more at: 'എല്ലാ പെണ്ണുപിടിയന്‍മാര്‍ക്കും ഞാനെതിരാ'; സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത വി.എസ്
തൊണ്ണൂറുവയസു തികയുന്ന വേളയില്‍ ഗൗരിയമ്മ മനോരമ ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നുണ്ട്. 'വി.എസിന്‍റെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ നാല്‍പതു തവണ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുന്ന അവസ്ഥയുണ്ടായേനെ'. ഗൗരിയമ്മയുടെ നവതിദിവസം മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ ഗൗരിയമ്മയുടെ വീട്ടില്‍വന്നാണ് ഊണു കഴിച്ചത്. കുറെ വര്‍ഷങ്ങള്‍ക്കുശേഷം ആദ്യമായാണ് നോണ്‍ വെജിറ്റേറിയന്‍ കഴിച്ചത് എന്നു പറഞ്ഞത് ഓര്‍ക്കുന്നു.
മറ്റുള്ളവരെ അത്രയ്ക്കു വിശ്വസിക്കാത്ത വി.എസിന് തന്നില്‍ത്തന്നെയുള്ള വിശ്വാസം ആത്മബലമായിരുന്നു. വി.എസിന് പ്രായമായെന്നു പറഞ്ഞ രാഹുല്‍ ഗാന്ധിക്കാണ് 'തലനരയ്ക്കുന്നതല്ല വൃദ്ധത്വം' എന്ന വിഖ്യാതമറുപടി നല്‍കിയതെങ്കിലും അതു ചെന്നു തറച്ചത് സിപിഎമ്മിന്‍റെ തലയിലാണ്.
വി.എസ്.അച്യുതാനന്ദൻ അവസരത്തിനൊത്ത് ഉയരുന്ന നേതാവോ ഭരണാധികാരിയോ അല്ലായിരിക്കാം. എന്നാൽ അദ്ദേഹമൊരു അവസരവാദിയായിരുന്നില്ല. ലീഗിനെ കൂടെക്കൂട്ടാന്‍ സി.പി.എം നടത്തിയ ആലോചനകളെല്ലാം തട്ടിത്തകര്‍ന്നത് വി.എസ് എന്ന നെടുങ്കോട്ടയിലാണ്. ആന്‍റണിയുമായി തെറ്റിയ കരുണാകരന്‍റെ രാഷ്ട്രീയ പിന്തുണ സ്വീകരിച്ചപ്പോഴും പാമോലിന്‍ നിയമപോരാട്ടത്തിന്‍റെ കേസുകെട്ട് വി.എസിന്‍റെ പക്കല്‍ ഭദ്രമായിരുന്നു. കരുണാകരനോ, ആന്റണിയോ വേഷം മാറിവന്നാലൊന്നും തന്‍റെ നിലപാട് മാറില്ലെന്ന് വി.എസ് പിന്നീടൊരവസരത്തില്‍ തറപ്പിച്ചുതന്നെ പറഞ്ഞു.
Read more at: 'ജനകീയ സൂപ്പർ സ്റ്റാർ'; രാഷ്ട്രീയത്തിനപ്പുറം വെള്ളിത്തിരയിലും വിഎസ്
ഇഷ്ടാനിഷ്ടങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം തുറന്നുപറഞ്ഞു, 'തനിക്കൊരു വേര്‍ത്തിരിവ് ഉണ്ടെന്നത് സത്യമാണെന്ന്. ചുറ്റിക്കെട്ടുള്ളവരെ കെട്ടിപ്പിടിക്കില്ലെന്ന്.' വി.എസ് – പിണറായി തര്‍ക്കങ്ങള്‍ സി.പി.എമ്മും കോണ്‍ഗ്രസുംപോലെ എന്ന ധാരണ ഉണ്ടാക്കില്ലേ എന്നു ചോദിച്ചപ്പോള്‍ മറുപടി തന്നു, 'ചില കാര്യങ്ങള്‍ തുറന്നു പറയണം. എല്ലാ കമ്യൂണിസ്റ്റുകാരും ഒരു അച്ചിലിട്ട് വാര്‍ത്തപോലെ ഇരിക്കില്ല.'
പ്രസംഗവേദികളില്‍ വി.എസിന്‍റെ അച്ചും തച്ചും വേറിട്ടതായിരുന്നു. അതീവഗൗരവമുള്ള കാര്യങ്ങള്‍പോലും സ്വസിദ്ധമായ ശൈലിയില്‍ നീട്ടിപ്പറഞ്ഞ് ചിലപ്പോള്‍ ചിരിപ്പിക്കും. ഇതേക്കുറിച്ച് ഞാന്‍ ചോദിച്ചിട്ടുണ്ട്. ചിലരെ കളിയാക്കാന്‍ ഇതൊക്കെ വേണ്ടിവരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്.
