സ്നേഹവും സ്നേഹപ്രകടനങ്ങളും ഇഴചേരുന്ന ഒരു കുടുംബം സോഷ്യൽ മീഡിയയിൽ ഇന്ന് വൈറലാണ്. തൃശൂർ കൊടകരയിലാണ് ആ വൈറൽ ഫാമിലി. അവരുടെ സ്നേഹ ഭവനത്തിന്റെ വിശേഷങ്ങള്‍.
പെറ്റമ്മയുടെ മടിയിൽ തല ചായ്ച്ചുവെച്ച് മകൻ കിടക്കുന്നു. മാതൃവാത്സല്യത്തിൽ അലിഞ്ഞ മകന്‍റെ തോളോട് ചേർന്ന് ഭാര്യ പങ്കുചേരുന്നു. ആ സ്നേഹവലയത്തിലേക്ക് ഒന്നിന് പുറകെ ഒന്നായി അഞ്ചുമക്കളും വന്നുചേരുന്ന ആ മനോഹര കാഴ്ച പ്രേക്ഷകരിൽ ഒരു ഒന്നൊന്നര അനുഭവമാകുന്നു. ഈ റീൽ കണ്ട മൂന്നു മില്യൻ കാഴ്ചക്കാരുടെ മുഖത്ത് പുഞ്ചിരിയും ഹൃദയത്തിൽ ആഹ്ളാദവും അലയടിച്ചു. റീൽ പോലെ തന്നെ റിയൽ ലൈഫിലും ഈ കുടുംബം സ്നേഹത്തിന്‍റെയും സന്തോഷത്തിന്‍റെ മാതൃകകളാണ്. ജോജോ ജോണിയും ഭാര്യയും അമ്മയും അഞ്ച് മക്കളും അടങ്ങുന്ന മൂന്ന് തലമുറകളാണ് ഈ വീട്ടിലുള്ളത്. എല്ലാവരും സകലകലാവല്ലഭർ.
കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം എന്നു പറയുന്നത് എത്ര ശരിയാണ്. എല്ലാവരും ഒന്നിച്ചാൽ ഇവിടം സ്വർഗമാകുന്നു.
വാർത്തകളിൽ കുടുംബവഴക്കുകളും കൊലപാതകങ്ങളും ദിനംപ്രതി കൂടുമ്പോൾ സ്നേഹത്തിന്‍റെ ഈ മാതൃകയും വാർത്തകളിൽ ഇടം പിടിക്കട്ടെ.