കഴിഞ്ഞ തിരുവോണത്തിന് തൃശൂര്‍ വടക്കാഞ്ചേരി തെക്കുംക്കരയില്‍ വഴിയരികില്‍ അറുപത്തിയരണ്ടുകാരന് പൊള്ളലേറ്റിരുന്നു. മദ്യലഹരിയില്‍ വഴിയരികില്‍ വീണുകിടന്ന ശശിയ്ക്കായിരുന്നു പൊള്ളലേറ്റത്. തിളച്ച വെള്ളം ദേഹത്തൊഴിച്ചാണ് പൊള്ളലേല്‍പിച്ചതെന്ന് വടക്കാഞ്ചേരി പൊലീസിന്‍റെ അന്വേഷണത്തില്‍ തെളി‍ഞ്ഞിരുന്നു. ആരാണ് ഈ ക്രൂരകൃത്യം ചെയ്തതെന്ന് ഒരു തെളിവുമില്ല. ദൃക്സാക്ഷിയില്ല. സി.സി.ടി.വി. ദൃശ്യങ്ങളുമില്ല. എന്നിട്ടും ആളെ കണ്ടെത്തി കേരള പൊലീസിലെ മിടുക്കര്‍.

മുപ്പതു പേരെ ചോദ്യംചെയ്തു

ശശി കിടന്നിരുന്ന വഴിയോരത്തെ വീട്ടുകാരെ, അതുവഴി കടന്നു പോയവരെ തുടങ്ങി സംശയമുള്ള എല്ലാവരേയും ചോദ്യംചെയ്തു. പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായിരുന്നു ശശി. ദീര്‍ഘനാള്‍ നീണ്ട ആശുപത്രിവാസത്തിനു ശേഷമാണ് ജീവിതത്തിലേയ്ക്കു മടങ്ങി എത്തിയത്. ശശി കിടന്നിരുന്നത് വീടിന്‍റെ ഗേയ്റ്റിനു സമീപത്തായിരുന്നു. വീട്ടുകാരന് പങ്കുണ്ടെന്ന സംശയത്തില്‍ അന്നുതന്നെ വിളിച്ചുവരുത്തി ചോദ്യംചെയ്തിരുന്നു. അറുപതുവയസുകാരനായ രാജന്‍റെ വീടിനു സമീപത്തായിരുന്നു ശശി കിടന്നിരുന്നത്. നിരവധി പേരെ ചോദ്യംചെയ്തെങ്കിലും രാജനെ സംശയത്തിന്‍റെ നിഴലില്‍ നിര്‍ത്തി. രാജനെ നിരീക്ഷിക്കാന്‍ വടക്കാഞ്ചേരി പൊലീസ് തീരുമാനിച്ചു. 

സുഹൃത്തുക്കളെ ‘സോപ്പിട്ടു’

പൊലീസ് ചെയ്തത് രാജന്‍റെ സുഹൃത്തുക്കളെ സോപ്പിടലാണ്. പൊലീസ് ഉദ്യോഗസ്ഥര്‍ നിരന്തരമായി സംസാരിച്ച് ഈ സുഹൃത്തുക്കളുടെ വിശ്വാസം പിടിച്ചുപ്പറ്റി. പതിയെ പതിയെ പൊലീസ് കാര്യം പറഞ്ഞു. നിങ്ങള്‍ അന്വേഷണത്തോട് സഹകരിക്കണം. രാജന്‍റെ മനസറിയണം. പൊലീസിന്‍റെ ഈ നീക്കം ഫലംകണ്ടു. രാജനും സുഹൃത്തുക്കളും ഒന്നിച്ചിരുന്ന് ഷാപ്പില്‍ കള്ളുക്കുടിക്കുന്നതിനിടെ ഈ വിഷയം എടുത്തിട്ടു. പൊള്ളലേറ്റ ശശിയെക്കുറിച്ചായി ചര്‍ച്ച. വഴിയരികില്‍ കുടിച്ച് പൂസായി കിടക്കുന്നത് ശരിയല്ല, ആ വഴിയിലെ വീട്ടുകാര്‍ക്ക് വലിയ ബുദ്ധിമുട്ടല്ലെ! ഇത്തരം കമന്‍റുകള്‍ പറഞ്ഞപ്പോള്‍ രാജന്‍ മനസ് തുറന്നു. ‘ഞാന്‍ നല്ല പണി കൊടുത്തിരുന്നു. എന്‍റെ വീടിനു മുമ്പില്‍ ലക്കില്ലാതെ കുടിച്ച് കിടക്കുന്ന ശശിയെ പാഠംപഠിപ്പിക്കാന്‍ തന്നെയാണ് ദേഹത്ത് ചൂടിവെള്ളം ഒഴിച്ചത്’’. 

സുഹൃത്തുക്കള്‍ മൊഴി നല്‍കി

രാജന്‍റെ സുഹൃത്തുക്കള്‍തന്നെ പൊലീസിന് ഈ വിവരം കൈമാറി. കോടതിയില്‍ രഹസ്യമൊഴിയും കൊടുത്തു. ഇതിനു പിന്നാലെയാണ്, രാജനെ വടക്കാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. പക്ഷേ, രാജന്‍ ഇതുവരെ പൊലീസിനോട് സമ്മതിച്ചിട്ടില്ല. താനിതു ചെയ്തിട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് രാജന്‍. വധശ്രമത്തിനു കേസെടുത്തതിനാല്‍ ഇനി പെട്ടെന്ന് ജാമ്യവും കിട്ടില്ല. രാജനും ശശിയും സുഹൃത്തുക്കളാണ്. ഈ സംഭവത്തിനു ശേഷം ആശുപത്രിവിട്ട ശേഷം ഇരുവരും ഒന്നിച്ച് കൂടിയിരുന്നതായി രാജന്‍ പറയുന്നുമുണ്ട്. കേസ് തെളിഞ്ഞതിന്‍റെ സന്തോഷത്തിലാണ് വടക്കാഞ്ചേരി പൊലീസ്. 

ENGLISH SUMMARY:

Malayala Manorama Online News reports on a remarkable feat by the Kerala Police in solving a brutal crime in Thrissur's Vadakkencherry. Despite a lack of witnesses or CCTV footage, investigators successfully identified the perpetrator who had poured boiling water on a man lying by the roadside.