പാട്ടിലൂടെയുള്ള വിമര്‍ശനങ്ങള്‍ തുടരുമെന്ന് പ്രഖ്യാപിച്ച് റാപ്പര്‍ വേടന്‍. ആരെ വേണമെങ്കിലും വിമര്‍ശിക്കാന്‍ സ്വാതന്ത്ര്യമുള്ള രാജ്യമാണിതെന്നും അത് വിശ്വാസത്തിലെടുത്താണ് താന്‍ പാട്ടുകള്‍ ചെയ്യുന്നതെന്നും വേടന്‍ എന്ന ഹിരണ്‍ദാസ് മുരളി പറഞ്ഞു. സംഘപരിവാറിന്‍റെ ആക്രമണത്തെ ഭയമില്ലെന്നും അത് കുറച്ച് നാളത്തേക്കേ ഉണ്ടാവുകയുള്ളൂവെന്നും വേടന്‍ പറഞ്ഞു. മടുക്കുമ്പോള്‍ അവര്‍ പൊയ്ക്കോളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുഷാര്‍ വെള്ളാപ്പള്ളി തന്നെ അനുകൂലിച്ചതിന്‍റെ കാരണം അറിയില്ലെന്നും ചോദ്യങ്ങള്‍ക്ക് മറുപടിയായി ഹിരണ്‍ദാസ് പറഞ്ഞു. Also Read: പട്ടികജാതിക്കാർ റാപ്പ് പാടിയാൽ എന്താണ് ടീച്ചറെ?
നാലുവര്‍ഷം മുന്‍പുള്ള പാട്ടിനെതിരെയാണ് എന്‍ഐഎയ്ക്ക് പരാതി ലഭിച്ചത്. ഇതിന്‍റെ വിശദാംശങ്ങള്‍ താന്‍ അറിഞ്ഞിരുന്നു. പാട്ടിറങ്ങിയപ്പോഴെ പ്രശ്നമാകുമെന്ന് വിചാരിച്ചുവെങ്കിലും ലേറ്റായിയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കോടനാട്ടെ ഫോറസ്റ്റ് റേഞ്ച് ഓഫിസിലെത്തിയതായിരുന്നു വേടന്‍. തനിക്കെതിരായി വന്ന കേസുകള്‍ പരിപാടികളെ ബാധിച്ചിട്ടുണ്ടെന്നും രണ്ടുമാസത്തെ ബ്രേക്ക് എടുക്കുകയാണെന്നും ഹിരണ്‍ദാസ് പറഞ്ഞു. അതിന് ശേഷമെ തുടര്‍ന്നുള്ള പരിപാടികളില്‍ തീരുമാനം കൈക്കൊള്ളുകയുള്ളൂ. ജനങ്ങളുടെ സ്നേഹം വലിയ ഊര്‍ജമാണെന്നും അത് വലിയ ഉത്തരവാദിത്തമാണെന്നും വേടന്‍ വ്യക്തമാക്കി. Read More: റാപ്പ് ചെയ്യേണ്ടെന്ന് ശശികലയുടെ തിട്ടൂരം; അത് തന്‍റെ രാഷ്ട്രീയത്തെ ഭയക്കുന്നതിനാലെന്ന് വേടന്‍
പത്തുതല എന്നൊരു പാട്ട് വരുന്നുണ്ടെന്നും ആ പാട്ടിറങ്ങിക്കഴിയുമ്പോള്‍ തന്നെ ആരെങ്കിലും വെടിവച്ച് കൊല്ലുമോ എന്നറിയില്ലെന്നും വേടന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കമ്പ രാമായണത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് നിര്‍മിച്ച പാട്ടാണെന്നും ആ പാട്ട് വിവാദമായേക്കാമെന്നും വേടന്‍ സൂചിപ്പിച്ചിരുന്നു. മര്യാദപുരുഷോത്തമനായ രാമനെ തനിക്ക് അറിയില്ലെന്നും രാവണനാണ് തന്‍റെ നായകനെന്നും സ്പോട്ലൈറ്റ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വേടന്‍ വെളിപ്പെടുത്തിയിരുന്നു. Also Read: 'കഞ്ചാവോളി'; റാപ്പർ വേടനെ അധിക്ഷേപിച്ച് ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികല
പ്രധാനമന്ത്രി നരേന്ദ്രമോദിയെ പാട്ടിലൂടെ അധിക്ഷേപിച്ചെന്നുകാട്ടി റാപ്പര്‍ വേടനെതിരെ പാലക്കാട്നഗരസഭ കൗണ്‍സിലറും ബിജെപി നേതാവുമായ മിനി കൃഷ്ണകുമാറാണ് എന്‍ഐഎയ്ക്ക് പരാതി നല്‍കിയത്. മോദി കപട ദേശീയവാദിയെന്ന വേടന്റെ പരാമര്‍ശത്തെക്കുറിച്ച് അന്വേഷിക്കണമെന്നാണ് പരാതിയില്‍ പറയുന്നത്.
ലക്ഷക്കണക്കിനു പേർ പാട്ട് ആസ്വദിക്കാനെത്തുമ്പോൾ പ്രധാനമന്ത്രിയെ മോശക്കാരനാക്കുക, ദേശവിരുദ്ധനാക്കുക, ജാതിയെ വിഭജിച്ച് പരസ്പരം കലഹിക്കുന്ന തരത്തിൽ സന്ദേശം നൽകുക തുടങ്ങിയ പ്രവണതകള്‍ ശരിയല്ലെന്നും എല്ലാ ജാതി വ്യവസ്ഥകൾക്കും അർഹിക്കുന്ന പരിഗണന നൽകുന്നുണ്ടെന്നും മിനിയുടെ പരാതിയില്‍ ആരോപിക്കുന്നു. ഇത്തരത്തിൽ ജാതീയമായ വേർതിരിവ് ഉണ്ടാക്കുന്നത് ഏത് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിലാണെങ്കിലും അനുവദിച്ച് കൊടുക്കാൻ കഴിയില്ലെന്നും മാധ്യമങ്ങളോടും പറഞ്ഞിരുന്നു. രാജ്യം ഭരിക്കുന്നയാള്‍ കപടദേശീയവാദിയാണെന്ന് 5 വർഷം മുൻപ് പുറത്തിറങ്ങിയ ‘വോയ്സ് ഓഫ് വോയ്സ്‍ലെസ്’ എന്ന വേടന്റെ ആദ്യ പാട്ടിലാണ് പരാമര്‍ശമുണ്ടായിരുന്നത്. അതേസമയം മിനിയുടെ പരാതിക്കെതിരെ ബിജെപി നേതൃത്വം തന്നെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.