പത്തനംതിട്ട കോട്ടാങ്ങലിൽ യുവതിയെ പങ്കാളിയുടെ വീട്ടിൽ വച്ച് ബലാൽസംഗം ചെയ്തശേഷം കെട്ടിത്തൂക്കി കൊന്ന കേസിലെ പ്രതി നസീർ കുറ്റക്കാരൻ എന്ന് കോടതി. കോട്ടാങ്ങൽ സ്വദേശിനി ടിഞ്ചു മൈക്കിൾ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. പത്തനംതിട്ട അഡീഷണല്‍ സെഷന്‍സ് കോടതി ശനിയാഴ്ച ശിക്ഷ വിധിക്കും. തടിവെട്ടുകാര്‍ കെട്ടുന്ന രീതിയിലാണ് തൂങ്ങിനിന്ന കയര്‍ എന്ന് കണ്ടെത്തിയതാണ് പ്രതിയെ പിടികൂടാന്‍ കാരണമായത്.
2019 ഡിസംബർ 15നായിരുന്നു ക്രൂരമായ കൊലപാതകം. ഭർത്താവുമായി പിണങ്ങി സ്കൂൾ കാലത്തെ കാമുകനൊപ്പം ജീവിക്കുകയായിരുന്നു യുവതി. വീട്ടില്‍ ഉണ്ടായിരുന്നത് പങ്കാളി ടിജിനും ടിജിന്‍റെ ആദ്യ വിവാഹത്തിനെ മകനും ടിജിന്‍റെ പിതാവും. പ്രദേശത്ത് പാഴ് മരങ്ങള്‍ നോക്കാന്‍ വന്ന തടിക്കച്ചവടക്കാരൻ കോട്ടാങ്ങൽ സ്വദേശി നസീർ എന്ന നെയ്മോന്‍ ബലാത്സംഗം ചെയ്ത ശേഷം കെട്ടി തൂക്കി കൊലപ്പെടുത്തുകയായിരുന്നു. വീട്ടില്‍ ആരും ഇല്ല എന്ന് ഉറപ്പാക്കി ആയിരുന്നു കൊലപാതകം.
20 മാസങ്ങൾക്കു ശേഷം ക്രൈംബ്രാഞ്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.ആദ്യ ഘട്ടത്തില്‍ പങ്കാളിയായ ടിജിനാണ് പ്രതി എന്ന് ആരോപിച്ച് പെരുമ്പെട്ടി പൊലീസ് ക്രൂരമായി മര്‍ദിച്ചു. പൊലീസ് മര്‍ദനത്തില്‍ പരുക്കേറ്റ ടിജിന്‍ ഒരാഴ്ചയിലധികം കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. പ്രതി നസീര്‍ വീട്ടില്‍ വന്നിരുന്നു എന്ന മൊഴി കേന്ദ്രീകരിച്ചുള്ള അന്വേഷണം ആണ് പ്രതിയെ കുടുക്കിയത്. പ്രതി കുറ്റക്കാരന്‍ എന്ന് കോടതി കണ്ടെത്തിയതോടെ നീതി കിട്ടി എന്ന് പങ്കാളി ടിജിന്‍.
യുവതിയുടെ നഖത്തിനടിയിൽ നിന്ന് കിട്ടിയ തൊലിയും ബീജവും അടക്കമുള്ള ശാസ്ത്രീയ തെളിവുകളാണ് പ്രോസിക്യൂഷന് കരുത്തായത്. 52 മുറിവുകളാണ് യുവതിയുടെ ശരീരത്തില്‍ ഉണ്ടായിരുന്നത്. ബലാല്‍സംഗം, കൊലപാതകം അടക്കമുള്ള എല്ലാ കുറ്റങ്ങളും തെളിഞ്ഞു. പരാമവധി ശിക്ഷ നല്‍കണം എന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. കൊലപാതകത്തിന് ശേഷം മൃതദേഹം കാണാനും തെളിവെടുപ്പ് കാണാനും പ്രതി ടിജിന്‍റെ വീട്ടില്‍ എത്തിയിരുന്നു.