സോഷ്യല്‍മീഡിയ താരം പച്ചവീട്ടില്‍ പ്രശ്നേഷിന്റെ കാര്‍ വില്‍പ്പനയ്ക്ക്. രോഹിത് എന്നറിയപ്പെടുന്ന പ്രശ്നേഷ് തന്റെ അവസ്ഥ വിവരിച്ച് സോഷ്യല്‍മീഡിയയില്‍ വിഡിയോ പോസ്റ്റ് ചെയ്തു. കാര്‍ വില്‍ക്കാനുണ്ട് എന്ന ക്യാപ്ഷനോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. തന്റെ കയ്യിലിരിപ്പുകൊണ്ട് ഒളിവില്‍ പോകേണ്ടി വന്നപ്പോഴും തന്റെ വീടും ആശ്രയവുമായിരുന്നു ഈ കാറെന്നും, സര്‍വീസ് ഉള്‍പ്പെടെ കൃത്യസമയത്ത് നടത്തിയ വണ്ടിയ്ക്ക് ആറുലക്ഷം രൂപവരെ പ്രതീക്ഷിക്കുന്നതായും പ്രശ്നേഷ് പറയുന്നു.
‘എന്റെ കയ്യിലിരിപ്പുകൊണ്ട് എനിക്ക് വീടും കൂടുമൊന്നുമില്ലാതായപ്പോള്‍, ഒളിവിലൊക്കെ പോവേണ്ടി വന്നപ്പോള്‍ പോലും ഭാര്യയേയും തന്നേയും സേഫായി കൊണ്ടുനടന്ന കാറാണിത്. ഞങ്ങളുടെ വീടായിരുന്നു, കൂടായിരുന്നു, കഴിഞ്ഞ ദിവസമാണ് എന്റെ അച്ഛനെ ഒന്ന് വണ്ടിയില്‍ കയറ്റി ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പറ്റിയത്. എല്ലാംകൊണ്ടും ഇപ്പോഴാണ് ഇവന്റെ പര്‍പസ് കംപ്ലീറ്റ് ആയത്, മുന്‍പത്തെ ഉടമ നോക്കിയപോലെ തന്നെ പൊന്നുപോലെയാണ് ഞാനിവനെ(കാര്‍) നോക്കിയത്. എന്നേക്കാളും അടിപൊളിയായാണ് ഞാനിവനെ നോക്കിയത്, പക്ഷേ ഇനിയങ്ങനെ നോക്കാന്‍ പറ്റണമെന്നില്ല, കാരണം എന്റെ ഫിനാന്‍ഷ്യല്‍ സിറ്റുവേഷന്‍ മോശംമോശം മോശമാണ്. അതുകൊണ്ടാണ് നന്നായി നോക്കുമെന്ന് ഉറപ്പുള്ള കൈകളിലേക്ക് കൈമാറാന്‍ ഞാന്‍ ആഗ്രഹിക്കുന്നത്. 65,000കിമീറ്ററിലാണ് ഞാന്‍ വണ്ടിയിറക്കിയിട്ടുള്ളത്, ഇപ്പോള്‍ 1ലക്ഷത്തി 5000 ഓടിച്ചു. പ്രോപ്പര്‍ സര്‍വീസും മേജര്‍ സര്‍വീസും നടന്നു,
ആറുലക്ഷം രൂപവരെ തന്റെ വണ്ടിക്ക് ലഭിക്കുമെന്നാണ് പലരും പറഞ്ഞതെന്നും എങ്കിലും വാങ്ങുന്നയാള്‍ക്ക് മുതലാകുന്ന രീതിയില്‍ തന്നെ വില്‍ക്കാമെന്നും പറയുന്നു പ്രശ്നേഷ്. നേരത്തെ കുടുംബവുമായുണ്ടായ പ്രശ്നങ്ങളുടെ പേരില്‍ പലതവണ എയറിലായിരുന്നു പ്രശ്നേഷ്. അമ്മയും സഹോദരിയും പ്രശ്നേഷിനെതിരെ രംഗത്തുവന്നിരുന്നു. അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ പറയുന്നുവെന്നാരോപിച്ച് കുടുംബം പ്രശ്നേഷിനെ വീട്ടില്‍ നിന്നും പുറത്താക്കുന്ന അവസ്ഥയിലേക്കും കാര്യങ്ങളെത്തിയിരുന്നു. ആ സമയത്ത് കാറിലായിരുന്നു രോഹിതും ഭാര്യയും താമസിച്ചിരുന്നത്.
മെക്കാനിക്കല്‍ എന്‍ജിനിയറുടെ ജോലി ഉപേക്ഷിച്ചാണ് ആലപ്പുഴ സ്വദേശി രോഹിത് നേരത്തേ കൂലിപ്പണിക്കിറങ്ങിയിരുന്നത്. ആദ്യഘട്ടത്തില്‍ കൂലിക്ക് പറമ്പ് വൃത്തിയാക്കി,ആ വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. പിന്നീട് ഗ്രീന്‍ഹൗസ് ക്ലീനിങ് എന്ന പേരില്‍ പേജ് ആരംഭിച്ചു. പണിക്കായി നാല് തൊഴിലാളികളേയും നിര്‍ത്തിയിരുന്നു. സാമ്പത്തികം ഉള്‍പ്പെടെ മികച്ച അവസ്ഥയിലേക്കെത്തിയിരുന്നെങ്കിലും പിന്നീട് കാര്യങ്ങള്‍ മാറിമറിഞ്ഞു. രോഹിത് ഈ വിഡിയോയില്‍ പറയുന്ന പോലെ സ്വന്തം കയ്യിലിരിപ്പുകൊണ്ടു തന്നെയാണ് കാര്‍ വില്‍ക്കേണ്ട അവസ്ഥയിലത്തിയതെന്നാണ് രോഹിതിന്റെ തന്നെ വിലയിരുത്തല്‍.