വയനാട് നൂൽപ്പുഴ വള്ളുവാടിയിലെ വനാതിർത്തിയിൽ സ്ഥാപിച്ച സോളാർ തൂക്കുവേലി തകർത്ത് കാട്ടാനകളുടെ വിളയാട്ടം. ഒരുകിലോമീറ്ററിനുള്ളിൽ നാലിടങ്ങളിലെ തൂക്കുവേലി തകർത്തു. കൃഷി ചെയ്യാൻ കഴിയാതെ ദുരിതത്തിലാണ് കർഷകർ.

 

കർഷകർ ഏറെ പ്രതീക്ഷയോടെ നോക്കിക്കണ്ട വനാതിർത്തിയിലെ സോളാർ തൂക്ക് വേലികൊണ്ട് ഒരു പ്രയോജനവും ഇല്ലാത്ത അവസ്ഥയാണ്. കമ്പികൾ തൂക്കിയിട്ട് നിർമ്മിച്ച ഫെൻസിങ് കാട്ടാനകൾ മറികടക്കില്ലെന്നായിരുന്നു വിശ്വാസം. ഫെൻസിങ് സ്ഥാപിച്ച് ആദ്യകാലങ്ങളിൽ പദ്ധതി ഏറെകുറെ വിജയമായിരുന്നു. എന്നാൽ, കാട്ടാനകൾ വേലിയുടെ മുകളിലേക്ക് മരം മുറിച്ചിട്ടും താങ്ങുകാലുകൾ ചവിട്ടിഒടിച്ചും നിരന്തരം കൃഷിയിടങ്ങളിൽ ഇറങ്ങുകയാണ്. വടക്കനാട്, പള്ളിവയൽ, വള്ളുവാടി മേഖലകളിലാണ് കാട്ടാന ശല്യം രൂക്ഷം. 

 

ഫെൻസിങ്ങിലേക്ക് വൈദ്യുതി കൃത്യമായി ചാർജ്ജ് ചെയ്യുന്നുണ്ടോയെന്ന സംശയവും കർഷകർ ഉന്നയിക്കുന്നുണ്ട്. ശല്യക്കാരായ ആനകളെ തുരത്താൻ വനംവകുപ്പ്  ഇടപെടൽ ശക്തമാക്കണം എന്നാണ് ആവശ്യം. നടപടികൾ ഉണ്ടായില്ലെങ്കിൽ കർഷകർ സംഘടിച്ച് സമരത്തിലേക്ക് നീങ്ങുമെന്നാണ് മുന്നറിയിപ്പ്.

ENGLISH SUMMARY:

Wayanad wild elephant menace is escalating as solar fences are being destroyed, leading to significant crop damage and farmer distress. Farmers are facing immense hardship due to the failure of solar fencing meant to deter elephants, necessitating urgent intervention from the forest department.