Image Credit:X
നീറ്റ് ക്രമക്കേടിനെതിരെ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തുവെന്ന പേരില്‍ തനിക്കെതിരെ പൊലീസ് വ്യാജ കേസ് റജിസ്റ്റര്‍ ചെയ്തുവെന്ന് ആരോപിച്ച് യുവാവിന്‍റെ വിഡിയോ. ബിഹാറിലെ കിഷന്‍ഗഞ്ച് സ്വദേശിയായ മുഹമ്മദ് സദാഖത്താണ് വിഡിയോയുമായി രംഗത്തെത്തിയിരിക്കുന്നത്. താന്‍ നാലുമാസമായി റഷ്യയിലാണെന്നും പഠിക്കുകയാണെന്നും യുവാവ് പറയുന്നു. നീറ്റ് പ്രതിഷേധക്കാര്‍ക്കെതിരെ റജിസ്റ്റര്‍ െചയ്ത കേസുകളെല്ലാം പിന്‍വലിച്ചുവെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നതിനിടയിലാണ് യുവാവിന്‍റെ വിഡിയോ വൈറലായിരിക്കുന്നത്.
ഇന്ത്യയില്‍ പോലുമില്ലാത്ത തനിക്കെതിരെ കേസെടുത്തതിന്‍റെ കാര്യമെന്താണെന്നാണ് വിഡിയോയില്‍ യുവാവ് ചോദിക്കുന്നത്. ജൂലൈ 25ന് ബഹാദുര്‍ഗഞ്ചില്‍ നടന്ന സമരത്തില്‍ സദാഖത്ത് പങ്കെടുത്തുവെന്നാണ് എഫ്ഐആറില്‍ പറയുന്നത്. എന്നാല്‍ രാജ്യത്തേയില്ലാത്ത തന്നെ എങ്ങനെയാണ് കേസില്‍ ഉള്‍പ്പെടുത്തിയതെന്നും ഇത്തരത്തില്‍ വ്യാജ കേസുകള്‍ ചമയ്ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണവും നടപടിയും വേണമെന്നും തന്‍റെ പേരിലുള്ള എഫ്ഐആര്‍ റദ്ദാക്കണമെന്നും യുവാവ് വിഡിയോയില്‍ ആവശ്യപ്പെടുന്നു.
വിഡിയോയ്ക്ക് പിന്നാലെ വാര്‍ത്താ ഏജന്‍സിയായ പിടിഐ കിഷന്‍ഗഞ്ച് പൊലീസിനെ ബന്ധപ്പെട്ടുവെങ്കിലും സദാഖത്തിന്‍റെ വാദം നിഷേധിക്കാന്‍ അധികൃതര്‍ തയാറായില്ല. പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകളില്‍ ഉയര്‍ന്ന പരാതികള്‍ പരിഗണിക്കുമെന്നാണ് പൊലീസിന്‍റെ പ്രതികരണം.
694 പേരെയാണ് നീറ്റ് പ്രതിഷേധവുമായി ബന്ധപ്പെട്ട് പൊലീസ് ബിഹാറില്‍ മാത്രം അറസ്റ്റ് ചെയ്തത്. ഇതില്‍ പകുതിയോളം പ്രായപൂര്‍ത്തായാകാത്ത വിദ്യാര്‍ഥികളാണ്. നീറ്റ് പരീക്ഷാ ക്രമക്കേടില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ബന്ദ് നടത്തിയതിലായിരുന്നു വിദ്യാര്‍ഥികളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്തത്.