തൃശൂരില്‍ എന്തിലും ഇപ്പോള്‍ പൂരമാണ്. നടപ്പിലും നോട്ടത്തിലുമെല്ലാം പൂരമയം. പൂരത്തിനു പോകുമ്പോള്‍ ഇടാന്‍ പ്രത്യേക ഡ്രസ് വരെയുണ്ട്. നിറങ്ങളുടെ നീരാട്ട് കാണണമെങ്കില്‍ പൂര പറമ്പില്‍ പോകണമെന്ന് പറയുന്നവരുമുണ്ട്. അക്കൂട്ടത്തില്‍ ഇപ്പോള്‍ ഡിസൈനര്‍ ഷര്‍ട്ടുകളും ഉള്‍പ്പെടും. പൂരവും പൂരനഗരവും ഗജവീരന്മാരെയും എല്ലാം ഷര്‍ട്ടില്‍ വരച്ചുകൊടുത്ത് വരുമാനം ഉണ്ടാക്കുന്ന ഒരു മിടുക്കിയുണ്ട് തൃശൂരില്‍.
ദിവ്യക്ക് എല്ലാം വരയാണ്, ചായം കൂട്ടിയെടുത്ത് കൈവിരലുകള്‍ കൊണ്ട് മായാജാലം കാണിക്കുന്ന ഈ തൃശൂര്‍ക്കാരി ഇപ്പോള്‍ ഭയങ്കര തിരക്കിലാണ്, തൃശൂര്‍ പൂരത്തിന് കുറെയേറെ വര്‍ക്ക് ദിവ്യയെ തേടി എത്തിയിട്ടുണ്ട്. തന്‍റെ ഇരുപത്തി രണ്ടാമാത്തെ വയസില്‍ ടാറ്റു സ്റ്റുഡിയൊ തുടങ്ങിയ ദിവ്യ അതിന് മുന്‍പു തന്നെ ഷര്‍ട്ടില്‍ പെയിന്‍റിംഗ് ചെയ്ത് വരുമാനം ഉണ്ടാക്കിയിരുന്നു. പൂരത്തെ ബന്ധപ്പെടുത്തി ഷര്‍ട്ടില്‍ എന്തെങ്കിലും വരയ്ക്കാമോ എന്ന് ഒരു കസ്റ്റമര്‍ മെസ്സേജ് അയച്ചപ്പോള്‍ ദിവ്യ വരച്ചു കൊടുത്തു. വരച്ചത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റും ചെയ്തു, പിന്നെ ആള്‍ക്ക് നിന്ന് തിരിയാന്‍ സമയം കിട്ടിയിട്ടില്ല.
വടക്കുംനാഥക്ഷേത്രവും ചെണ്ടക്കാരും ആനയും ഒക്കെ കൂടിയ ഒരു അടിപൊളി ഐറ്റമാണിത്. കുറഞ്ഞത് രണ്ട് ദിവസമെങ്കിലും വേണം ഒരു ഷര്‍ട്ടിന്‍റെ വര്‍ക്ക് പൂര്‍ത്തിയാക്കാന്‍, പൂര നഗരിയില്‍ ഈ പ്രാവിശ്യം ദിവ്യയുടെ കരവിരുതില്‍ തയ്യാറായ ചിത്രങ്ങളോടുകൂടിയ ഷര്‍ട്ടുകളും കാണും. എല്ലാം പൂരമാകുമ്പോള്‍ വേഷത്തിലെന്തിനാ കുറയ്ക്കുന്നത്.