തൃശൂര്‍ പൂരം കലക്കിയതില്‍ ഒന്നാംപ്രതി അന്നത്തെ കലക്ടര്‍ വി.ആര്‍.കൃഷ്ണതേജയാണെന്ന് സി.പി.ഐ. നേതാവ് വി.എസ്.സുനില്‍കുമാര്‍. തിരുവമ്പാടി ദേവസ്വത്തെ പ്രതിയാക്കിയുള്ള അന്വേഷണ റിപ്പോര്‍ട്ടിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് തൃശൂര്‍ ഡി.സി.സി. പ്രസിഡന്‍റ് ജോസഫ് ടാജറ്റ്. പൂരം കലക്കല്‍ അന്വേഷണ റിപ്പോര്‍ട്ടിന്‍മേല്‍ ചൂടന്‍ ചര്‍ച്ചകള്‍ തുടരുന്നു.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഫലംവന്നശേഷം സി.പി.ഐ. നേതാവ് വി.എസ്.സുനില്‍കുമാറാണ് പൂരം കലക്കല്‍ വിവാദത്തിന് തുടക്കമിട്ടത്. പൂരം കലക്കല്‍ രാത്രിയില്‍ ബി.ജെ.പിയുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നതായി സുനില്‍കുമാര്‍ ആരോപിച്ചിരുന്നു. ക്രൈംബ്രാഞ്ചിന്‍റെ അന്വേഷണ റിപ്പോര്‍ട്ടില്‍ തിരുവമ്പാടി ദേവസ്വത്തെ പഴിചാരുന്നുവെന്ന വാദത്തോട് സുനില്‍കുമാറിന് യോജിപ്പില്ല. തിരുവമ്പാടി ദേവസ്വത്തെ വെറുതെ വിടണമെന്നാണ് സുനില്‍കുമാറിന്‍റെ അഭിപ്രായം.
അന്നത്തെ പൂരക്കാലം തിരഞ്ഞെടുപ്പ് വിജ്ഞാപനം നിലനില്‍ക്കുമ്പോഴായിരുന്നു. മന്ത്രിമാര്‍ക്കോ ജനപ്രതിനിധികള്‍ക്കോ പൂരം സംഘാടനത്തില്‍ റോളില്ലായിരുന്നു. കലക്ടറും കമ്മിഷണറുമായിരുന്നു നടത്തിപ്പുകാര്‍. പൂരം കലക്കാന്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നതായി സുനില്‍കുമാര്‍ വീണ്ടും ആരോപിച്ചു. അതേസമയം, തിരുവമ്പാടി ദേവസ്വത്തെ പഴിചാരിയുള്ള അന്വേഷണ റിപ്പോര്‍ട്ട് തയാറാക്കിയതിനു പിന്നില്‍ വ്യക്തമായ ഗൂഢാലോചനയുണ്ടെന്ന് ഡി.സി.സി. പ്രസിഡന്‍റ് ജോസഫ് ടാജറ്റ് ആരോപിച്ചു.
പൂരം കലക്കാന്‍ കൂട്ടുനിന്നിട്ടില്ലെന്നാണ് അന്നും ഇന്നും തിരുവമ്പാടി ദേവസ്വത്തിന്‍റെ നിലപാട്.
സിറ്റി പൊലീസ് കമ്മിഷണര്‍ അങ്കിത് അശോക് പൂരം സംഘാടനത്തിനു യോഗം വിളിച്ചു തൊട്ടേ തുടങ്ങിയിരുന്നു ദേവസ്വങ്ങളുമായുള്ള അസ്വസ്ഥത. മാധ്യമ പ്രവര്‍ത്തകരുടെ യോഗത്തില്‍ കമ്മിഷണര്‍ കണിശക്കാരനായിരുന്നു. പൂരം നടത്തിപ്പില്‍ പൊലീസും ദേവസ്വങ്ങളും എതിര്‍ ചേരിയിലായതോടെ തുടങ്ങിയ പ്രശ്നമാണ് രാത്രിയില്‍ പൊട്ടിത്തെറിച്ചത്. പൊലീസിനെ വെള്ളപൂശാനായിരുന്നു ക്രൈംബ്രാഞ്ചിന്‍റെ മൊഴിയെടുക്കലും അന്വേഷണവും.