പ്രണയ വിവാഹത്തെ എതിര്‍ത്ത മാതാപിതാക്കളെ മകള്‍ വിഷം കുത്തിവച്ചുക്കൊന്നു. തെലങ്കാന വിക്രാബാദിലാണു നടുക്കുന്ന സംഭവം. നഴ്സായ യുവതി ജോലി ചെയ്യുന്ന ആശുപത്രിയില്‍ നിന്ന് മോഷ്ടിച്ച മരുന്ന് ഓവര്‍ ഡോസില്‍ കുത്തിവച്ചാണ് ഇരട്ടക്കൊല നടത്തിയത്.
ആറ്റുനോറ്റു വളര്‍ത്തി, പഠിപ്പിച്ചു ജോലിയാക്കിക്കൊടുത്ത മകള്‍ തന്നെ പ്രായമായ അച്ഛന്റെയും അമ്മയുടെയും ജീവനെടുക്കുകയായിരുന്നു. 20 കാരിയുടെ ക്രൂരതയില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് തെലങ്കാന.
വിക്രാബാദ് യച്ചാരം സ്വദേശികളായ ദശരഥന്റെയും ഭാര്യ ലക്ഷ്മിയുടെയും അസ്വാഭാവിക മരണമാണു മകള്‍ നടത്തിയ കൊലയാണന്നു തെളിഞ്ഞത്. സ്വകാര്യ ആശുപത്രിയില്‍ നഴ്സായ മകള്‍ സുരേഖ കാമുകനെ വിവാഹം കഴിച്ചു നല്‍കണമെന്നു വീട്ടില്‍ ആവശ്യപ്പെട്ടിരുന്നു. കുടുംബം എതിനെ എതിര്‍ത്തു. കഴിഞ്ഞ ദിവസം വീട്ടിലെത്തിയ സുരേഖ അച്ഛനും അമ്മയ്ക്കും മുട്ടുവേദനയ്ക്കുള്ള മരുന്ന് എന്നു പറഞ്ഞു അമിത അളവില്‍ അനസ്തേഷ്യ മരുന്നു കുത്തിവെയ്ക്കുകയായിരുന്നു. അബോധാവസ്ഥയിലായ ഇരുവരെയും കട്ടിലിലെടുത്ത് കിടത്തി. ശേഷം അച്ഛനും അമ്മയും ആത്മഹത്യ ചെയ്തെന്നു സഹോദരനെ അറിയിക്കുകയായിരുന്നു
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നുള്ള ആത്മഹത്യയാണന്നാണ് ബന്ധുക്കള്‍ കരുതിയിരുന്നത്. വീട്ടില്‍ നിന്നു രക്തക്കറയുള്ള സിറിഞ്ച് കണ്ടെത്തിയ പൊലീസ് സുരേഖയെ കാര്യമായി ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. ജോലി ചെയ്തിരുന്ന ആശുപത്രിയില്‍ നിന്നു മോഷ്ടിച്ചതാണു മരുന്നെന്നും കണ്ടെത്തി.