തൃശൂരിൽ തിരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം രണ്ടു സ്ഥലങ്ങളിൽ ആക്രമണം.വരവൂരിൽ സിപിഎം പ്രവർത്തകനെ വീടുകയറി മർദിച്ചു.വടക്കാഞ്ചേരി അമ്പലപുരത്ത് യുഡിഎഫ് വനിതാ സ്ഥാനാർത്ഥിയുടെ വീടിന് നേരെയും ആക്രമണം.
തൃശൂർ വരവൂരിൽ ഇലക്ഷന്റെ വിജയാഹ്ലാദ പ്രകടനത്തിനിടെ വീടിനുമുന്നിൽ പടക്കം പൊട്ടിച്ചു എന്ന് ആരോപിച്ച് ആയിരുന്നു സിപിഎം പ്രവർത്തകനും കുടുംബത്തിനും നേരെ മർദ്ദനം ഉണ്ടായത്. വരവൂർ നടത്തറ സ്വദേശി സന്ദീപിന്റെ വീടിനു നേരെയാണ് ആക്രമണം. ഇന്നലെ രാത്രി പത്തരയോടെയാണ് നാലംഗ സംഘം വീട്ടിൽ അതിക്രമിച്ച് കയറി മർദ്ദിച്ചത്. പരുക്കേറ്റവർ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. ആക്രമണത്തിന് പിന്നിൽ കോൺഗ്രസുകാരാണെന്ന് കുടുംബം ആരോപിച്ചു.
വടക്കാഞ്ചേരി അമ്പലപുരത്തും യുഡിഎഫ് വനിതാ സ്ഥാനാർത്ഥിയുടെ വീടിന് നേരെ ആക്രമണം ഉണ്ടായി. മണക്കുളം ഡിവിഷനിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ലളിതയുടെ വീടിന് നേരെയാണ് ആക്രമണം.സിറ്റൗട്ടിലേക്ക് മാലപ്പടക്കം എറിയുകയും, ചെടിച്ചട്ടികൾ എറിഞ്ഞു തകർക്കുകയും ചെയ്തു. കാർ പോർച്ചിൽ നിർത്തിയിട്ട കാറിനും കേടുപാടുകൾ സംഭവിച്ചു. ലളിത തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരുന്നു. സംഭവത്തിന് പിന്നിൽ എതിർ പാർട്ടിയിൽ ഉള്ളവരാണെന്ന് ലളിത ആരോപിച്ചു.