AI Image
നൈറ്റ് പാര്‍ട്ടിക്കിടെ പൊലീസിനെ കണ്ട് പേടിച്ച് ഹോട്ടല്‍ ബാല്‍ക്കണിയില്‍ നിന്ന് ഡ്രെയിൻ പൈപ്പിലൂടെ രക്ഷപ്പെടാന്‍ ചാടിയ 21കാരിക്ക് ഗുരുതര പരുക്ക്. ബംഗളൂരുവിലെ ബ്രൂക്ക്ഫീൽഡ് ഏരിയയിലെ സീ എസ്റ്റ ലോഡ്ജിലാണ് സംഭവം. രാത്രിമുഴുവന്‍ ഒച്ചവെച്ച് ശല്യമുണ്ടാക്കിയെന്ന് സമീപവാസികള്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്നാണ് ലോഡ്ജില്‍ പൊലീസെത്തിയത്.
ലോഡ്ജില്‍ മൂന്ന് മുറികളെടുത്താണ് യുവതിയും ഏഴ് സുഹൃത്തുക്കളും പാര്‍ട്ടി നടത്തിയത്. പുലര്‍ച്ചെ ഒരുമണിമുതല്‍ അഞ്ച്മണിവരെ ആഘോഷമാക്കി. പുലരുംവരെയുള്ള ഒച്ചയും ബഹളവും അസഹ്യമായപ്പോള്‍ തൊട്ടടുത്തുള്ള താമസക്കാര്‍ പൊലീസ് ഹെല്‍പ്പ് ലൈനില്‍ വിളിച്ച് പരാതി പറഞ്ഞു. തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥർ ലോഡ്ജിലെത്തി സംഘത്തെ ശാസിക്കുകയും ഇവരുടെ ബഹളവും നിലവിളികളും അയൽപക്കത്തുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി ചൂണ്ടിക്കാണിക്കുകയും ചെയ്തു. ഇതിനിടെയാണ് പരിഭ്രാന്തയായ യുവതി ബാല്‍ക്കണിയില്‍ നിന്ന് പൈപ്പ് വഴി താഴേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ചത്.
എന്നാല്‍ ബാലന്‍സ് തെറ്റിയ യുവതി താഴേക്ക് പതിക്കുകയായിരുന്നു. സുഹൃത്തുക്കൾ ഉടൻ തന്നെ അവളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നില ഗുരുതരമായി തുടരുന്നു. ലോഡ്ജ് അധികൃതരുടെ അശ്രദ്ധയും ബാൽക്കണിയിൽ മതിയായ സുരക്ഷാ സംവിധാനങ്ങളുടെ അഭാവവും ആരോപിച്ച് യുവതിയുടെ അച്ഛന്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് ലോഡ്ജ് ഉടമയ്‌ക്കെതിരെ പോലീസ് കേസെടുത്തു. അതേസമയം യുവതിയുടെ സുഹൃത്തുക്കളോട് പൊലീസ് പണം ആവശ്യപ്പെട്ടതായി പരാതിയുണ്ടെങ്കിലും ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.