കമ്മ്യൂണിസ്റ്റ് ആശയങ്ങൾക്കായി ജീവിതം ഉഴിഞ്ഞുവെച്ച തന്നെയും തന്റെ പിതാവിനെയും വരെ അധിക്ഷേപിക്കുന്നവർക്കെതിരെ പൊട്ടിത്തെറിച്ച് ജി. സുധാകരൻ. അമ്പലപ്പുഴ മണ്ഡലത്തിലെ ചില നേതാക്കൾ തന്നെ 'സുധാകുരൻ' എന്ന് വിളിച്ചും അച്ഛനെ അധിക്ഷേപിച്ചും വ്യക്തിഹത്യ നടത്തുകയാണെന്നും ഇതിനെതിരെ പാർട്ടി തിരുത്തൽ നടപടി സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

തന്റെ രാഷ്ട്രീയ പാരമ്പര്യം വിശദീകരിച്ച സുധാകരൻ, അടിയന്തരാവസ്ഥക്കാലത്ത് താൻ അനുഭവിച്ച ക്രൂരമായ പൊലീസ് മർദ്ദനങ്ങളെക്കുറിച്ച് വികാരാധീനനായി സംസാരിച്ചു. "എസ്.എഫ്.ഐ വൈസ് പ്രസിഡന്റായിരിക്കെ എൽ.എൽ.ബി ഹാൾ ടിക്കറ്റ് പോക്കറ്റിലിട്ടാണ് പഠിപ്പുമുടക്കി സമരത്തിന് പോയത്. സെക്രട്ടേറിയറ്റിന് മുന്നിൽ വെച്ച് പൊലീസ് തടഞ്ഞു. കന്റോൺമെന്റ് സ്റ്റേഷനിൽ വെച്ച് എട്ട് പോലീസുകാർ ചേർന്നാണ് ഓരോരുത്തരെയും തല്ലിയത്. അന്ന് പോയതാണ് എന്റെ വാച്ച്, പിന്നീട് ഇന്നുവരെ ഞാൻ വാച്ച് കെട്ടിയിട്ടില്ല," അദ്ദേഹം ഓർമ്മിച്ചു. റിമാൻഡിലായ തന്നെ കാണാൻ ഇ.എം.എസ്സും എ.കെ.ജി.യും എത്തിയതും ഹൈക്കോടതി ഇടപെട്ട് പരീക്ഷ എഴുതാൻ അനുവാദം നൽകിയതും അദ്ദേഹം വിവരിച്ചു

മർദ്ദനങ്ങളും ഗുണ്ടായിസവും നേരിട്ടാണ് താൻ ഇന്നത്തെ നിലയിലെത്തിയത്. ഒരു കാലത്തും അഴിമതിയോട് വിട്ടുവീഴ്ച ചെയ്തിട്ടില്ല. "അസംബ്ലിയിൽ പോയാൽ ഇനിയും അഴിമതിക്കെതിരെ ശബ്ദമുയർത്തും. പ്രത്യയശാസ്ത്രത്തോട് നൂറുശതമാനം നീതി പുലർത്തിയാണ് ഇതുവരെ പ്രവർത്തിച്ചത്," അദ്ദേഹം പറഞ്ഞു. മാന്യമായ ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നു. എന്നാൽ അനാവശ്യമായ വ്യക്തിഹത്യ നടത്തിയാൽ മാന്യമായ ഭാഷയിൽ തന്നെ ശക്തമായി തിരിച്ചടിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

അടിയന്തരാവസ്ഥക്കാലത്ത് ലോക്കപ്പിൽ കൊടിയ മർദ്ദനം ഏറ്റുവാങ്ങിയ രാഷ്ട്രീയ പാരമ്പര്യമാണ് തന്റേത്. 15-ഓളം പാർട്ടി കോൺഗ്രസുകളിൽ പങ്കെടുക്കുകയും കേന്ദ്ര കമ്മിറ്റിക്ക് വേണ്ടി വരെ റിപ്പോർട്ടുകൾ അവതരിപ്പിക്കുകയും ചെയ്ത തന്നെ പാർട്ടിക്ക് വേണ്ടി ജീവിച്ച വ്യക്തിയായിട്ടാണ് ജനങ്ങൾ കാണുന്നത്. ഒരു പാർട്ടിയുടെയും ദൗത്യവുമായി ആരും തന്നെ കാണാൻ വന്നിട്ടില്ലെന്നും മറ്റൊരു പാർട്ടിയിലും ചേരാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം ആവർത്തിച്ചു.

മാധ്യമങ്ങൾ താൻ പറയാത്ത കാര്യങ്ങൾ പടച്ചുവിടുകയാണ്. യു.ഡി.എഫ് പിന്തുണയോടെ മത്സരിക്കുമെന്ന് താൻ ഒരു നേതാവിനോടും പറഞ്ഞിട്ടില്ല. എന്നാൽ തന്റെ പേരിൽ വ്യാജവാർത്തകൾ നൽകാൻ ചിലർ ബ്രോക്കർ പണി എടുക്കുന്നുണ്ട്. പാർട്ടിയിൽ നിന്ന് അവഗണന നേരിടുമ്പോഴും കമ്മ്യൂണിസ്റ്റ് ആദർശം വിടില്ലെന്നും അദ്ദേഹം പറഞ്ഞു.

ENGLISH SUMMARY:

G. Sudhakaran is lashing out against those who defame him and his father for their commitment to communist ideology. He alleges personal attacks and character assassination by certain leaders in the Ambalappuzha constituency, who have reportedly insulted him and his father, with the party failing to take corrective action.