തൃശൂർ കേച്ചേരിയിൽ ബൈക്കിന് സൈഡ് നൽകാത്തതിന് കാർ അടിച്ച് തകർത്തു. കേച്ചേരി സ്വദേശി മുബാറക്കിന്റെ കാറാണ് തകർത്തത്. മൂന്നംഗ അക്രമി സംഘത്തെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു.
തൃശൂർ കേച്ചേരിയിൽ ഇന്ന് ഉച്ചയ്ക്കു ശേഷമാണ് ബൈക്കിന് സൈഡ് നൽകാത്തതിന് മൂന്നംഗ സംഘം കാർ അടിച്ചു തകർത്തത്.കേച്ചേരി സ്വദേശിയായ മുബാറക്കും കുടുംബവും സഞ്ചരിച്ചിരുന്ന കാറാണ് കേച്ചേരി റെനിൽ റോഡിൽ വെച്ച് മൂന്നംഗ സംഘം ആക്രമിച്ചത്.കാറിന്റെ മുൻവശത്തെയും ഇടതുവശത്തെയും ഗ്ലാസ് ബൈക്കിൽ എത്തിയ സംഘം കല്ല് ഉപയോഗിച്ച് അടിച്ച് തകർത്തു.കാറിന്റെ ബമ്പറിനും കേടുപാടുകളുണ്ട്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ അക്രമി സംഘം പിടിയിലായി.
കൈപ്പറമ്പ് സ്വദേശികളായ വിഷ്ണു ദേവൻ, സഹോദരൻ മനു ദേവൻ, എരനെല്ലൂർ സ്വദേശി അർജുൻ എന്നിവരെയാണ് കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.