car

TOPICS COVERED

 തൃശൂർ ആമ്പല്ലൂർ ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു. കാറിലുണ്ടായിരുന്ന ഇരട്ടക്കുട്ടികൾ ഉൾപ്പെടെയുള്ള കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് പ്രസവശേഷം ഇരട്ടക്കുട്ടികളുമായി വീട്ടിലേക്ക് മടങ്ങിയ മുരിങ്ങൂർ സ്വദേശികളായ കുടുംബം സഞ്ചരിച്ച കാർ ആണ് കത്തി നശിച്ചത്. മുരിങ്ങൂർ ഐക്കരപ്പറമ്പിൽ വീട്ടിൽ സജി ഉൾപ്പടെ അഞ്ചുപേരാണ് കാറിൽ ഉണ്ടായിരുന്നത്.

fire

കാറിന്‍റെ മുൻവശത്ത് നിന്ന് പുക ഉയരുന്നത് കണ്ടയുടനെ ഇവർ കാറിൽ നിന്നിറങ്ങാൻ ശ്രമിച്ചെങ്കിലും ഡോറുകൾ തുറക്കാൻ കഴിയാതിരുന്നത് പരിഭ്രാന്തിക്കിടയാക്കി. എന്നാല്‍ അല്പസമയത്തിനുള്ളിൽ ഡോറുകൾ തുറക്കാൻ കഴിഞ്ഞത് വലിയ ദുരന്തമാണ് ഒഴിവാക്കിയത്. പെട്ടെന്ന് തന്നെ കാറിൽ നിന്നിറങ്ങിയ കുടുംബം സാധനങ്ങൾ മാറ്റിയതിന് തൊട്ടുപിന്നാലെ തീ ആളിപടരുകയായിരുന്നു. കാർ പൂർണ്ണമായും കത്തിനശിച്ചു. പുതുക്കാട് നിന്ന് ഫയർഫോഴ്‌സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

പുതുക്കാട് പൊലീസും സ്ഥലത്തെത്തിയിരുന്നു. തീപിടുത്തത്തിന്‍റെ കാരണം വ്യക്തമല്ല. മുരിങ്ങൂർ സ്വദേശി പൂഞ്ഞക്കാരൻ ജോസഫ് തങ്കച്ചന്‍റെ ഉടമസ്ഥതയിലുള്ള കാർ ആണ് കത്തിനശിച്ചത്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഏറെ നേരം ഗതാഗതം സ്തംഭിച്ചു. സംഭവ സ്ഥലത്തുണ്ടായിരുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് വി.എസ്. പ്രിൻസ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

ENGLISH SUMMARY:

A moving car caught fire on the national highway near Amballur in Thrissur, Kerala, but the family inside — including newborn twins — miraculously escaped unhurt. The incident occurred around 8 PM. The family from Muringoor was returning home after delivery from a private hospital in Thrissur when their car suddenly went up in flames. All five members, including Saji from the Ikkaraparambu house in Muringoor, managed to escape safely.