തൃശൂര്‍ മേയറെ തീരുമാനിക്കാന്‍ കോണ്‍ഗ്രസില്‍ തിരക്കിട്ട ചര്‍ച്ചകള്‍. മേയര്‍, ഡപ്യൂട്ടി മേയര്‍ പദവികള്‍ മൂന്നു തവണകളായി വീതംവയ്ക്കാനാണ് ധാരണ. അഞ്ചു വര്‍ഷവും ഒറ്റമേയര്‍, ഒറ്റ ഡപ്യൂട്ടി മേയര്‍ ആകില്ല തൃശൂരിന്. അഞ്ചു വര്‍ഷം മൂന്നു മേയര്‍മാരേയും ഡപ്യൂട്ടി മേയര്‍മാരേയും കാണാം തൃശൂരിന്. ഷീന ചന്ദ്രന്‍, ശ്യാമള മുരളീധരന്‍, വല്‍സല ബാബുരാജ്, സുബി ബാബു തുടങ്ങിയ പേരുകളാണ് പ്രാഥമിക പരിഗണനയില്‍.
ഇതില്‍, സുബി ബാബു നേരത്തെ ഡപ്യൂട്ടി മേയറായിട്ടുണ്ട്. രണ്ട്, മൂന്നു തവണകളില്‍ ലാലി ജെയിംസിനേയും അഡ്വക്കേറ്റ് വില്ലി ജിജോയേയും മേയറായി പരിഗണിക്കുന്നുണ്ട്. കെ.പി.സി.സി. സെക്രട്ടറി എ.പ്രസാദ്, ഡി.സി.സി. ജനറല്‍ സെക്രട്ടറി ബൈജു വര്‍ഗീസ് എന്നിവരുടെ പേരുകളാണ് ഡപ്യൂട്ടി മേയറായി പരിഗണിക്കുന്നത്. കോര്‍പറേഷനില്‍ വ്യക്തമായ ഭൂരിപക്ഷമുള്ളതിനാല്‍ കോണ്‍ഗ്രസ് നേതൃത്വം ഏകപക്ഷീയമായി തീരുമാനിക്കും. മുപ്പത്തിമൂന്നു കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരാണ് ജയിച്ചത്.
ഘടകക്ഷികളാരും ജയിച്ചതുമില്ല. മേയര്‍, ഡപ്യൂട്ടി മേയര്‍ എന്നിവരെ തീരുമാനിക്കാന്‍ പാര്‍ലമെന്‍ററി പാര്‍ട്ടി അടുത്ത ദിവസം ചേരുമെന്ന് ഡി.സി.സി. പ്രസിഡന്‍റ് ജോസഫ് ടാജറ്റ് പറഞ്ഞു. പഴയതുപോലെ മേയര്‍, ഡപ്യൂട്ടി മേയര്‍ കസേരയ്ക്കായി തര്‍ക്കത്തിന് പ്രസക്തിയില്ല. കേവല ഭൂരിപക്ഷത്തേക്കാള്‍ നാലു സീറ്റുകള്‍ കൂടുതലാണ് കോണ്‍ഗ്രസിന്. കൂടാതെ , കോണ്‍ഗ്രസ് വിമതന്‍റെ പിന്തുണയും.