വയനാട് പനമരം ജനവാസ മേഖലയില്‍ ഇറങ്ങി ഭീതി പരത്തിയ കടുവ മൂന്നാം ദിവസം കാടുകയറി. കടുവയുടെ കാല്‍പ്പാടുകള്‍ പരിശോധിച്ചാണ് പാതിരിയമ്പം വനത്തിലേക്ക് കടുവ തിരിച്ചുകയറിയതായി വനം വകുപ്പ് സ്ഥിരീകരിച്ചത്.
പനമരം മേച്ചേരിയിലെ റോഡിലും സമീപത്തെ വയലിലും കണ്ട കടുവയുടെ കാല്‍പ്പാടുകളാണ് ഇന്നത്തെ ദൗത്യത്തില്‍ നിര്‍ണായകമായത്. ഈ കാല്‍പ്പാടുകള്‍ പിന്തുടര്‍ന്ന് വനപാലകര്‍ എത്തിയത് പാതിരിയമ്പം വനത്തില്‍. റോഡുകളും പുഴയും വയലുകളും താണ്ടി, വന്ന വഴിക്ക് തന്നെ കടുവ തിരിച്ചുകയറിയെന്നാണ് സൂചനകള്‍. കാടുകയറിയെന്ന് വനംവകുപ്പ് ഉറപ്പിച്ചതോടെ മൂന്ന് ദിവസമായി തുടര്‍ന്ന പനമരം, കണിയാമ്പറ്റ പ്രദേശങ്ങളിലെ കടുവാഭീതി ഒഴിഞ്ഞു.
അഞ്ചുവയസുള്ള ആണ്‍കടുവയാണ് പ്രദേശത്ത് കറങ്ങിനടന്നത്. കാട്ടിലേക്ക് തുരത്തുന്നതിനിടെ വയലിലൂടെ കടുവ ഓടിയത് ഇന്നലെ പ്രദേശത്ത് വലിയ ആശങ്ക പരത്തിയിരുന്നു. നൂറോളം വരുന്ന വനപാലകര്‍ക്ക് ഒപ്പം തെര്‍മല്‍ ഡ്രോണുമായി ആര്‍ആര്‍ടി സംഘവും ദൗത്യത്തിന്‍റെ ഭാഗമായി. പാതിരിയമ്പം വനമേഖലയില്‍ ക്യാമറ ട്രാപ്പുകള്‍ സ്ഥാപിച്ച് നിരീക്ഷണം തുടരും. മയക്കുവെടിവച്ച് പിടികൂടാനുള്ള നടപടികളിലേക്ക് പോകാതിരുന്നത് വനപാലകര്‍ക്കും ആശ്വാസമായി.