തദ്ദേശ തിരഞ്ഞെടുപ്പിൽ ഏറെ വൈറലായ സ്ഥാനാർഥികളായിരുന്നു പാലക്കാട് കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് പത്താം വാർഡിലെ ഗുരുവായൂരപ്പനും ആർ.ശിവനും. എൽഡിഎഫിന് വേണ്ടിയാണ് ശിവൻ മല്‍സരത്തിനിറങ്ങിയത്. യുഡിഎഫിന് വേണ്ടി ഗുരുവായൂരപ്പനും. നെന്മേനിയില്‍ ഇരുവർക്കും വേണ്ടി സ്ഥാപിച്ച ഫ്ലക്സ് ബോർഡുകൾ ഇൻസ്റ്റഗ്രമിൽ വൈറലായതോടെ സംഭവം മറ്റൊരു യൂണിവേഴ്സിലേക്ക് മാറുകയായിരുന്നു. ദൈവത്തിന്റെ പേരുകളുള്ള സ്ഥാനാർഥികളുടെ റീൽ 50 ലക്ഷത്തിനു മുകളിൽ ആളുകൾ കണ്ടിരുന്നു. ഇതോടെ തിരഞ്ഞെടുപ്പിൽ ആര് ജയിക്കുമെന്ന് ആകാംക്ഷയായി.
ഒടുവിൽ റിസൾട്ട് വന്നപ്പോൾ ജനമനം ശിവന് അനുകൂലം. 202 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ശിവൻ ജയിച്ചു കയറി. 571 വോട്ടുകൾ ശിവൻ നേടിയപ്പോൾ ഗുരുവായൂരപ്പന് നേടാനായത് 369 മാത്രം. ബിജെപി സ്ഥാനാർഥി കാളിദാസാണ് മൂന്നാമത്.
2020ൽ മറ്റു രണ്ടു വാർഡുകളിൽ നിന്ന് വിജയിച്ചു വന്നവരാണ് ഇരുവരും. പേരുകളിലെ പ്രത്യേകത വൈറലായതിനു പിന്നാലെ ഇത്തവണ മത്സരവും ഏറെ ശ്രദ്ധേയമായിരുന്നു. പക്ഷേ ഗുരുവായൂരപ്പന് അടിതെറ്റി. പേരും മത്സരവും കടുപ്പമാണെങ്കിലും തങ്ങളുടെ സൗഹൃദത്തിന് ഒട്ടും കുറവില്ലെന്ന് ഇരുവരും മനോരമ ന്യൂസിനോട് പറഞ്ഞിരുന്നു.