സി.ജെ.പി പ്രതിഷേധത്തനിടെ പെല്ലറ്റുകളേറ്റ് പരുക്കേറ്റവര്‍ക്ക് ഡല്‍ഹി സര്‍ക്കാര്‍ ചികില്‍സ നല്‍കണമെന്ന് സുപ്രീം കോടതി. അസാധാരണ സാഹചര്യങ്ങളില്‍ പെല്ലറ്റ് തോക്ക് ഉപയോഗിക്കാമെന്നും കോടതി നിരീക്ഷിച്ചു. അതേസമയം, കേസുകള്‍ പിന്‍വലിക്കുന്നതിലടക്കം കേന്ദ്ര സര്‍ക്കാര്‍ രേഖാമൂലം ഉറപ്പുനല്‍കാത്തതില്‍ വീണ്ടും പ്രതിഷേധത്തിനൊരുങ്ങുകയാണ് സി.ജെ.പി.

സി.ജെ.പി പ്രതിഷേധത്തിനിടെ പെല്ലറ്റേറ്റ് പരുക്കേറ്റ രണ്ടുപേരും ഐബി മുൻ സ്‌പെഷൽ ഡയറക്ടറുമാണ് സുപ്രീം കോടതിയെ സമീപിച്ചത്. പെല്ലറ്റ് തോക്ക് പ്രയോഗത്തില്‍ പരുക്കേറ്റ പ്രതിഷേധക്കാർക്ക് ഡല്‍ഹി സര്‍ക്കാര്‍ ചികിത്സ ഉറപ്പാക്കണമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഉത്തരവിട്ടു. പ്രതിഷേധിക്കുന്നവരോട് അക്രമം പാടില്ല എന്ന വാദത്തോട് യോജിക്കുന്നു, എന്നാല്‍ അസാധാരണ സാഹചര്യങ്ങളില്‍ പെല്ലറ്റ് ഉപയോഗിക്കാന്‍ നിയമം അനുവദിക്കുന്നണ്ടെന്ന് കോടതി നിരീക്ഷിച്ചു.

പൊലീസിന് മനോവീര്യം നല്‍കുന്നതാണ് ആയുധമെന്നും ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി. ജനക്കൂട്ടം അക്രമാസക്തമായിരുന്നില്ലെന്നും അനുമതിയില്ലാതെയാണ് പെല്ലറ്റ് പ്രയോഗിച്ചതെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. പെല്ലറ്റ് പ്രയോഗത്തിന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ രൂപീകരിക്കേണ്ടി വരുമെന്ന് നിരീക്ഷിച്ചാണ് കോടതി ഹര്‍ജി പിന്നീട് പരിഗണിക്കാന്‍ മാറ്റിയത്. അതേസമയം, പ്രതിഷേധം നേരിട്ടതില്‍ ദ്രുതകര്‍മസേനയ്ക്ക് പൂർണ്ണ പിന്തുണയുമായി സിആര്‍പിഎഫ് ഡയറക്ടർ ജനറൽ ജി.പി.സിങ് രംഗത്തെത്തി. രാജ്യത്തിന്റെയും നന്മയ്ക്കായി ഭയമില്ലാതെ കർത്തവ്യം തുടരുക എന്ന ഉത്തരവാദിത്തം താൻ ഏറ്റെടുക്കുമെന്നാണ് പ്രതികരണം.

എന്നാല്‍ പൊലീസ് നടപടി ഉണ്ടാകില്ലെന്ന ഉറപ്പടക്കം രേഖാമൂലം നൽകാത്തതില്‍ വീണ്ടും പ്രതിഷേധം ആരംഭിക്കാനുള്ള ആലോചനയിലാണ് സി.ജെ.പി. വിദ്യാർത്ഥികളെ ഉപദ്രവിക്കുന്നത് നിർത്തിയില്ലെങ്കില്‍ വരുന്ന തിരഞ്ഞെടുപ്പുകളിൽ ജനം തിരിച്ചടി നൽകുമെന്നും മോദി പ്രധാനമന്ത്രി പദവി ഒഴിഞ്ഞ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാകണമെന്നും അഭിജീത് ദീപ്കെ പറഞ്ഞു. അതേസമയം, ബിഹാറിൽ വിദ്യാർഥി പ്രതിഷേധങ്ങൾക്കെതിരെ എടുത്ത 64 കേസുകൾ റദ്ദാക്കി. പ്രായപൂർത്തിയാകാത്ത 339 പേരെ വിട്ടയച്ചു.

ENGLISH SUMMARY:

The Supreme Court has ordered the Delhi government to provide medical treatment to those injured by pellets during CJP protests while observing that pellet guns can be used in extraordinary circumstances, as the CJP plans fresh protests over the central government's failure to provide written guarantees on withdrawing cases, following a petition by two pellet-injured protesters and a former IB special director, with Chief Justice Surya Kant and Justice Joymalya Bagchi noting that pellet use is permitted under exceptional laws to boost police morale, though the court will consider framing guidelines later, while CRPF DG G.P. Singh backed the Rapid Action Force, CJP leader Abhijit Deepke warned of electoral backlash and mocked Prime Minister Modi, and Bihar dropped 64 student protest cases and released 339 minors.