ഏറെ വര്‍ഷങ്ങള്‍ക്കുമുമ്പ്, 1995ല്‍ ആലപ്പുഴയില്‍ മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ സമ്പൂര്‍ണ ശുചിത്വപദ്ധതിയുടെ ഉദ്ഘാടനവേദി. ഉദ്ഘാടകന്‍ പ്രതിപക്ഷനേതാവുകൂടിയായ സ്ഥലം എം.എല്‍.എ വി.എസ്. പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന പി.ഡി.മാലതിയെ നേരിട്ടുവിളിച്ച് കലക്ടറെ ചെന്നുകാണാനും പദ്ധതിയുടെ മാര്‍ഗരേഖ തയാറാക്കാനും നിര്‍ദേശിച്ചത് വി.എസായിരുന്നു. വി.എസ് പരിപാടിക്കെത്താന്‍ ഏറെ വൈകി. കാത്തിരുന്നു മടുത്തതോടെ പരിപാടി തുടങ്ങി. മറ്റുചില തിരക്കുകള്‍ ഉണ്ടായിരുന്നതിനാല്‍ വി.എസ് വരുന്നതിനുമുമ്പേ കലക്ടര്‍ മടങ്ങി. ഇതിനകം പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ അധ്യക്ഷപ്രസംഗമടക്കം പൂര്‍ത്തിയായിരുന്നു. അധ്യക്ഷപ്രസംഗത്തില്‍ ശുചിത്വപദ്ധതിയുടെയാകെ പിതൃത്വം കലക്ടര്‍ക്ക് പഞ്ചായത്ത് പ്രസിഡന്റ് ചാര്‍ത്തിക്കൊടുത്തെന്നും വി.എസിനെ അവഗണിച്ചെന്നും 'വേണ്ടപ്പെട്ട' ചിലര്‍ വേദിയില്‍വച്ചുതന്നെ അദ്ദേഹത്തെ അറിയിച്ചു. പ്രകോപിതനായ വി.എസ് പ്രസംഗത്തില്‍ ഇങ്ങനെ നീട്ടിപ്പാടി – 'മാലതീ, മാലതീ, മാമ്പഴം തിന്നുമ്പോള്‍ മാവു മറക്കല്ലേ മാലതി, മറക്കല്ലേ മാലതി.' പ്രസംഗത്തിനിടയില്‍ രണ്ടുവട്ടം കൂടി മാലതിയെ മറക്കാതിരുന്നു വി.എസ്.
Read more at: ഇനിയില്ല ആ വിഎസ് വൈബ്; വിഎസ് എന്ന രാഷ്ട്രീയത്തിലെ പെർഫോമിംഗ് ആർട്ടിസ്റ്റ്
മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ അപൂര്‍വമായേ അദ്ദേഹം ഉപമകള്‍ ഉപയോഗിച്ച് പ്രസംഗിച്ചിട്ടുള്ളൂ. 2010 ഒക്ടോബറിലെ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പു സമയത്ത് ഒരു പ്രസംഗത്തില്‍ ഇങ്ങനെ കേട്ടു – 'ലോക്സഭാ തിരഞ്ഞെടുപ്പിലെ ജയത്തിന്‍റെ നെഗളിപ്പിലായ യുഡിഎഫിന് ദേവലോകത്തിലേക്ക് ആനവാലില്‍ തൂങ്ങി സ്വര്‍ണം വാരാന്‍പോയ വിഡ്ഢികളുടെ അനുഭവമായിരിക്കും ഇത്തവണ. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും മാണിയും കുഞ്ഞാലിക്കുട്ടിയുമെല്ലാം ആനവാലില്‍ പിടിച്ച് ദേവലോകത്തിലേയ്ക്ക് പറക്കുകയാണ്. ഏറ്റവും പിന്നില്‍ നില്‍ക്കുന്നവന്‍ ഏറ്റവും മുന്നിലുള്ളവനോട്, അതായത് വാലില്‍ പിടിച്ചവനോട് ഒരു ചോദ്യം, എത്ര കിട്ടും? 'ഇത്ര' എന്ന് മറുപടിയില്‍ കൈവിടര്‍ത്തി. അപ്പോള്‍ എന്താണ് സംഭവിച്ചിരിക്കുക എന്ന് കഥയറിയുന്നവരോട് ഞാന്‍ പറയേണ്ടല്ലോ'.
പാര്‍ട്ടി പറഞ്ഞാലും സ്വന്തം കണ്ണുകളുടെയും കാതുകളുടെയും തെളിവുകള്‍ നിരസിക്കാത്ത വി.എസ് പാര്‍ട്ടിയില്‍ ഒരുകാലത്തും സര്‍വശക്തനായിരുന്നില്ല. അദ്ദേഹം ഒരു വിശുദ്ധദുര്‍ബലനായിരുന്നു. അതുകൊണ്ടുതന്നെ ജനകീയതയില്‍ ബലവാനും.
അങ്ങനെയൊന്നും വിട്ടുകൊടുക്കുന്ന ആളല്ല വി.എസ് മരണത്തിനുപോലും. അതു തെളിയിച്ചിട്ടാണ് വി.എസ് അനിവാര്യമായ ഒന്നിന് ഒപ്പം നിന്നത്. ഇനി പൂര്‍ണസ്വതന്ത്രമായ മടക്കയാത്ര. ശുദ്ധ കമ്യൂണിസ്റ്റുകാര്‍ ഏറെ ഉണ്ടായിരുന്ന ഒരു കാലത്തെപ്പറ്റിയുള്ള ഹരിതസ്മൃതിയാണ് വി.എസ്.സഖാവേ വിട.