റാപ്പർ വേടനെ അധിക്ഷേപിച്ച് ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികല. റാപ്പ് സംഗീതത്തിന് പട്ടികജാതി പട്ടിക വർഗ വിഭാഗവുമായി പുലബന്ധമില്ലെന്ന് ശശികല പറഞ്ഞു. പാലക്കാട് ഹിന്ദു ഐക്യ വേദി ധർണക്കിടെയായിരുന്നു ശശികലയുടെ അധിക്ഷേപം.
കടുത്ത ഭാഷയിലായിരുന്നു കെ. പി ശശികലയുടെ പരാമർശങ്ങൾ. പ്രസംഗത്തില്‍ വേടനെ കഞ്ചാവോളി എന്നു വിശേഷിച്ച ശശികല ജാതിഅധിക്ഷേപവും നടത്തി. വേടന്മാരുടെ തുണിയില്ല ചട്ടങ്ങൾക്ക് മുമ്പിൽ സമാജം അപമാനിക്കപ്പെടുന്നുവെന്നും കഞ്ചാവോളികൾ പറയുന്നതേ കേൾക്കു എന്ന ഭരണകൂടത്തിന്റെ രീതി മാറ്റണമെന്നും ശശികല പറഞ്ഞു.
വേടന് മുന്നിൽ ആടികളിക്കട കുഞ്ഞുരാമ എന്ന് പറഞ്ഞു നടക്കുന്ന സംവിധാനങ്ങൾ അവസാനിപ്പിക്കാൻ സമയമായെന്നും ശശികല പ്രസംഗിച്ചു. കെ.പി.ശശികലയ്ക്കെതിരെ ഡി.വൈ.എഫ്.ഐ പാലക്കാട് ജില്ലാ കമ്മിറ്റി പൊലീസില്‍ പരാതി നല്‍കി. വേടനെ ജാതീയമായി അധിക്ഷേപിച്ച് ഭിന്നിപ്പ് ഉണ്ടാക്കാന്‍ ശ്രമിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.
കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന ട്രഷറർ ഇ. കൃഷ്ണദാസും വേടനെതിരെ രംഗത്തെത്തിയിരുന്നു. പാലക്കാട്ടെ പരിപാടിക്കിടെയുണ്ടായ സംഘർഷത്തിന് പിന്നാലെയാണ് ബിജെപി വേടനെതിരെ തിരിയുന്നത്. . പരിപാടിക്കിടെ വ്യാപകനാശനഷ്ടങ്ങളുണ്ടായതായി ബിജെപി ഭരിക്കുന്ന നഗരസഭ പരാതിപ്പെട്ടിരുന്നു. പുതുതായി സ്ഥാപിച്ച ഇരിപ്പിടങ്ങളും വേസ്റ്റ്ബിൻ അടക്കം തകർത്തെന്നും നഗരസഭ പറഞ്ഞു.
പാലക്കാട് കോട്ട മൈതാനിയിൽ പട്ടികജാതി-പട്ടിക വർഗ വകുപ്പിന്റെ സംസ്ഥാന സംഗമത്തോടനുബന്ധിച്ചായിരുന്നു വേടന്‍റെ പരിപാടി. ഉൾക്കൊള്ളാവുന്നതിലും ഇരട്ടി ആളുകളെത്തിയതോടെ ഉന്തും തള്ളും ഉണ്ടാവുകയും പൊലീസ് ലാത്തി പ്രയോഗിക്കുകയും ചെയ്തിരുന്നു.