Image Credit : AI (left), facebook/thrissurcitypolice (right)

നിറവയറും താങ്ങി കോടതിയില്‍ മൊഴി നല്‍കാനെത്തിയ പൊലീസുകാരിക്ക് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രസവം. ഒല്ലൂര്‍ സ്റ്റേഷനിലെ സിപിഒ ശ്രീലക്ഷ്മിയാണ് കൃത്യനിര്‍വഹണത്തിനായി ഓടിയെത്തി മണിക്കൂറുകള്‍ക്കകം ആണ്‍കുഞ്ഞിന് ജന്‍മം നല്‍കിയത്. ഒല്ലൂര്‍ സ്റ്റേഷനിലെ ഇന്‍സ്പെക്ടറായിരുന്ന ഫര്‍ഷാദിനെ ആക്രമിച്ച് പരുക്കേല്‍പ്പിച്ച കേസില്‍ മൊഴി നല്‍കുന്നതിനായാണ് ശരീരത്തിന്‍റെ ബുദ്ധിമുട്ടുകള്‍ വകവയ്ക്കാതെ ശ്രീലക്ഷ്മി എത്തിയത്. എന്നാല്‍ കോടതിയില്‍ വച്ച് ബ്ലീഡിങ് കണ്ടതോടെ ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

കോടതിയില്‍ മൊഴി നല്‍കിയ ശേഷം പ്രസവാവധിയില്‍ പ്രവേശിച്ചാല്‍ മതിയെന്നായിരുന്നു ശ്രീലക്ഷ്മിയുടെ തീരുമാനം. ലീവ് നേരത്തെയാക്കി വിശ്രമിക്കൂവെന്ന് വീട്ടുകാരും സഹപ്രവര്‍ത്തകരും അറിയിച്ചുവെങ്കിലും സഹപ്രവര്‍ത്തകന് നീതി ലഭിക്കുന്നതിന് തടസമുണ്ടാകരുതെന്ന് കരുതി ശ്രീലക്ഷ്മി ജോലിയില്‍ തുടര്‍ന്നു. ഗര്‍ഭകാലത്തത്രയും ഓട്ടോറിക്ഷയിലാണ് ശ്രീലക്ഷ്മി സ്റ്റേഷനിലേക്ക് എത്തിയിരുന്നത്. വിശ്രമം വേണ്ട സമയത്തും ഡ്യൂട്ടിയിലെത്തുകയും കൃത്യനിര്‍വഹണം നടത്തുകയും ചെയ്ത ആത്മാര്‍ഥതയെ സിറ്റി പൊലീസ് കമ്മിഷണര്‍ അഭിനന്ദിച്ചു. 

ENGLISH SUMMARY:

A pregnant policewoman in Kerala, CPO Sreelakshmi, gave crucial testimony in court before being rushed to the labor room for delivery. Her dedication, despite bleeding, for a colleague's justice has been widely praised by police officials.