തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് പ്രസവ ശേഷം മടങ്ങുകയായിരുന്നു മുരിങ്ങൂര്‍ സ്വദേശിയായ സജിയും ഭാര്യ ബേബിയും. പതിനെട്ടു വര്‍ഷത്തിനു ശേഷം കിട്ടിയതാണ് ഇരട്ടക്കുട്ടികളെ. രണ്ട് ആണ്‍മക്കളുമായി വീട്ടിലേയ്ക്കു പോകാന്‍ സജി സുഹൃത്തിന്‍റെ കാര്‍ കടംചോദിച്ചു.
അങ്ങനെ, ആ കാറില്‍ മുരിങ്ങൂരിലേക്ക് യാത്ര തുടരുന്നതിനിടെയായിരുന്നു ആമ്പല്ലൂര്‍ ദേശീയപാതയില്‍ എത്തിയപ്പോള്‍ തീ പിടിച്ചത്. കാറിന്‍റെ മുന്‍വശത്തു നിന്ന് തീ കണ്ടത് വഴിയരികില്‍ നിന്നിരുന്ന രണ്ടു പെണ്‍കുട്ടികളാണ്. അവര്‍ കൈ കാണിച്ച് വിളിച്ചു പറഞ്ഞു. വണ്ടി നിര്‍ത്തി ഡോര്‍ തുറക്കാന്‍ ശ്രമിച്ചു. ആദ്യത്തെ രണ്ടു തവണയും ഡോര്‍ തുറക്കാനായില്ല. പിന്നെ, സംയമനം വീണ്ടെടുത്ത് ഒരിക്കല്‍കൂടി ശ്രമിച്ചപ്പോള്‍ ഡോര്‍ തുറക്കാനായി. വണ്ടിയില്‍ നിന്ന് പുറത്തിറങ്ങി. സാധനങ്ങള്‍ എടുത്തുമാറ്റി.
Read Also: പ്രസവശേഷം ഇരട്ടക്കുട്ടികളുമായി മടങ്ങവേ കാർ കത്തി; കുടുംബത്തിന് അത്ഭുത രക്ഷ
അപ്പോഴേക്കും കാര്‍ ആളിക്കത്തി. ‘‘മുരിങ്ങൂര്‍ ചീനിക്കല്‍ ഭഗവതിയുടെ കടാക്ഷമാണിത്. ഭഗവതിയുടെ കടുത്ത ഭക്തനാണ് ഞാന്‍. ഇതു രണ്ടാം ജന്‍മം’’. കാറില്‍ നിന്ന് രക്ഷപ്പെട്ട സജി പറഞ്ഞു. കാറോടിച്ചിരുന്നത് സജിയാണ്. ഭാര്യയും അമ്മയും സഹായിയായ സ്ത്രീയും കുട്ടികള്‍ സഹിതം പുറകിലായിരുന്നു. സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ മാനേജരാണ് സജി. ഏറെക്കാലമായി കുട്ടികളെ കിട്ടാന്‍ കാത്തിരുന്നു. അങ്ങനെ, ലഭിച്ച ഇരട്ടക്കുട്ടികളുമായി വീട്ടിലേയ്ക്കുള്ള കന്നി യാത്രയ്ക്കിടെയായിരുന്നു കാര്‍ തീയെടുത്തത്. കാര്‍ പൂര്‍ണമായും കത്തിയമര്‍ന്നു. ജീവിതം തിരിച്ചുക്കിട്ടിയതിന്‍റെ ആശ്വാസത്തിലാണ് കുടുംബം.