സി.പി.എമ്മിനെ തീർത്തും പ്രതിരോധത്തിലാക്കിക്കൊണ്ട് അമ്പലപ്പുഴ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് മുതിർന്ന നേതാവ് ജി. സുധാകരൻ. പാർട്ടിക്കുള്ളിലെ വ്യക്തിഹത്യയിലും അവഗണനയിലും പ്രതിഷേധിച്ചാണ് ഈ നീക്കമെങ്കിലും, താൻ പാർട്ടിക്കെതിരെയല്ല മത്സരിക്കുന്നതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഏറെ നേരം നീണ്ട വാർത്താസമ്മേളനത്തിനൊടുവിലാണ് നിർണ്ണായക പ്രഖ്യാപനം ഉണ്ടായത്. എന്നാൽ, തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പരമ്പരാഗത രീതികൾ പിന്തുടരില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
താൻ മത്സരരംഗത്തുണ്ടാകുമെങ്കിലും തിരഞ്ഞെടുപ്പ് കൺവെൻഷനുകൾ നടത്തുകയോ ചുമരെഴുത്തുകൾ നടത്തുകയോ ചെയ്യില്ലെന്ന് സുധാകരൻ പറഞ്ഞു. "ഞാൻ ഒരു പാർട്ടിയുടെയോ മുന്നണിയുടെയോ ഭാഗമല്ല. ആരുടെയും പിന്തുണ തേടി അങ്ങോട്ട് പോകില്ല. എന്നാൽ എന്നെ പിന്തുണയ്ക്കാൻ ആരെങ്കിലും വന്നാൽ തടയുകയുമില്ല," അദ്ദേഹം നിലപാട് വ്യക്തമാക്കി. തന്റെ മത്സരം പാർട്ടിക്കെതിരെയല്ലെന്നും മറിച്ച് തന്നെയും കുടുംബത്തെയും അപമാനിക്കാൻ ശ്രമിക്കുന്നവർക്കെതിരെയുള്ള ജനാധിപത്യപരമായ പോരാട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
പ്രായത്തിന്റെ പേരിൽ തന്നെ മാറ്റിനിർത്തുന്നതിനെതിരെ കടുത്ത ഭാഷയിലാണ് അദ്ദേഹം പ്രതികരിച്ചത്. ലെനിനും മാവോയും കാസ്ട്രോയും മരണം വരെ ഭരണാധികാരികളായിരുന്നു എന്ന് ഓർമ്മിപ്പിച്ച അദ്ദേഹം, തന്നെ 'കിളവൻ' എന്ന് വിളിച്ച് ആക്ഷേപിക്കാൻ ആർക്കും അവകാശമില്ലെന്നും തുറന്നടിച്ചു. തോമസ് ഐസക്കിനെതിരെ ഇല്ലാത്ത പ്രായപരിധി തനിക്കെതിരെ പ്രയോഗിക്കുന്നത് രാഷ്ട്രീയമായ പാപ്പരത്തമാണെന്നും, ഏത് ബൂർഷ്വാ പ്രഭാഷകനെയും വെല്ലുവിളിക്കാൻ തനിക്ക് ഇന്നും ശേഷിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജി. സുധാകരൻ സ്വതന്ത്രനായി രംഗത്തെത്തുന്നതോടെ അമ്പലപ്പുഴയിലെ രാഷ്ട്രീയ ചിത്രം പൂർണ്ണമായും മാറിമറിഞ്ഞു. ഇതിനോടകം തന്നെ സുധാകരനെ പിന്തുണയ്ക്കാൻ യു.ഡി.എഫ് തീരുമാനിച്ചിട്ടുള്ളതിനാൽ സി.പി.ഐ.എം കോട്ടയിൽ ഇത്തവണ മത്സരം പ്രവചനാതീതമാകും.