പുലിപ്പല്ലുമായി റാപ്പർ വേടനെ പിടികൂടിയതു മുതൽ സജീവമാണ് വയനാട് കലക്ടറുടെ ഓഫിസിലെ ആനക്കൊമ്പിനെക്കുറിച്ചുള്ള ചർച്ച. വേടൻ ജാമ്യം കിട്ടി പുറത്തിറങ്ങിയെങ്കിലും ജില്ലാ ആസ്ഥാനത്തെ കൊമ്പ് വിവാദം കെട്ടടങ്ങിയിട്ടില്ല. വേടനോട് കാണിച്ച കണിശത ആനക്കൊമ്പിൽ കാണിക്കുമോ എന്നതാണ് സമൂഹമാധ്യമങ്ങളിലെ ചോദ്യം.
കലക്ട്രേറ്റിലെ ആനക്കൊമ്പിനു പിന്നിലെ കഥയെന്താണ്?, ആനക്കൊമ്പ് സൂക്ഷിക്കാനും പ്രദർശിപ്പിക്കാനും അനുമതിയുണ്ടോ..?
1995ലാണ് കലക്ടറുടെ ചേംബറിൽ ആനക്കൊമ്പ് സ്ഥാപിച്ചത്. മുൻ കലക്ടർ മൈക്കിൾവേദ ശിരോമണിയാണ് ആശയം വനംവകുപ്പിനു മുന്നിൽ അവതരിപ്പിച്ചത്. അതിനു പിന്നിൽ ഒരു ജീവന്മരണ പോരാട്ടത്തിന്‍റെ കഥയുണ്ട്. 1990ൽ പുൽപ്പള്ളിക്കടുത്ത് ചേകാടിയിലെ കാട്ടാനയാക്രമണം പരിശോധിക്കാൻ ചെന്ന കലക്ടർ മൈക്കിൾവേദ ശിരോമണിയുടെ സംഘത്തെ ഒറ്റയാൻ ആക്രമിച്ചു. സംഘം സഞ്ചരിച്ച ജീപ്പ് കൊമ്പൻ മറിച്ചിട്ടു. കലിതീരാതെ ആന പരാക്രമം തുടർന്നു. തലനാരിയഴ്ക്ക് രക്ഷപ്പെട്ട കലക്ടർ എങ്ങിനെയോ തിരിച്ചു കൽപ്പറ്റയിലെത്തി. മരണം മുഖാമുഖം കണ്ട ദിവസത്തെ ഓർമയ്ക്കാണ് കലക്ട്രേറ്റ് ചേംബറിൽ ആനക്കൊമ്പ് വെക്കാൻ മൈക്കിൾവേദ ശിരോമണിക്ക് തോന്നിയത്. വനംവകുപ്പിന് കത്തെഴുതി കാര്യം അറിയിച്ചു. രണ്ട് കൊമ്പുകൾ തിരുവനന്തപുരത്ത് നിന്ന് വയനാടെത്തിച്ചു. ചേംബറിൽ പ്രദർശിപ്പിക്കാൻ പ്രത്യേക അനുമതിയും വനം വകുപ്പ് നൽകി. ഡിസംബര്‍ 21നായിരുന്നു അനുമതി ഉത്തരവ് ലഭിച്ചത്.
വേദശിരോമണിക്കു ശേഷം കലക്ടറായ വിശ്വാസ് മേത്തയുടെ കാലത്താണ് ആനക്കൊമ്പിനായി ഡിസൈന്‍ ചെയ്ത ചട്ടം നിര്‍മിച്ചത്. പോഡാർ പ്ലാന്‍റേഷൻ ചെയർമാനായിരുന്ന അശോക് പോഡാറുടെ ചെലവിലായിരുന്നു നിര്‍മാണം. എറണാകുളത്ത് നിന്നും എത്തിയ തച്ചന്മാര്‍ ഈട്ടിത്തടിയിലാണ് ആനക്കൊമ്പുകള്‍ ഘടിപ്പിച്ചത്. പിന്നീടത് കലക്ടറുടെ കസേരയോട് ചേർന്ന് പിന്നിൽ സ്ഥാപിച്ചു.
കൊമ്പ് പ്രദർശിപ്പിച്ചതിനെച്ചൊല്ലി വൻ വിവാദമാണ് ഉയര്‍ന്നത്. എന്തടിസ്ഥാനത്തിലാണ് കലക്ടറുടെ ചേംബറിൽ ആനക്കൊമ്പ് വച്ചത്, വനംവകുപ്പ് എന്തിന് അനുമതി നല്‍കി തുടങ്ങിയ ചോദ്യങ്ങള്‍ പൊതുസമൂഹത്തില്‍ നിന്ന് ഉയര്‍ന്നു. വിഷയം കോടതി കയറുകയും ചെയ്തു. കൊമ്പ് പ്രദർശിപ്പിക്കാൻ ലൈസൻസ് നൽകിയിട്ടില്ലെന്ന് വനം വകുപ്പ് വിവരാവകാശ അപേക്ഷയ്ക്ക് മറുപടി കൂടി നൽകിയതോടെ രംഗം കൊഴുത്തു. 2012 ൽ ചെതലയം സ്വദേശി കുഞ്ഞിമുഹമ്മദ് നൽകിയ അപേക്ഷയിലായിരുന്നു മറുപടി.
കൊമ്പിനെച്ചൊല്ലിയുള്ള ചർച്ച കാടുകയറുന്നത് ഇതാദ്യമല്ല എന്നാണ് ചുരുക്കം. വന്യജീവി നിയമം എല്ലാവർക്കും ഒരുപോലെയെന്ന് നിർവചിക്കാൻ ചേംബറിലെ കൊമ്പൊരു വിഷയമാക്കേണ്ടതില്ലെന്നാണ് ഒരു കൂട്ടരുടെ വാദം. എന്തായാലും വേടൻ മാറി മറ്റു വിവാദങ്ങൾ വന്നാലും കലക്ടറേറ്റിലെ കൊമ്പ് കുറേക്കാലത്തേക്ക് വിവാദങ്ങളുടെ ഭാഗമായി ഉണ്ടാകും എന്നുറപ്പ്...