സൂപ്പര്‍ സ്റ്റാറായിരുന്നു വിഎസ്. രാഷ്ട്രീയത്തിനപ്പുറം വിഎസ് എന്ന സിനിമപ്രേമിയെ അറിഞ്ഞു മലയാളികള്‍. സിനിമയില്‍ അഭിനയിച്ച, ചര്‍ച്ചയായ വിഎസിനെ അറിയാം.
രാഷ്ട്രീയത്തില്‍ മാത്രമല്ല സിനിമയിലും സിനിമ പ്രവര്‍ത്തകര്‍ക്കിടയിലും വിഎസ് ഒരു ആഘോഷമായിരുന്നു. ഒരു വികാരമായിരുന്നു. അദ്ദേഹത്തെ ഒന്നുകാണാന്‍ കാത്തിരുന്നു താരങ്ങള്‍. രാഷ്ട്രീയത്തിലെ അടവുകള്‍ക്കപ്പുറം സിനിമയുടെ ഫ്രെയിമിലേക്ക് എത്തിയ വിഎസിനെ പിന്നീട് കണ്ടു. വിഎസ് വിഎസായി തന്നെ എത്തിയ ക്യാംപസ് ഡയറി. അവിടേയും പോരാടുന്ന ജനങ്ങളുടെ രക്ഷകനായി തന്നെ അവതരിച്ചു. റിഹേഴ്സലൊന്നും വേണ്ടാത്ത ഒറ്റ ടേക്ക്. നീട്ടിയും കുറുക്കിയുമുള്ള അതേ ചാട്ടുളി പ്രസംഗം.
സയദ് ഉസ്മാന്‍റെ അറ്റ് വണ്‍സിലും അതിഥി താരമായി എത്തി. സിനിമയിലെ അധികായര്‍ രാഷ്ട്രീയത്തിലെ അധികായനെ കാട്ടിതന്നത് പലപ്പോഴും വിഎസിലൂടെയായിരുന്നു. വിഎസിലെ രാഷ്ട്രീയ നേതാവിന്‍റെ നന്മയെ സ്ക്രീനില്‍ കണ്ടത് പലതവണയാണ്. സിനിമയില്‍ വിഎസിന്‍റെ പേര് പരാമര്‍ശിക്കുമ്പോള്‍ കാണികള്‍ ഇടിമുഴക്കം പോലെ മുദ്രാവാക്യം വിളിച്ചു.
ആഘോഷങ്ങള്‍ക്കിടയിലും വിഎസ് വിമര്‍ശിക്കപ്പെട്ടു. പലസിനിമകളിലും ഒളിഞ്ഞും തെളിഞ്ഞു ദുഷ്ടനായ കഥാപാത്രത്തിന് വിഎസിന്‍റെ മുഖമായതും നമ്മള്‍ കണ്ടു. രാഷ്ട്രീയത്തിനപ്പുറം സാംസ്കാരിക വിഷയങ്ങളില്‍ ഇടപെട്ടിരുന്ന വിഎസ്, അമ്മയില്‍ നിന്ന് സ്ത്രീകള്‍ രാജി വെച്ച സംഭവം ധീരമായ നിലപാടെന്നും അവകാശങ്ങള്‍ക്ക് പരിഗണന നല്‍കാത്ത സംഘടനകള്‍ സിനിമ വ്യവസായത്തിന് ഒരുതരത്തിലും ഗുണം ചെയ്യില്ലെന്നും പറഞ്ഞു. ഒപ്പം താരാരാധയും അദ്ദേഹം എതിര്‍ത്തിരുന്നു.
ചലച്ചിത്രമേളകളിലും തിയറ്ററുകളിലും വിഎസ് നിറസാന്നിധ്യമായിരുന്നു. ആഴപ്പെരുക്കങ്ങള്‍ സൂക്ഷിക്കുന്ന കടലിരമ്പം പോലൊരാള്‍. സിനിമയില്‍ അഭിനയിച്ച, സിനിമയെ ഇഷ്ടപ്പെട്ട ഒരു നേതാവുണ്ടായിരുന്നു ഞങ്ങള്‍ക്ക് എന്ന് കൂടി വിഎസിനെ കുറിച്ച് വരും തലമുറ ഓര്‍ക്കും.