തൃശൂര്‍ കോര്‍പറേഷന്‍ കോണ്‍ഗ്രസ് തൂത്തുവാരി. എല്‍.ഡി.എഫിന് വമ്പന്‍ തിരിച്ചടി. അന്‍പത്തിയാറു ഡിവിഷനുകളില്‍ മുപ്പത്തിമൂന്നിലും ജയിച്ചാണ് കോണ്‍ഗ്രസിന്‍റെ മിന്നുംജയം.
Also read:പാലക്കാട് ഹാട്രിക് ഭരണം ലക്ഷ്യമിട്ട് ബിജെപി; കുരുക്കിടാന്‍ യുഡിഎഫും എല്‍ഡിഎഫും
പത്തു വര്‍ഷം നീണ്ട ഇടതു ഭരണം കോര്‍പറേഷനിലെ വോട്ടര്‍മാര്‍ അവസാനിപ്പിച്ചു. കോണ്‍ഗ്രസിന് കിട്ടിയത് വമ്പിച്ച ജനപിന്തുണയാണ്. മുപ്പത്തിമൂന്നു ഡിവിഷനുകളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ ജയിച്ചു. എല്‍.ഡി.എഫ് പതിമൂന്നു സീറ്റുകളില്‍ ഒതുങ്ങി. ബി.ജെ.പി നില മെച്ചപ്പെടുത്തി. എട്ടു ഡിവിഷനുകളില്‍ ജയിച്ചു. സി.പി.എമ്മിനാകെ പതിനൊന്നു കൗണ്‍സിലര്‍മാര്‍. സി.പി.ഐയ്ക്കു രണ്ടും. കോണ്‍ഗ്രസിന്‍റെ രണ്ടു സീറ്റുകള്‍ ബി.ജെ.പി. പിടിച്ചെടുത്തു. കണ്ണംകുളങ്ങരയും കണിമംഗലവും. ബി.ജെ.പിയുടെ മുസ്ലിം സ്ഥാനാര്‍ഥി മുംതാസ് താഹ കണ്ണംകുളങ്ങരയില്‍ വിജയിച്ചു. കെ.പി.സി.സി. സെക്രട്ടറി ജോണ്‍ ഡാനിയേല്‍ പാട്ടുരായ്ക്കലില്‍ പരാജയപ്പെട്ടു. കോണ്‍ഗ്രസ് വിമതന്‍ ഷോമി ഫ്രാന്‍സീസ് കുരിയച്ചിറയില്‍ വിജയിച്ചു.
കെ.മുരളീധരന്‍റെ വിശ്വസ്തന്‍ സജീവന്‍ കുരിയച്ചിറയെ തോല്‍പിച്ചു. മുരളീധരനെ തൃപ്തിപ്പെടുത്താന്‍ ഷോമിയ്ക്കു കോണ്‍ഗ്രസ് സീറ്റു നിഷേധിച്ചു. വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ചാണ് കോണ്‍ഗ്രസിനെ ഷോമി ഞെട്ടിച്ചത്. കോട്ടപ്പുറം ഡിവിഷനില്‍ നറുക്കെടുപ്പിലാണ് വിജയിയെ കണ്ടെത്തിയത്. കോണ്‍ഗ്രസും ബി.ജെ.പിയും തുല്യവോട്ടുകള്‍ നേടി. നറുക്കെടുപ്പില്‍ വിജയം ബി.ജെ.പിയ്ക്കായിരുന്നു. ഒന്‍പതു മാസം മുമ്പ് ചുമതലയേറ്റ പുതിയ ഡി.സി.സി. പ്രസിഡന്‍റാണ് ജോസഫ് ടാജറ്റ്. കോര്‍പറേഷന്‍ വിജയത്തിന്‍റെ ശില്‍പിയായി ടാജറ്റ് മാറി.
കേന്ദ്രമന്ത്രി സുരേഷ് ഗോപി ജയിച്ച ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോര്‍പറേഷന്‍ മേഖലയിലുണ്ടാക്കിയ ബി.ജെ.പി. മുന്നേറ്റം ഈ തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായില്ല. വനിതാ മേയറാണ് ഇക്കുറി. മുതിര്‍ന്ന വനിതാ അംഗങ്ങളായ ഒട്ടേറെ പേര്‍ മേയര്‍ പട്ടികയിലുണ്ട്. ഭൂരിപക്ഷമുള്ളതിനാല്‍ കോണ്‍ഗ്രസിന് സ്വതന്ത്രമായി തീരുമാനിക്കാം മേയറേയും ഡപ്യൂട്ടി മേയറേയും.