ഇടഞ്ഞ കൊമ്പനെ തളയക്കാൻ വെറ്ററിനറി ഡോക്ടർമാർ ഇനി പിന്നാലെ ഓടി റിസ്ക്ക് എടുക്കേണ്ട. ഡ്രോൺ വിട്ട് ആനയെ മയക്കുവെടി വയ്ക്കാനുള്ള സംവിധാനം തൃശൂരിൽ വികസിപ്പിച്ചെടുത്തു. ഗജാസ്ത്ര എന്നാണ് ഈ ഡ്രോണിന്റെ പേര്. 

 വെറ്ററിനറി ഡോക്ടർമാർ ജീവന പണയപ്പെടുത്തിയാണ് ഇടഞ്ഞ കൊമ്പൻ്റെ പിന്നാലെ ഓടാറുള്ളത്. 1995ൽ  ഇങ്ങനെ ഡോക്ടർ മരിച്ചിട്ടുമുണ്ട്. ഈ മരണം നേരിൽക്കണ്ട വെറ്ററിനറി ഡോക്ടർ പി.ബി.ഗിരിദാസാണ് പുതിയ സംവിധാന വികസിപ്പിച്ചെടുത്തത്. ഉൽസവ സീസണിൽ കൊമ്പൻ ഇടയുന്നത് പതിവാണ്. പലപ്പോഴും ആനയെ തളയ്ക്കാൻ സമയമെടുക്കും.

ഇനി, നാട്ടാനയുടെ കാര്യത്തിൽ മാത്രമല്ല. വന്യജീവികളുടെ അടുത്തേയ്ക്കും ഡ്രോൺ വിട്ട് മയക്കുവെടി വയ്ക്കാം. ഇരുപതു കിലോയോളം ഭാരമുണ്ട് ഡ്രോണിന്. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകൾ ലക്ഷ്മിയുടെ പേരിലുള്ള ട്രസ്റ്റാണ് പണം ചെലവിട്ടത്. ഒൻപതു ലക്ഷം രൂപ ചെലവായി. 

നിലവിൽ ഒരു ഡ്രോൺ മാത്രമാണ് നിർമിച്ചത്. പേറ്റന്റ് എടുത്ത ശേഷം മറ്റിടങ്ങളിലും നിർമിച്ചു നൽകും. മുന്നൂർ മീറ്റർ അകലെ നിന്ന് ഡ്രോൺ നിയന്ത്രിക്കാം. വിഷ്വൽ തൽസമയം ഫോണിലും കാണാം. ഡ്രോൺ പറത്താനുള്ള പരിശീലന കോഴ്സും പാസായി സർട്ടിഫിക്കറ്റ് സ്വന്തമാക്കിയാണ് ഗിരിദാസ് ഈ ഡ്രോൺ നിർമിക്കാൻ ഇറങ്ങിതിരിച്ചത്.

ഓരോ തവണ ഡ്രോൺ പറത്തുമ്പോഴും തിയതിയും സ്ഥലവും കൃത്യമായി രേഖപ്പെടുത്തണം. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ നാട്ടാനകളുള്ള ജില്ല കൂടിയാണ് തൃശൂർ. അതുക്കൊണ്ടുതന്നെ കൊമ്പൻ ഇടയുന്നത് പതിവാണ്. ഡ്രോൺ ഇതുവരെ ആദ്യ ഓപ്പറേഷൻ നടത്തിയിട്ടില്ല.

ENGLISH SUMMARY:

Malayala Manorama Online News reports on the development of Gajaastra, a drone designed for tranquilizing wild and captive elephants. This innovative system aims to eliminate the risk faced by veterinary doctors who previously had to chase down agitated elephants, a practice that has tragically led to fatalities.