റാപ്പര്‍ വേടനെതിരെ അധിക്ഷേപപരാമര്‍ശവുമായി ഹിന്ദു ഐക്യവേദി മുഖ്യരക്ഷാധികാരി കെ.പി. ശശികല രംഗത്ത് വന്നിരുന്നു. വേടന്മാരുടെ തുണിയില്ലാച്ചാട്ടങ്ങള്‍ക്കു മുമ്പിലാണ് സമാജം അപമാനിക്കപ്പെടുന്നതെന്ന് ശശികല പറഞ്ഞു. പാലക്കാട്ട് ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ശശികല. വേടന് മുന്നിൽ ആടിക്കളിക്കട കുഞ്ഞുരാമ എന്ന് പറഞ്ഞ് നടക്കുന്ന സംവിധാനങ്ങൾ അവസാനിപ്പിക്കാൻ സമയമായെന്നും വേടൻ കഞ്ചാവോളി ആണെന്നും കെപി ശശികല പറഞ്ഞിരുന്നു. ഇതിനെതിരം രംഗത്ത് വന്നിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍.
പട്ടികജാതിക്കാർ റാപ്പ് പാടിയാൽ എന്താണ് ടീച്ചറെ ? പട്ടികജാതിക്കാർ അവർക്ക് ഇഷ്ടമുള്ളത് പാടട്ടെ എന്നാണ് സന്ദീപിന്‍റെ കുറിപ്പ്. ഹിന്ദു ഐക്യവേദി നേതാവിന് പരിഹരിക്കാൻ കഴിയുന്ന മറ്റു ചില സമാജ പ്രശ്നങ്ങളുണ്ട്, അതിലൊന്നിലും ഹിന്ദു ഐക്യവേദിയെ കാണാറേയില്ലെന്നും സന്ദീപ് പറയുന്നു
കുറിപ്പ്
വേടൻ എന്ന കേരളത്തിലെ യുവാക്കൾ ഇഷ്ടപ്പെടുന്ന കലാകാരനെ ജാതി പറഞ്ഞ് അധിക്ഷേപിക്കുകയാണ് ആർഎസ്എസ്. ഇന്ന് കെ പി ശശികല ടീച്ചർ കേസരി പത്രാധിപർ മധുവിൽ നിന്ന് വേടൻ വിരുദ്ധ ബാറ്റൺ ഏറ്റുവാങ്ങിയിട്ടുണ്ട്. റാപ്പ് പട്ടികജാതിക്കാരുടെ തനത് കലാരൂപമാണോ എന്നാണ് ശശികല ടീച്ചർ ചോദിക്കുന്നത് . പട്ടികജാതിക്കാർ റാപ്പ് പാടിയാൽ എന്താണ് ടീച്ചറെ ? പട്ടികജാതിക്കാർ അവർക്ക് ഇഷ്ടമുള്ളത് പാടട്ടെ.. റാപ്പ് എന്ന സംഗീതരൂപം ലോകത്ത് എല്ലായിടത്തും വർണ്ണ വംശ വെറിക്കെതിരായ പ്രതിഷേധമായാണ് രൂപം കൊണ്ടിട്ടുള്ളത്. ഇന്ത്യയുടെ സാഹചര്യത്തിൽ അത് ദളിതർക്കെതിരായ സവർണ്ണ ഹിന്ദുത്വയുടെ അതിക്രമങ്ങൾക്കെതിരായ ശബ്ദമായി മാറും. അതിൽ അസ്വസ്ഥപ്പെട്ടിട്ട് കാര്യമില്ല. ഹിന്ദു ഐക്യവേദി നേതാവിന് പരിഹരിക്കാൻ കഴിയുന്ന മറ്റു ചില സമാജ പ്രശ്നങ്ങളുണ്ട് . അതിലൊന്നിലും ഹിന്ദു ഐക്യവേദിയെ കാണാറേയില്ല. കേരളത്തിലെ എത്ര ക്ഷേത്രങ്ങളിൽ പട്ടികജാതിക്കാരായ കലാകാരന്മാർക്ക് ചെണ്ട കൊട്ടാൻ അവകാശമുണ്ട് ? ടീച്ചർ ഇന്നേവരെ അതിൽ ഒരു അഭിപ്രായം പറഞ്ഞിട്ടുണ്ടോ ?