വയനാട്ടിലെ പാർട്ടി ശക്തി കേന്ദ്രമായ പുൽപ്പള്ളി പഞ്ചായത്തിൽ പരാജയപ്പെട്ടതിനെ ചൊല്ലി കോൺഗ്രസിൽ പൊട്ടിത്തെറി. കെപിസിസി ജനറൽ സെക്രട്ടറി ഇടപെട്ട് പെയ്മെൻ്റ് സീറ്റുകൾ നൽകി പാർട്ടിയെ തോൽപ്പിച്ചെന്ന് അച്ചടക്ക നടപടിക്ക് വിധേയരായ നേതാക്കൾ ആരോപിച്ചു. സിപിഎം നേതൃത്വം പോലും കണക്കുകൂട്ടാത്ത അപ്രതീക്ഷിത വിജയമാണ് പുൽപ്പള്ളി പഞ്ചായത്തിൽ എൽഡിഎഫിനുണ്ടായത്.
കോൺഗ്രസിൻ്റെ ഉറച്ച കോട്ട തകർന്നതിന് പിന്നിലെ വിഭാഗീയത അക്കമിട്ട് നിരത്തുകയാണ് അച്ചടക്ക നടപടി നേരിട്ട പ്രാദേശിക നേതാക്കൾ. കെപിസിസി ജനറൽ സെക്രട്ടറി കെ.എൽ.പൗലോസ് ഉൾപ്പെട്ട നേതാക്കൾ പ്രതിപക്ഷ നേതാവിൻ്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ പോലും ഹൈജാക്ക് ചെയ്തെന്ന് ആരോപണം.
കാലുവാരലും വെട്ടിനിരത്തലും നടത്തി പാർട്ടിയെ ദുർബലപ്പെടുത്തി. വാർഡുകളിൽ പുറത്ത് നിന്നുള്ള സ്ഥാനാർഥികളെ കൊണ്ടുവന്നു. പലതും പെയ്മെൻ്റ് സീറ്റുകളായിരുന്നു. വിശദീകരണം പോലും ചോദിക്കാതെയാണ് ഏഴ് പ്രാദേശിക നേതാക്കളെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. കെപിസിസി ജനറൽ സെക്രട്ടറിക്കും മണ്ഡലം പ്രസിഡൻ്റിനും മുൻ പഞ്ചായത്ത് പ്രസിഡൻ്റിനും എതിരെ പാർട്ടിതല നടപടി വേണമെന്നും ഇവർ ആവശ്യപ്പെട്ടു.