ന്യൂസിലന്‍ഡിനെതിരായ അഞ്ചാം ടി20 മത്സരത്തിനായി കാര്യവട്ടത്ത് ഇന്ത്യന്‍ ടീമെത്തിയപ്പോള്‍, സഞ്ജുവിന് മുന്നില്‍ ചിരി പടർത്തി സൂര്യ കുമാർ യാദവ്. ടീമംഗങ്ങള്‍ നടന്നു വരവേ, ഒരാള്‍ സഞ്ജുവിനെ നോക്കി സഞ്ജുവേട്ടാ എന്ന് വിളിക്കുമ്പോഴാണ് തമാശ രൂപേണ സൂര്യ കുമാർ യാദവ് ഡോണ്ട് ഡിസ്റ്റര്‍ബ് ചേട്ടാ എന്ന് പറയുന്നത്.
ട്വന്റി 20 പോരാട്ടത്തിന്‍റെ ആവേശമുയർത്തിയാണ് ഇന്ത്യ-ന്യൂസിലന്‍റ് ടീമുകൾ കേരളത്തിന്‍റെ തലസ്ഥാന നഗരിയിലെത്തിയത്. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ശനിയാഴ്ച വൈകിട്ട് 7 മണിക്ക് നടക്കുന്ന മത്സരത്തിനായി എത്തിയ ഇരു ടീമുകൾക്കും വിമാനത്താവളത്തിൽ ആവേശ്വജ്ജ്വലമായ സ്വീകരണമാണ് ലഭിച്ചത്. സഞ്ജു സാംസണിന്റെ സാന്നിധ്യം വിമാനത്താവളത്തിന് പുറത്ത് തടിച്ചുകൂടിയ ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചു.
പ്രത്യേക ചാർട്ടേഡ് വിമാനത്തിലാണ് ഇരു ടീമിലെയും താരങ്ങളും പരിശീലകരും എത്തിയത്. പ്രിയതാരങ്ങളെ ഒരു നോക്ക് കാണാൻ നിരവധി ആരാധകരാണ് വിമാനത്താവള പരിസരത്ത് തടിച്ചുകൂടിയിരുന്നത്. ആവേശഭരിതരായ കായികപ്രേമികളുടെ ഹർഷാരവങ്ങൾക്കിടയിലൂടെ കനത്ത സുരക്ഷാ വലയത്തിലാണ് താരങ്ങളെ പുറത്തേക്ക് എത്തിച്ചത്. സഞ്ജു സാംസൺ വിമാന താവളത്തിന് പുറത്തേക്ക് വന്നപ്പോൾ സൂര്യകുമാർ വഴിയൊരുക്കിയതും, ഡോണ്ട് ഡിസ്റ്റര്‍ബ് ചേട്ടാ എന്ന് പറഞ്ഞതുമാണ് ചിരിപടർത്തിയത്. കേരള ക്രിക്കറ്റ് അസോസിയേഷൻ ട്രഷറർ ടി. അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം താരങ്ങളെ വിമാനത്താവളത്തിൽ ഔദ്യോഗികമായി സ്വീകരിച്ചു.