അരുണാചൽപ്രദേശിൽ ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞുള്ള അപകടത്തിൽ തിരച്ചിൽ ദൗത്യം പൂർത്തിയായി. അപകടത്തിൽ ആകെ 20 പേരുടെ മരണം സ്ഥിരീകരിച്ചു.
അസമിൽനിന്നുള്ള തൊഴിലാളികളാണ് മരിച്ചവരെല്ലാം. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് അപകടമുണ്ടായത്. രണ്ട് ദിവസങ്ങൾക്കിപ്പുറം ബുധനാഴ്ച രാത്രി, അപകടത്തിൽനിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട ഒരാൾ നൽകിയ വിവരമനുസരിച്ചാണ് തിരച്ചിൽ തുടങ്ങിയത്.
സൈന്യത്തിൻറെയും എൻഡിആർഎഫിൻറെയും നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. ദുർഘടമായ ഭൂപ്രദേശത്തുള്ള തിരച്ചിൽ വലിയ വെല്ലുവിളിയായിരുന്നു. ചൈനയുമായുള്ള യഥാർഥ നിയന്ത്രണ രേഖയിൽനിന്ന് കേവലം 60 കിലോമീറ്റർ മാത്രം അകലെ അൻജോ ജില്ലയിലാണ് അപകടമുണ്ടായത്. വാഹനത്തിൽ കുടുങ്ങിയ നിലയിലും തെറിച്ചുവീണനിലയിലുമായിരുന്നു മൃതദേഹങ്ങൾ.
സിപ്പ് ലൈനുകൾ അടക്കം ഉപയോഗപ്പെടുത്തിയാണ് സൈന്യം രക്ഷാപ്രവർത്തനം നടത്തിയത്. കരസേനയുടെ ഒരു ക്യാംപ് അപകടം നടന്ന പ്രദേശത്തിന് സമീപത്തായുണ്ട്. ഒൻപത് മദ്രാസ് റജിമെൻറിലെ മലയാളി ലഫ്. കേണൽ എം.പി.അമിത്തിൻറെ നേതൃത്വത്തിലായിരുന്നു സൈന്യത്തിൻറെ രക്ഷാപ്രവർത്തനം. അപകടത്തിൽനിന്ന് രക്ഷപ്പെട്ട ഒരു തൊഴിലാളി ദിബ്രുഗഡിലെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്.