പാലക്കാട് നഗരസഭയിൽ ഹാട്രിക് ഭരണം ലക്ഷ്യമിട്ട് ബിജെപിക്ക് കുരുക്കിടാൻ യുഡിഎഫും എല്‍ഡിഎഫും. സ്വതന്ത്രനു പിന്തുണ നൽകി ഭരണം പിടിക്കാൻ ആണ് നിർണായക നീക്കം. ജില്ലയിൽ തിരക്കിട്ട ചർച്ചകൾ തുടങ്ങി. 4 സിറ്റിംഗ് സീറ്റുകൾ നഷ്ടപ്പെട്ടെങ്കിലും 25 എണ്ണം നേടി കോട്ട പിടിച്ചു നിർത്തിയിട്ടുണ്ട്. ബിജെപി. വിഭാഗീയതയും തർക്കങ്ങളും അതിജീവിച്ചു ഏറ്റവും വലിയ ഒറ്റകക്ഷി. കഴിഞ്ഞ തവണത്തേക്കാൾ 3 സീറ്റുകൾ കുറവ്. കേവല ഭൂരിപക്ഷത്തിനു 2 സീറ്റുകൾ കൂടി വേണമെന്നിരിക്കെ മാരത്തൺ ചർച്ചയും ആഘോഷങ്ങളും തുടങ്ങിയിട്ടുണ്ട്.
18 സീറ്റുമായി യുഡിഎഫും 9 സീറ്റുമായി എൽ.ഡി.എഫും നിലമെച്ചപ്പെടുത്തിയപ്പോൾ അണിയറയിൽ നഗരസഭാ ഭരണത്തിനുള്ള കരു നീക്കങ്ങൾ തുടങ്ങി. 48 വാർഡിൽ നിന്ന് ജയിച്ച കോൺഗ്രസ് വിമതൻ എച്ച്.റഷീദിനെ പിന്തുണച്ചു ബിജെപിയെ താഴേയിറക്കാനാണ് ശ്രമം. മതേതര മുന്നണിയ്ക്ക് വേണ്ടി സഹകരിക്കുമെന്ന് എച്ച്.റഷീദ് മനോരമ ന്യൂസിനോട് പറഞ്ഞു. യോജിച്ചു നീങ്ങുമെന്ന് വി കെ ശ്രീകണ്ഠൻ എംപിയും സൂചന നൽകി.
സിപിഎമ്മും കോൺഗ്രസും ജനഹിതം മാനിക്കണമെന്ന് ബിജെപി . ജില്ലാ കമ്മിറ്റി യോഗത്തിനുശേഷമാകും വിഷയത്തിൽ എൽഡിഎഫ് നിലപാട് പറയുക. ഇരു നീക്കങ്ങളെയും പ്രതിരോധിക്കാൻ ആർഎസ്എസും പണി തുടങ്ങിയിട്ടുണ്ട്.